Deshabhimani

print edition ഹിമാചലിന്റെ കരാറിലും കമീഷനടിക്കേണ്ട; വേണുഗോപാലിന്‌ സതീശന്റെ ഷോക്ക്‌

VD SATHEESAN KC Venugopal.jpg
avatar
പ്രത്യേക ലേഖകൻ

Published on Nov 11, 2026, 01:47 AM | 1 min read

തിരുവനന്തപുരം : ജിഎൻഎകരാർ ഇല്ലെങ്കിൽ ഹിമാചൽ കാരാറും വേണ്ടെന്ന കടുംപിടുത്തത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ. സ്വയം ഹൈക്കമാൻഡ്‌ ചമയുന്ന കെ സി വേണുഗോപാലിനെ ‘ഷോക്ക്‌’ അടിപ്പിക്കാനാണ്‌ ഇ‍ൗ നീക്കം. ജിഎൻഎ കരാറിൽ മാത്രമല്ല, ഹിമാചലിനും യൂണിറ്റിന്‌ രണ്ടു രൂപ കമീഷനുണ്ടെന്ന്‌ മുഖ്യമന്ത്രി നേരത്തെ വാർത്താസമ്മേളനത്തിൽ തമാശയായി പറഞ്ഞിരുന്നു. ഹിമാചൽ കമീഷൻ ഏത്‌ പോക്കറ്റിലേക്കാണ്‌ പോകുന്നതെന്ന സൂചനയാണ്‌ സതീശൻ നൽകിയത്‌.


ഹിമാചലിൽനിന്ന്‌ വൈദ്യുതി എത്തിക്കാൻ മുഖ്യമന്ത്രി സുഖ്‌വീന്ദർ സുഖുവിനെ കെ സി വേണുഗോപാൽ ബന്ധപ്പെട്ടെന്ന പ്രചാരണം കോൺഗ്രസുകാരിൽ ചിലർതന്നെ വ്യാപകമായി നടത്തിയിരുന്നു. സംഘടനാതലത്തിലും എംഎൽഎമാരുടെ ഭൂരിപക്ഷത്തിലും ശക്തനായ വേണുഗോപാൽ, സതീശനെ വെട്ടി മുഖ്യമന്ത്രിയാകാൻ പണിതുടങ്ങി എന്നുവരെ വ്യാഖ്യാനങ്ങളുണ്ടായി.


സംസ്ഥാനം ഇരുട്ടിലായാലും സാരമില്ല വേണുഗോപാലിനെ തടയുക എന്നതാണ്‌ സതീശന്റെ പ്രധാന അജൻഡ. അതിന്‌ മുന്നോടിയായാണ്‌ വൈദ്യുതി ക്ഷാമമുണ്ടെന്ന കൃത്രിമ റിപ്പോർട്ടുണ്ടാക്കിയത്‌ അന്വേഷിക്കണമെന്ന തീരുമാനം എടുത്തത്‌. കെഎസ്‌ഇബിയുടെ പുതിയ ചെയർമാന്റെ റിപ്പോർട്ടിൽ, വൈദ്യുതിക്ഷാമം ഉണ്ടെന്നത്‌ തെറ്റാണെന്നും ആവശ്യമെങ്കിൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാണെന്നും പറഞ്ഞിട്ടുണ്ട്‌.


ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കം അവസാനിപ്പിച്ചതിനേക്കാൾ വലിയ രാഷ്ട്രീയ പ്രത്യാഘാതമാണ് ജിഎൻഎ വിവാദം കോൺഗ്രസിൽ സൃഷ്ടിച്ചത്. വൈദ്യുതി മന്ത്രിയും കെഎസ്ഇബിയും ഹിമാചൽ നിർദേശത്തെ പിന്തുണച്ചപ്പോൾ മുഖ്യമന്ത്രി ഒറ്റയ്ക്ക്‌ ജിഎൻഎയ്‌ക്ക്‌ വേണ്ടി രംഗത്തെത്തി. വൻതട്ടിപ്പാണ്‌ ലക്ഷ്യമെന്നതിന്റെ വിവരം രേഖകൾ സഹിതം പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ പുറത്തുവിട്ടു. ഇതോടെ മന്ത്രിസഭയിലെ ഭിന്നതയും കൂട്ടുത്തരവാദിത്വമില്ലായ്മയും മറനീക്കി. ഹിമാചൽ വിവാദംകൂടി കത്തുന്നതോടെ കോൺഗ്രസിൽ വൻ കലഹങ്ങൾ പൊട്ടിപ്പുറപ്പെടും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home