print edition കാലടി സർവകലാശാല സസ്പെൻഷൻ; വിദ്യാർഥികളുടെ ഹർജി ഇന്ന് പരിഗണിക്കും

സ്വന്തം ലേഖിക
Published on Nov 11, 2026, 01:52 AM | 1 min read
കൊച്ചി : സസ്പെൻഷൻ റദ്ദാക്കണമെന്നും പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കാലടി സംസ്‌കൃത സർവകലാശാലയിലെ 16 വിദ്യാർഥികൾ നൽകിയ ഹർജി ഹെെക്കോടതി ബുധനാഴ്ച പരിഗണിക്കും. ഹർജിയിൽ ഈ ആഴ്ചതന്നെ വാദം കേൾക്കാമെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ അറിയിച്ചു. വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അവസരമൊരുക്കുന്നതടക്കം വിഷയം വേഗത്തിൽ പരിഗണിച്ച് തീർപ്പാക്കാൻ സുപ്രീംകോടതി നിർദേശമുണ്ടെന്ന് വിദ്യാർഥികളുടെ അഭിഭാഷകൻ ചൊവ്വാഴ്ച കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് ബുധനാഴ്ച പരിഗണിക്കാമെന്ന് അറിയിച്ചത്. 18 ഇന ആവശ്യം ഉന്നയിച്ച് എസ്എഫ്ഐ നടത്തിയ സമരത്തിൽ പങ്കെടുത്തതിന്റെ പ്രതികാരമായി വി സി സിസ തോമസിന്റെ പരാതിയിലാണ് വിദ്യാർഥികളെ സസ്-പെൻഡ് ചെയ്തത്.
സസ്-പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നൽകിയ ഇതേ ഹർജിയിലുള്ള ഉപഹർജിയിൽ സിംഗിൾ ബെഞ്ച് പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നു. ഇതിനെതിരെ സർവകലാശാല നൽകിയ അപ്പീലിൽ സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. തുടർന്ന് വിദ്യാർഥികൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. പരീക്ഷ നവംബർ നാലിന് ആരംഭിച്ചെങ്കിലും വിദ്യാർഥികളുടെ ഹർജി ഹൈക്കോടതി അനുവദിച്ചാൽ പ്രത്യേകം പരീക്ഷ നടത്താൻ തയ്യാറാണെന്ന് സർവകലാശാല സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. വി സിയെ കെെയേറ്റംചെയ്യാൻ ശ്രമിച്ചെന്ന കള്ളപ്പരാതിയിൽ ആഗസ്‌ത് 13നാണ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തത്. തിരിച്ചെടുക്കണമെങ്കിൽ മാപ്പുപറയണം എന്ന ഉപാധിവച്ച സർവകലാശാലാ നടപടിയിൽ പ്രതിഷേധിച്ച് മൂന്ന് വിദ്യാർഥികൾ ഒമ്പത് ദിവസമായി നിരാഹാരസമരത്തിലാണ്.









0 comments