തീവ്രമഴ ദുരന്തങ്ങൾ നേരിടാൻ സർക്കാർ ഉണർന്നുപ്രവർത്തിക്കണം

കാലവർഷക്കെടുതികളിൽ കേരളത്തിന് അപരിചിതത്വമില്ല. സംസ്ഥാനത്തെയാകെ വിഴുങ്ങിയ 2018ലെ മഹാപ്രളയത്തെയും മറ്റു വർഷങ്ങളിലുണ്ടായ പ്രളയങ്ങളെയും ഉരുൾപൊട്ടൽ ദുരന്തങ്ങളെയും നാം അതിജീവിച്ചു. ഇക്കൊല്ലമാകട്ടെ സംസ്ഥാനത്ത് മൺസൂൺ മഴ താരതമ്യേന കുറവായിരുന്നു; അതുകൊണ്ട് കെടുതികളും കാര്യമായി അനുഭവപ്പെട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തിപ്രാപിച്ചതോടെ സ്ഥിതി മാറി. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ പ്രളയബാധിതമായി. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മത്സ്യത്തൊഴിലാളികളും പ്രകൃതിക്ഷോഭത്തിന് ഇരകളായി. സംസ്ഥാനത്തിന്റെ ഉത്തര-–മധ്യ ഭാഗങ്ങളിലെ ജില്ലകളിലെ പല ഭാഗങ്ങളിലും മഴക്കെടുതികൾ രൂക്ഷമാണ്. ഒട്ടേറെ മരണങ്ങളും ജീവനോപാധികളടക്കം വസ്തുവകകളുടെ നാശവും വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നു.
ദൗർഭാഗ്യകരമെന്ന് പറയട്ടെ, ദുരിതാശ്വാസത്തിനും ദുരന്തലഘൂകരണത്തിനും ചടുലമായി പ്രവർത്തിക്കേണ്ട സർക്കാർ സംവിധാനങ്ങൾ മരവിപ്പിലാണ്. എൽഡിഎഫ് ഭരണകാലത്ത്, കഴിഞ്ഞ 10 വർഷം ഏതു ദുർഘട സാഹചര്യങ്ങളെയും ഉന്നതമായ മാനവിക ബോധത്തോടെയും സാഹസികമായും കൈകാര്യംചെയ്ത സർക്കാർ ഏജൻസികൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ഉണ്ടായ ഈ മാറ്റം കണ്ട് വിറങ്ങലിച്ച് നിൽക്കുകയാണ് ജനങ്ങൾ. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ചടുലമായി രംഗത്തിറങ്ങാതെ മുഖ്യമന്ത്രി വി ഡി സതീശൻ സ്വകാര്യപരിപാടികളിൽ അഭിരമിക്കുകയാണ്. സംസ്ഥാനതലത്തിലോ ജില്ലാതലങ്ങളിലോ കാര്യക്ഷമമായ കൺട്രോൾറൂമുകൾ തുറക്കുകയോ മന്ത്രിമാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയോ ചെയ്തില്ല. തീവ്രമഴയുടെ കാര്യത്തിൽ ജാഗ്രത പാലിക്കുന്നതിൽ മുന്നറിയിപ്പ് നൽകുന്നതിലും അധികൃതർ പരാജയപ്പെട്ടതായി പരാതി ഉയർന്നിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളിലാകട്ടെ ജനങ്ങൾക്ക് അത്യാവശ്യമായതൊന്നും എത്തിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. മരുന്നിനും ഭക്ഷണത്തിനും ഉൾപ്പെടെ ക്ഷാമമാണ്. വെള്ളവും വെളിച്ചവുമില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ അന്തേവാസികൾ നരകിക്കുന്നതിന്റെ വാർത്തകൾ വരുന്നു. റവന്യു വകുപ്പിന്റെ പ്രതിനിധികൾക്കുപോലും ദുരിതത്തിൽനിന്ന് രക്ഷയില്ല. ഉദ്യോഗസ്ഥർക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഉന്നതതലത്തിൽ ആരും ശ്രമിക്കുന്നില്ല. തിരുവനന്തപുരത്ത് മുതലപ്പൊഴിയിലും കോവളത്തും നാല് മത്സ്യത്തൊഴിലാളികൾ കടലിൽ അപകടത്തിൽപ്പെട്ട് കാണാതായതിലും പിന്നീട് രക്ഷാപ്രവർത്തനത്തിലും സർക്കാരിന്റെ ഭാഗത്തുനിന്ന് ഗുരുതരവീഴ്‌ചയാണ് ഉണ്ടായത്. കാലാവസ്ഥാ മുന്നറിയിപ്പ് യഥാസമയം നൽകുന്നതിലും അപകടശേഷം രക്ഷാപ്രവർത്തനം ഫലപ്രദമായി നടത്തുന്നതിലും സർക്കാർ പരാജയപ്പെട്ടതിൽ മത്സ്യത്തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും പ്രതിഷേധിക്കേണ്ടിവന്നു. തിരച്ചിലിന് 13 മണിക്കൂറിനുശേഷമാണ് കോസ്‌റ്റൽ പൊലീസ് എത്തിയത്.
ഇതിനിടെ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ അമ്മായിയച്ഛന്റെ സുഖവിവരം അന്വേഷിക്കാൻ ഹെലികോപ്‌ടറിൽ യാത്ര നടത്തിയതിന്റെ വിവരങ്ങളും പുറത്തുവന്നു. പ്രകൃതിദുരന്തത്തിന്റെ വിശദാംശങ്ങൾ മാധ്യമങ്ങളുമായി പങ്കിടാൻ വിസമ്മതിച്ച മുഖ്യമന്ത്രി എറണാകുളം, മലപ്പുറം ജില്ലകളിൽ സ്വകാര്യപരിപാടികളിൽ പങ്കെടുക്കുമ്പോൾ സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നാഥനില്ലാത്ത നിലയായിരുന്നു. മഴക്കാലത്തിനു മുന്നോടിയായ ശുചീകരണപ്രവർത്തനങ്ങളും സംസ്ഥാനത്ത് താളംതെറ്റി. മതിയായ -ഫണ്ട് നൽകാതെ തദ്ദേശസ്ഥാപനങ്ങളെ ഞെരുക്കുകയാണ്. ഉദ്യോഗസ്ഥരെ രാഷ്‌ട്രീയപ്രേരിതമായും അഴിമതി ലക്ഷ്യമിട്ടും തലങ്ങുംവിലങ്ങും മാറ്റുന്നത് സർക്കാരിന്റെ ഫലപ്രദമായ പ്രവർത്തനത്തെ അട്ടിമറിക്കുന്നു. റവന്യു, ആരോഗ്യ, തദ്ദേശഭരണ വകുപ്പുകളിൽ മാനദണ്ഡങ്ങൾ മുഴുവൻ അട്ടിമറിച്ചാണ് സ്ഥലംമാറ്റങ്ങൾ. ചോദ്യംചെയ്യുന്നവരെ മന്ത്രിമാർ വെല്ലുവിളിക്കുകയാണ്. പ്രകൃതിക്ഷോഭം നേരിടാൻ ജനങ്ങൾ ബുദ്ധിമുട്ടുന്ന സമയത്തെങ്കിലും സങ്കുചിതമായ നടപടികളിൽനിന്ന് ഭരണരാഷ്‌ട്രീയ നേതൃത്വം വിട്ടുനിൽ ക്കണം.
അതേസമയം സിപിഐ എം പ്രവർത്തകരും വർഗ ബഹുജന സംഘടനകളും രക്ഷാ–ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർവസജ്ജരായി രംഗത്തിറങ്ങാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റും സിഐടിയു, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റികളും പ്രവർത്തകരോട് ആഹ്വാനംചെയ്‌തു. ദുരിതമേഖലകളിലെ ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കാൻ എല്ലാവരോടും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അഭ്യർഥിച്ചു. ദുരിതബാധിതരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ അടിയന്തരമായും ഫലപ്രദമായും ഇടപെടണം. ദുരന്തനിവാരണ അതോറിറ്റി, കാലാവസ്ഥാ വകുപ്പ്, ഇതര സർക്കാർ ഏജൻസികൾ എന്നിവരുടെ മുന്നറിയിപ്പുകൾ മാനിച്ച് പ്രവർത്തിക്കണം. രാഷ്‌ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിച്ചുനിൽക്കേണ്ട സന്ദർഭമാണിത്. മഹാപ്രളയത്തിന്റെ കാലത്ത് കേരളം പ്രകടിപ്പിച്ച ഐക്യവും ത്യാഗപൂർണമായ പ്രവർത്തനങ്ങളും ലോകമാകെ അംഗീകരിച്ചതാണ്. നിലവിലെ സാഹചര്യം തരണംചെയ്യാൻ അതൊക്കെ പ്രചോദനമാകണം.









0 comments