print edition ജിഎൻഎ കരാർ; കറന്റടിച്ചപോലെ സണ്ണി


സ്വന്തം ലേഖകൻ
Published on Nov 11, 2026, 03:32 AM | 1 min read
തിരുവനന്തപുരം : കെഎസ്‌ഇബിയിലെ നിർണായക തീരുമാനങ്ങൾപോലും തന്നെ അറിയിക്കാത്ത മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടിൽ കെപിസിസി പ്രസിഡന്റ് കൂടിയായ വൈദ്യുതിമന്ത്രി സണ്ണി ജോസഫ് കടുത്ത അതൃപ്‌തിയിൽ. ജിഎൻഎ കരാർ വേണ്ടെന്നുവച്ച കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
വകുപ്പിൽ മുഖ്യമന്ത്രി നയപരമായ തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കുകമാത്രമല്ല മാധ്യമങ്ങളിലൂടെ മാത്രം അറിയേണ്ടിവരുന്നതിൽ ഒരുവിഭാഗം നേതാക്കൾക്ക് രോഷമുണ്ട്. സർക്കാരിനെയും മുന്നണിയെയും നയിക്കാൻ ഉത്തരവാദപ്പെട്ടയാളെയാണ് ഇരുട്ടിൽ നിർത്തിയത്. ജിഎൻഎ കരാറിലേർപ്പെടാനുള്ള തീരുമാനം മന്ത്രിയറിയാതെയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കരാർ നീക്കം പിൻവലിച്ചതും മുഖ്യമന്ത്രിതന്നെ. ഇതുരണ്ടും മന്ത്രിയെ അറിയിച്ചില്ല. കെഎസ്‌ഇബി ചെയർമാനും ഉൗർജ സെക്രട്ടറിയും മുഖ്യമന്ത്രിയോട് സാഹചര്യം വിശദീകരിച്ചതും മന്ത്രി അറിഞ്ഞത് മാധ്യമങ്ങളിലൂടെ. പ്രതിസന്ധിയുണ്ടെന്ന മുൻ റിപ്പോർട്ട് അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെക്കുറിച്ചും തനിക്കറിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
കെ സി വേണുഗോപാൽ ഇടപെട്ട് ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതിയെത്തിക്കാൻ സണ്ണി ജോസഫ് ശ്രമിച്ചതിൽ മുഖ്യമന്ത്രി ഇടഞ്ഞിരുന്നു. വൻ കമീഷൻ സാധ്യതയുള്ള ജിഎൻഎ ഇടപാട് വഴി വകുപ്പിന്റെ നിയന്ത്രണം പിടിച്ച മുഖ്യമന്ത്രി ജിഎൻഎ കരാർ നഷ്‌ടമാണെന്ന് വ്യക്തമാക്കിയ എം ജി രാജമാണിക്യത്തെ പുറത്താക്കുകയയും ചെയ്‌തു. വകുപ്പ് വിഭജനത്തിൽ കെ മുരളീധരനും എ പി അനിൽകുമാറും വേണ്ടെന്നുവച്ച വകുപ്പാണ് സണ്ണി ജോസഫിൽ കെട്ടിയേൽപ്പിച്ചത്. ഇത് മുൾക്കിരീടമാണിതെന്ന് സണ്ണി ജോസഫ് പരിതപിച്ചിരുന്നു.








0 comments