ജീവനക്കാരെ പിരിച്ചുവിട്ടു, സ്ഥലംമാറ്റി
ഡിജിറ്റൽ റീസർവേയും പ്രതിസന്ധിയിൽ


സ്വന്തം ലേഖകൻ
Published on Nov 11, 2026, 01:32 AM | 2 min read
ആലപ്പുഴ
ഭൂമിയുടെ രേഖകൾ വിരൽത്തുമ്പിൽ എന്ന ലക്ഷ്യവുമായി എൽഡിഎഫ് സർക്കാർ തുടക്കമിട്ട സമ്പൂർണ ഡിജിറ്റൽ റീസർവേ പദ്ധതി ജില്ലയിൽ ഇഴയുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ഡിജിറ്റൽ സർവേ ജോലികൾ ചെയ്തിരുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. പദ്ധതിക്ക് നേതൃത്വം നൽകിയിരുന്ന വകുപ്പ് ജീവനക്കാരെയും കൂട്ടത്തോടെസ്ഥലം മാറ്റി. ഇതോടെയാണ് പദ്ധതി അവതാളത്തിലായത്. നിലവിൽ ജില്ലയിൽ 32,370 ഹെക്ടർ ഭൂമിയിലാണ് ഡിജിറ്റൽ സർവേ പൂർത്തിയായത്. ജൂലൈ വരെ 30 വില്ലേജുകളിലായി 29,000 ഓളം ഹെക്ടർ ഭൂമിയിൽ റീസർവേ പൂർത്തിയാക്കിരുന്നു. മൂന്നുമാസത്തിനിടെ 3370 ഹെക്ടർ സ്ഥലത്തെ സർവേ പൂർത്തിയാക്കാനേ കഴിഞ്ഞുള്ളൂ. ഇതിൽ ഭൂരിഭാഗവും താൽക്കാലിക ജീവനക്കാർ നടത്തിയ സർവെയാണ്. ജില്ലയിൽ 48 വില്ലേജുകളിലാണ് സർവേ നടത്തുന്നത്. ആദ്യഘട്ടത്തിൽ എട്ട്, രണ്ടാം ഘട്ടത്തിൽ 23, മൂന്നാം ഘട്ടത്തിൽ ഒമ്പത്, നാലാം ഘട്ടത്തിൽ എട്ട് വില്ലേജുകളിലാണ് സർവേ. ‘എന്റെ ഭൂമി’ പോർട്ടൽ മുഖേനയാണ് ഡിജിറ്റൽ റീസർവേ പ്രവർത്തനം. പൂർത്തിയായൽ ആദ്യം കരട് പ്രസിദ്ധീകരിക്കും. തുടർന്ന് അന്തിമവിജ്ഞാപനം പ്രസിദ്ധീകരിച്ചശേഷമാണ് വിവരങ്ങൾ ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ പോർട്ടലിലേക്കായി റവന്യുവകുപ്പിന് കൈമാറുക. തുടർന്ന് വില്ലേജുകളിൽ ഭൂമി സംബന്ധമായ സേവനങ്ങൾ പോർട്ടൽ മുഖേന ഡിജിറ്റലായി ലഭിക്കും. 90 ശതമാനവും പൂർത്തിയാക്കിയത് എൽഡിഎ-ഫ് എൽഡിഎഫ-് സർക്കാരിന്റെ കാലത്ത് ഒന്നാംഘട്ടത്തിൽ പൂർണമായും രണ്ടാംഘട്ടത്തിൽ ഒമ്പത് വില്ലേജുകളിലും ഡിജിറ്റൽ സർവേ പൂർത്തിയാക്കി. പട്ടണക്കാട്, കുത്തിയതോട്, കടക്കരപ്പള്ളി, എഴുപുന്ന, വെളിയനാട്, അരൂർ, ചേർത്തല നോർത്ത്, പുളിങ്കുന്ന്, അമ്പലപ്പുഴ, മാന്നാർ, അർത്തുങ്കൽ, പള്ളിപ്പാട്, ചിങ്ങോലി, തെക്കേക്കര വില്ലേജുകൾ പോർട്ടലിലേക്ക് വിവരങ്ങൾ നൽകി. കീരിക്കാട്, കോടംതുരുത്ത്, ആര്യാട് സൗത്ത് വില്ലേജുകളിൽ കരടും പ്രസിദ്ധീകരിച്ചു. കാർത്തികപ്പള്ളി, ഹരിപ്പാട്, വില്ലേജുകളിലെ 95 ശതമാനം സർവേയും പൂർത്തിയാക്കി. യുഡിഎ-ഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ഇവയുടെ അന്തിമവിജ്ഞാപനം പ്രസിദ്ധീകരിച്ചതല്ലാതെ മറ്റുനടപടി ഉണ്ടായില്ല. പദ്ധതി പാളിയതിന്റെ പേരിൽ നിയമന കച്ചവടം ജൂലൈയിൽ നാലുമാസത്തെ ശമ്പളം കുടിശ്ശികയായിരിക്കെയാണ് ജില്ലയിൽ 161 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത്. 66 കൺട്രോൾ സർവേയർമാരും 95 ഹെൽപ്പർമാരുമാണ് പുറത്തായത്. വകുപ്പിലെ സ്ഥിരംസർവേയർമാരെ ഉപയോഗിച്ച് പദ്ധതി പൂർത്തിയാക്കാനായിരുന്നു സർക്കാർ നീക്കം. ഇതിന്റെ ഭാഗമായി 19 സർവേയർമാരെയും രണ്ട് ഹെഡ് സർവേയർമാരെയും ജില്ലയിൽ നിയോഗിച്ചു. എന്നാൽ മൂന്ന് മാസത്തിനിടെ പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാനായില്ല. ഇതോടെ പിരിച്ചുവിട്ട താൽക്കാലിക കൺട്രോൾ സർവേയർമാരിൽ 32 പേരെ തിരിച്ചെടുക്കാൻ തീരുമാനിച്ചു. ഹെൽപ്പർമാരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. സർക്കാരിന്റെ വീഴ്ച മറയാക്കി നിയമനത്തിൽ രാഷ്ട്രീയ ഇടപെടലിനും വഴിയൊരുങ്ങുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ കോൺഗ്രസ് നേതാക്കളും കോൺഗ്രസ് അനുകൂല സർക്കാർ സംഘടനകളും രംഗത്തിറങ്ങി. നിയമനം ലഭിക്കാൻ ഉദ്യോഗാർഥികളിൽനിന്ന് പണം ഈടാക്കുന്നുവെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പദ്ധതി നടത്തിപ്പിലെ വീഴ്ച പരിഹരിക്കുന്നതിന് പകരം നിയമനങ്ങൾ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന വിമർശനവും പ്രതിഷേധവും ഉദ്യോഗസ്ഥർക്കുമുണ്ട്.








0 comments