print edition മൻമോഹനെ നിയന്ത്രിച്ചിട്ടില്ലെന്ന് സോണിയ


സ്വന്തം ലേഖകൻ
Published on Nov 11, 2026, 02:57 AM | 2 min read
ന്യൂഡൽഹി : മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ ഭരണം നിയന്ത്രിച്ചെന്ന ആരോപണം തള്ളി സോണിയ ഗാന്ധി. ‘സർക്കാരിന്റെ ചുമതല മൻമോഹനും പാർടിയുടെ ചുമതല എനിക്കുമായിരുന്നു. ഇരുവരുടെയും ഉത്തരവാദിത്വങ്ങളെപ്പറ്റി അലിഖിത ധാരണയുണ്ടായിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ നേരിട്ട് ചർച്ച ചെയ്‌തിരുന്നു. പ്രധാനമന്ത്രിയുടെ അധികാരം മാനിക്കേണ്ടത് എന്റെ കടമയായിരുന്നു’– ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന ഓർമക്കുറിപ്പിൽ സോണിയ അവകാശപ്പെട്ടു. 2004ൽ മൻമോഹൻ സിങ് പ്രധാനമന്ത്രിയായപ്പോൾ സോണിയ കോൺഗ്രസ് അധ്യക്ഷയും യുപിഎ അധ്യക്ഷയുമായിരുന്നു. സോണിയയാണ് ഭരണം നിയന്ത്രിക്കുന്നതെന്നും ‘റിമോട്ട് കൺട്രോൾ സർക്കാർ’, ‘സൂപ്പർ പ്രധാനമന്ത്രി’ എന്നീ ആരോപണങ്ങളും ബിജെപി ഉന്നയിച്ചിരുന്നു.
രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് 2010ൽ പ്രണബ് മുഖർജി പ്രധാനമന്ത്രിയാകാൻ പരോക്ഷമായി ആഗ്രഹം പ്രകടിപ്പിച്ചതായും സോണിയ വെളിപ്പെടുത്തി. ‘ഒരവസരത്തിൽ തലപ്പത്തുതന്നെ മാറ്റത്തിനുള്ള സമയമായെന്ന് അദ്ദേഹം പറഞ്ഞു. ആ പരാമർശം ഞെട്ടിച്ചു. ദീർഘകാലമായി പ്രധാനമന്ത്രിയാകണമെന്ന അദ്ദേഹത്തിന്റെ അഭിലാഷത്തിന്റെ സൂചനയായിരുന്നു അതെന്ന് തോന്നി. ഞാൻ പതുക്കെ വിഷയം മാറ്റി. അദ്ദേഹത്തിന് നിരാശ തോന്നിയിരിക്കാം. എന്നാൽ അതിന്റെ പേരിൽ എന്നോട് ഒരിക്കലും വിരോധം പ്രകടിപ്പിച്ചിട്ടില്ല ’ –സോണിയ പറഞ്ഞു. പ്രധാനമന്ത്രി പദവി ഏറ്റെടുക്കില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും വ്യക്തമാക്കി.
മോദി കണ്ണുകളിൽ നോക്കാറില്ല
താനുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണുകളിൽ നോക്കാറില്ല. മുൻകാലങ്ങളിൽ രാഷ്‌ട്രീയാതീതമായി നേതാക്കൾ പരസ്‌പര സൗഹാർദത്തോടെ ഇടപെട്ടിരുന്നു. ഇപ്പോൾ അതിൽ വലിയ മാറ്റങ്ങളുണ്ടായി. പാർലമെന്റ് സമ്മേളനം അവസാനിക്കുന്പോൾ സ്‌പീക്കറുടെ ചേംബറിൽ പാർടി നേതാക്കൾ ഒത്തുചേരുന്ന അനൗദ്യോഗിക വേളകളിൽ മോദി എന്നെ കാണുന്പോൾ മുഖം തിരിക്കാറുണ്ട്. കണ്ണുകളിൽ നോക്കി സംസാരിക്കുന്നത് പരമാവധി ഒഴിവാക്കാറുണ്ട്. ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങുന്പോൾ സുഖമാണോയെന്ന് അദ്ദേഹം തിരക്കാറുണ്ട്. സുഖമാണെന്ന് മറുപടി നൽകാറുമുണ്ട്. ഇത്തരം ഹ്രസ്വഭാഷണങ്ങൾ അല്ലാതെ കാര്യമായി സംസാരിച്ചിട്ടില്ല. എന്നോടുള്ള മോദിയുടെ വിരോധത്തിന്റെ അടിവേരുകൾ ആർഎസ്‌എസിലാണെന്നാണ് തോന്നിയിട്ടുള്ളത്.’
ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ടതിൽ വേദന
ന്യൂഡൽഹി : ആദ്യ കുഞ്ഞിന്റെ മരണവും മാനസിക സംഘർഷങ്ങളും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും സോണിയ ഗാന്ധി ഓർമക്കുറിപ്പിൽ പങ്കിടുന്നു. 1969 ജനുവരിയിലാണ് സോണിയക്ക് ആദ്യകുഞ്ഞ് ജനിച്ചത്. ഗർഭത്തിന്റെ ഏഴാംമാസത്തിൽ വയറുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 18ന് സാധാരണ പ്രസവത്തിലൂടെ ആൺകുഞ്ഞുണ്ടായി. ഇൻക്യുബേറ്ററിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആദ്യ കരച്ചിൽ കേട്ടതും രാജീവ് കുഞ്ഞിനെ കാണാൻ കൊണ്ടുപോയതും സോണിയ ഓർക്കുന്നു. കട്ടിയുള്ള കറുത്ത തലമുടിയും നീണ്ട വിരലുകളുമുള്ള കുഞ്ഞിനെ അധികം ലാളിക്കാൻ അവസരം ലഭിച്ചില്ല. പിറ്റേന്ന് രാവിലെ ആറരയോടെ മരിച്ചു. ഒൗദ്യോഗിക യാത്രയിലായിരുന്ന ഇന്ദിരാഗാന്ധി വിവരമറിഞ്ഞ് പരിപാടികൾ വെട്ടിച്ചുരുക്കി ആശുപത്രിയിലെത്തി. മകനെയും മരുമകളെയും കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.
കുഞ്ഞിന്റെ അന്ത്യകർമങ്ങൾ എങ്ങനെ നടത്തണമെന്ന ചോദ്യവും കുടുംബത്തെ പ്രതിസന്ധിയിലാക്കി. ഹിന്ദു ആചാര പ്രകാരം മൃതദേഹം സംസ്‌കരിക്കാതെ നദിയിൽ ഒഴുക്കിവിടുകയാണ് പതിവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ക്രൈസ്‌തവ സെമിത്തേരിയിലോ പാഴ്‌സി ശ്‌മശാനത്തിലോ മൃതദേഹം സംസ്‌കരിക്കുന്നത് പ്രായോഗികമായി തോന്നിയില്ല. കുഞ്ഞിനെ നദിയിൽ ഒഴുക്കാൻ അനുവദിക്കില്ലെന്ന് താൻ നിലപാടെടുത്തു. ഒടുവിൽ മെഹ്‌റോളിയിലെ -ഫിറോസ് ഗാന്ധിയുടെ ഫാമിൽ കുഞ്ഞിനെ സംസ്‌കരിച്ചു–സോണിയ പറയുന്നു.








0 comments