ചെടികൾ നനയ്ക്കാൻ സെൻസറുമായി നിയ

മൂവാറ്റുപുഴ
യാത്ര കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ മുറ്റത്തെ ചെടികൾ വാടിക്കരിഞ്ഞുനിൽക്കുന്ന കാഴ്ച ഇനി വേണ്ട. മണ്ണിലെ ഈർപ്പം കുറഞ്ഞാൽ ചെടികൾക്ക് ആവശ്യമായ വെള്ളമെത്തും. അന്തരീക്ഷത്തിലെ ഈർപ്പവും താപനിലയും തിരിച്ചറിഞ്ഞ് അനുയോജ്യമായ സാഹചര്യം ഒരുക്കുകയും ചെയ്യും.
ചെടികളുടെ പരിചരണം സ്മാർട്ടാക്കുന്ന ഈ സാങ്കേതികവിദ്യയുമായാണ് എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാർഥിനി നിയ റോസ് ശ്രദ്ധ നേടുന്നത്. ‘സ്മാർട്ട് സെൻസർ: ഗ്രീനർ ടുമോറോ' പ്രോജക്ടിലൂടെയാണ് നിയ വേറിട്ട പരീക്ഷണം അവതരിപ്പിച്ചത്. മണ്ണിലെയും അന്തരീക്ഷത്തിലെയും ഈർപ്പം തിരിച്ചറിഞ്ഞ് ആവശ്യാനുസരണം വെള്ളം സ്പ്രേ ചെയ്യുന്നതാണ് സംവിധാനത്തിന്റെ പ്രത്യേകത.
അന്തരീക്ഷത്തിലെ താപനില, ആർദ്രത, വായുവിന്റെ ഗുണനിലവാരം എന്നിവ തത്സമയം വിലയിരുത്താൻ സെൻസറുകൾ സംവിധാനത്തിലുണ്ട്. ഇവയിൽനിന്നുള്ള വിവരങ്ങൾ ക്രോഡീകരിച്ച് പ്രവർത്തിക്കുന്നത് കേന്ദ്ര മൈക്രോ കൺട്രോളർ യൂണിറ്റാണ്. മണ്ണിന്റെയും അന്തരീക്ഷത്തിന്റെയും അവസ്ഥയ്ക്കനുസരിച്ച് മോട്ടോർപമ്പുകളും മിസ്റ്റ് ഹ്യുമിഡിഫയറും സ്വയം പ്രവർത്തിക്കും. തത്സമയ വിവരങ്ങൾ എൽസിഡി സ്ക്രീനിലൂടെ എളുപ്പത്തിൽ അറിയാനും കഴിയും.








0 comments