വാഹനം പണയപ്പെടുത്തി തട്ടിപ്പ്: യുവാവ് അറസ്റ്റിൽ

സജൻ സാബു
കൂത്താട്ടുകുളം
സുഹൃത്തുക്കളിൽനിന്ന് സ്വകാര്യ ആവശ്യങ്ങൾക്കായി വാങ്ങിയ വാഹനങ്ങൾ തിരികെ നൽകാതെ പണയപ്പെടുത്തിയും വ്യാജരേഖകളുണ്ടാക്കി വിൽപ്പന നടത്തിയും കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ യുവാവ് പിടിയിൽ. കിടങ്ങൂർ വെങ്ങപ്പള്ളിൽ സജൻ സാബുവിനെയാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.
തട്ടിപ്പ് പുറത്തായതോടെ ഒളിവിൽപോയ പ്രതിക്കായി പോലീസ് കർണാടകയിലും തിരച്ചിൽ നടത്തിയിരുന്നു. തിരുമാറാടി പഞ്ചായത്തിലെ ഒലിയപ്പുറത്ത് ഭാര്യവീട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ സൗഹൃദംനടിച്ച് വിവിധ ആവശ്യങ്ങൾ പറഞ്ഞാണ് ഇയാൾ വാഹനങ്ങൾ കൈക്കലാക്കിയത്. പിന്നീട് തിരികെ നൽകാതെ ഒഴിഞ്ഞുമാറിയതോടെയാണ് തട്ടിപ്പിനിരയായവർ പോലീസിനെ സമീപിക്കുന്നത്.
40,000 രൂപ മുതൽ രണ്ട് ലക്ഷം രൂപവരെ വാങ്ങിയാണ് ഇയാൾ വാഹനങ്ങൾ പണയം വച്ചിരുന്നതെന്ന് പരാതിക്കാർ പറയുന്നു. മുപ്പത്തിയഞ്ചിലധികം വാഹനങ്ങൾ ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്തതായാണ് വിവരം. പരാതിക്കാരുടെ വാട്‌സ്ആപ്പ് കൂട്ടായ്മവഴി ശേഖരിച്ച കണക്കുകൾ പ്രകാരം, വ്യാജ തിരിച്ചറിയൽ രേഖകളും ഡ്യൂപ്ലിക്കേറ്റ് താക്കോലുകളും നിർമിച്ചാണ് വാഹനങ്ങൾ സ്വകാര്യ ഫിനാൻസ് കമ്പനികളിൽ പണയം വച്ചിരുന്നത്. പാലക്കുഴ സ്വദേശിയുടെ തിരിച്ചറിയൽ രേഖകൾ തിരുത്തി വ്യാജരേഖ ചമച്ചതായും കണ്ടെത്തിയിട്ടുണ്ട്. ചില വാഹനങ്ങൾ സംസ്ഥാനത്തിന് പുറത്തുള്ള പൊളി മാർക്കറ്റുകളിലേക്ക് കടത്തിയതായും സൂചനയുണ്ട്.
സുഹൃത്തുക്കളിൽനിന്ന് വിവിധ ആവശ്യങ്ങൾക്കെന്നുപറഞ്ഞ് വാങ്ങിയായിരുന്നു തട്ടിപ്പ്








0 comments