print edition തുറന്നുപറഞ്ഞ് സോണിയ; ഒന്നാം യുപിഎ സർക്കാർ സിപിഐ എമ്മിന്റെ രാഷ്‌ട്രീയ പക്വത

2004 മെയ് മാസത്തിൽ ഒന്നാം യുപിഎ സർക്കാർ രൂപീകരണ ചർച്ചയ്‌ക്കിടെ സിപിഐ എം നേതാക്കളായ ഹർകിഷൻ സിങ് സുർജിത്, ജ്യോതി ബസു എന്നിവർക്കൊപ്പം സോണിയ ഗാന്ധി.

സ്വന്തം ലേഖകൻ
Published on Nov 11, 2026, 03:20 AM | 1 min read
ന്യൂഡൽഹി : ഒന്നാം യുപിഎ സർക്കാർ യാഥാർഥ്യമാക്കുന്നതിൽ സിപിഐ എമ്മിന്റെ വിലമതിക്കാനാകാത്ത പങ്ക് എടുത്തുപറഞ്ഞ് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റുന്നതിനും യുപിഎ ഭരണം സാധ്യമാക്കുന്നതിനും വഴിയൊരുക്കിയത് സിപിഐ എമ്മിന്റെ രാഷ്‌ട്രീയ പക്വതയാണെന്ന് ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ് ’ എന്ന പുസ്‌തകത്തിൽ സോണിയ വ്യക്തമാക്കി.
‘സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന ഹർകിഷൻസിങ് സുർജിത്തുമായി പലവട്ടം സംസാരിച്ചു. സീതാറാം യെച്ചൂരി അദ്ദേഹത്തെ സദാ അനുഗമിച്ചിരുന്നു. അവരുടെ വിലമതിക്കാനാകാത്ത രാഷ്‌ട്രീയ പക്വതയും വിവേകവും ഇടതുപക്ഷപാർടികളെ യുപിഎയുടെ ഭാഗമാക്കുന്നതിൽ വലിയ സഹായമായി. സിപിഐ എമ്മും സിപിഐയും ഫോർവേർഡ് ബ്ലോക്കും മറ്റും തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യകക്ഷികളെന്ന നിലയ്‌ക്ക് പുറത്തുനിന്ന് പിന്തുണച്ചു. സിപിഐ എം ആസ്ഥാനത്തെ കൂടിക്കാഴ്‌ചയ്‌ക്കുശേഷം യാത്രയാക്കാൻ മുതിർന്ന നേതാവ് ജ്യോതി ബസു ലിഫ-്‌റ്റ് വരെ അനുഗമിച്ചു. വളരെ നല്ല കാര്യമാണ് ചെയ്‌തതെന്ന് പിതൃസ്‌നേഹവാത്സല്യത്തോടെ അദ്ദേഹം എന്നോട് പറഞ്ഞു’
ഫിദൽ കാസ്‌ട്രോയുടെ 1973ലെ ഇന്ത്യാസന്ദർശനത്തെക്കുറിച്ചും സോണിയ പരാമർശിച്ചു.
‘1973ൽ വിയറ്റ്‌നാമിലേക്കുള്ള യാത്രാമധ്യേയാണ് ഫിദൽ എത്തിയത്. അന്ന് ഇന്ദിരാഗാന്ധിയാണ് അദ്ദേഹത്തിന് അശോക ഹോട്ടലിൽ വിരുന്നൊരുക്കിയത്. രാജീവിനെയും എന്നെയും ക്ഷണിച്ചിരുന്നു. കാസ്‌ട്രോ എന്നിൽ സൃഷ്‌ടിച്ച മതിപ്പ് ഒരിക്കലും മറക്കാനാകില്ല. തനതായ ക്യൂബൻ സ്‌പാനിഷിൽ അദ്ദേഹം സംസാരിച്ചപ്പോൾ വാക്കുകൾക്ക് വല്ലാത്ത ശക്തിയും അർഥവുമുണ്ടായിരുന്നു. പരിഭാഷകൻ അവ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയപ്പോൾ കേട്ടതിനെക്കാൾ എത്രയോ മടങ്ങ് ശക്തവും അർഥവത്തുമായിരുന്നു അദ്ദേഹത്തിൽനിന്ന് നേരിട്ട് പ്രവഹിച്ച വാക്കുകൾ– സോണിയ അനുസ്‌മരിച്ചു.








0 comments