print edition പെട്രോളിലെ എഥനോൾ; തർക്കം കത്തുന്നു


സ്വന്തം ലേഖകൻ
Published on Nov 11, 2026, 03:26 AM | 1 min read
ന്യൂഡൽഹി : പെട്രോളിൽ എഥനോൾ കലർത്തുന്നതിൽ കേന്ദ്രവും കർണാടക കോൺഗ്രസ് സർക്കാരും പോര് മുറുകുന്നു. ഇ 20 പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ (20 ശതമാനത്തിനുപകരം 26 മുതൽ 31 ശതമാനം വരെ) എഥനോളുണ്ടെന്ന് കർണാടക സർക്കാർ കഴിഞ്ഞമാസം പരിശോധനയിൽ കണ്ടെത്തി. പരിശോധനാരീതി കേന്ദ്രസർക്കാരും എണ്ണക്കമ്പനികളും ചോദ്യംചെയ്തു. കേന്ദ്ര പെട്രോളിയം മന്ത്രാലയം, ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് എന്നിവരാണ് എതിർത്തത്.
നിശ്ചിത മാനദണ്ഡം പാലിക്കാതെയാണ് കർണാടക സർക്കാരിന്റെ പരിശോധനയെന്നാണ് കേന്ദ്രത്തിന്റെയും എണ്ണക്കന്പനികളുടെയും ആരോപണം. സാന്പിൾ ശേഖരിക്കുന്പോൾ എണ്ണക്കന്പനി പ്രതിനിധികൾ സ്ഥലത്തില്ലായിരുന്നു. പരിശോധിച്ച സാമ്പിളുകളുടെ ബാക്കി ഭാഗം, ഓരോ പമ്പ് തിരിച്ചുള്ള വിവരം, ലാബ് റിപ്പോർട്ട് എന്നിവ കമ്പനികൾക്ക് ലഭ്യമാക്കിയില്ല. സർക്കാർ അംഗീകരിച്ച ലാബുകളിലല്ല പരിശോധിച്ചതെന്നുമാണ് കേന്ദ്രവാദം.
അളവിൽ കൂടുതൽ എഥനോൾ എന്ന കർണാടക സർക്കാരിന്റെ പ്രചാരണം പൊളിക്കാനിറങ്ങിയ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിൽ) മൈസൂരിലെ പന്പിൽ നിന്നെടുത്ത പെട്രോളിന്റെ പരിശോധനാഫലം ചിത്രംസഹിതം എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. പെട്രോളിലെ എഥനോളിന്റെ അളവ് മുപ്പത് ശതമാനത്തിലധികം ഉണ്ടെന്ന് ചിത്രത്തിൽ വ്യക്തമായി. ഇത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ കമ്പനി പോസ്റ്റ് മുക്കി. കേന്ദ്രത്തിന്റെയും എണ്ണക്കന്പനികളുടെയും വാദം കർണാടകയിലെ കോൺഗ്രസ് സർക്കാർ തള്ളി. ബിപിസിഎൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ തന്നെ എല്ലാം വ്യക്തമാണെന്നാണ് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചത്.








0 comments