print edition മരുന്നുസംഭരണം അട്ടിമറിക്കും; കെഎംഎസ്‌സിഎല്ലിൽ സമാന്തര ഭരണനീക്കം

സ്വന്തം ലേഖിക
Published on Nov 11, 2026, 01:33 AM | 1 min read
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) വഴിയുള്ള മരുന്നുവിതരണം അട്ടിമറിക്കാൻ സമാന്തര ഭരണ സംവിധാനവുമായി സർക്കാർ. ടെൻഡർ നടപടിയും മെഡിക്കൽ കോർപ്പറേഷൻ ചട്ടവും അഗവണിച്ച് വൻകിട മരുന്നു കമ്പനികളുമായി കൈകോർക്കുകയാണ് ലക്ഷ്യം.
മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനെന്ന പേരിൽ ഒക്ടോബർ 29ന് പ്രത്യേക നിരീക്ഷണ സമിതിയെ നിയോഗിച്ചിരുന്നു. ഇതിനുപുറമെ, ഉപദേശക സമിതി കൂടി രൂപീകരിക്കാനാണ് നീക്കം. സർവീസിൽനിന്ന് വിരമിച്ചവരും സർക്കാർ സംവിധാനത്തിന് പുറത്തുള്ളവരുമാണ് സമിതിയിലുള്ളത്. വിരമിച്ച പൊലീസ് സൂപ്രണ്ട് പി ഗോപകുമാരൻ നായരാണ് നീരിക്ഷണ സമിതിയുടെ തലപ്പത്ത്.
എസ്‌എംഎ മരുന്നുകമ്പനിക്കാർക്കൊപ്പം മന്ത്രി കെ മുരളീധരനെ കണ്ട എസ്‌എടി ഇൻഹൗസ് ഡ്രഗ് ബാങ്ക് ചീഫ് ഫാർമസിസ്റ്റ് എ ബിജുവും അംഗമാണ്. മരുന്നുവിവാദത്തിന് പിന്നാലെ എസ്‌എടി സൂപ്രണ്ടിനെ സ്ഥലംമാറ്റിയെങ്കിലും രോഗികൾക്ക് പരീക്ഷണ ലേബലുള്ള മരുന്ന് നൽകിയ ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തിരുന്നില്ല. ഇതിനുപിന്നാലെയാണ് എല്ലാ ജില്ലയിലും മരുന്നുസംഭരണ ശാലകളിൽ മിന്നൽ പരിശോധന നടത്താൻ അധികാരമുള്ള സമിതിയിൽ ഉൾപ്പെടുത്തിയത്.മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകറെ തലവനാക്കി ഉപദേശക സമിതി രൂപീകരിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തുവന്നിട്ടില്ല.
കെഎംഎസ്‌സിഎൽ എംഡി സ്ഥാനം രണ്ടുമാസമായി ഒഴിഞ്ഞുകിടക്കുകയാണ്. കോർപറേഷന്റെ പ്രവർത്തനം അട്ടിമറിക്കുന്ന സർക്കാർ നീക്കത്തിലുള്ള അതൃപ്തിയിലാണ് ഉദ്യോഗസ്ഥർ സ്ഥാനമേൽക്കാൻ മടിക്കുന്നത്. കെഎംഎസ്‌സിഎല്ലിന്റെ നടപടികളിൽ സുതാര്യതയില്ലെന്ന് വരുത്തുന്ന മന്ത്രി കെ മുരളീധരന്റെ നടപടികളെ എതിർത്ത മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫിനെ സ്ഥലംമാറ്റിയിരുന്നു.








0 comments