എസ്ഐആര്‍: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത പുറത്ത്, 14 തവണ വിയോജിപ്പുകൾ രേഖപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്

ന്യൂഡൽഹി:രാജ്യത്തെ വോട്ടര്‍മാരുടെ പേരുവിവരങ്ങൾ ഉൾപ്പെടുന്ന തെരഞ്ഞെടുപ്പ് പട്ടിക പുതുക്കുന്നതിന്റെ മറവിൽ വലിയ അട്ടിമറികൾ നടന്നുവെന്ന പരാതികൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനകത്ത് തന്നെ തര്‍ക്കങ്ങളും വിയോജിപ്പുകളും നിലനിന്നിരുന്നതായുള്ള റിപ്പോര്‍ടുകൾ പുറത്ത്. അധികാരങ്ങൾ മറികടന്നുള്ള ഇടപെടലുകൾ നടന്നതായുള്ള വിവരങ്ങളാണ് ഭിന്നതയിലൂടെ പുറത്തെത്തിയിരിക്കുന്നത്. ഐടി വിഭാഗത്തെ പ്രയോജനപ്പെടുത്തി മുകളിൽ നിന്നുള്ള ആരുടെയെ താത്പര്യം നടപ്പാക്കപ്പെട്ട വിവരവും പുറത്തെത്തിയവയിൽ ഉൾപ്പെടുന്നു
'പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ'ത്തിന് (Special Intensive Revision - SIR) പിന്നാലെ പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് ഫലം തന്നെ മാറി മറിക്കപ്പെട്ട സാഹചര്യം ഉണ്ടായിരുന്നു. പ്രതിപക്ഷ സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതായുള്ള ആരോപണങ്ങൾക്ക് ഇവ തെളിവായി. വോട്ടര്‍ പട്ടിക പുതുക്കൽ പ്രക്രിയ കേന്ദ്രീകൃത അധികാരത്തിന് കീഴിൽ കൊണ്ടുവന്ന് കൈപ്പിടിയിലാക്കിയതിന് എതിരെയും കമ്മീഷനകത്ത് വിയോജിപ്പുകൾ രേഖപ്പെടുത്തപ്പെട്ടിരുന്നു. എന്നാൽ ഇവയിൽ എല്ലാം നടപടികൾ ഇല്ലാതെ പോയ ഗുരുതര ജനാധിപത്യ അട്ടിമറിയാണ് ഫലത്തിൽ സൃഷ്ടിക്കപ്പെട്ടത് എന്നും വിയോജിപ്പുകൾ സംബന്ധിച്ച് വിശദാംശങ്ങളിൽ നിന്നും വ്യക്തമാവുന്നു.
2025 ജൂണിൽ ബിഹാറിൽ ആരംഭിച്ച പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയ എന്ന എസ്ഐആര്‍ നടപടി വഴി 30 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 13 കോടിയിലധികം വോട്ടര്‍മാരുടെ പേരുകളാണ് പ്രത്യക്ഷത്തിൽ കരട് വോട്ടര്‍ പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ടത്.
ഈ പ്രക്രിയയ്ക്കിടെ തീരുമാനങ്ങൾ എടുക്കുന്നതിലും നടപ്പാക്കുന്നതിലും നിയമപരമായ നടപടികൾ ലംഘിക്കപ്പെട്ടതായി തുറന്നു പറഞ്ഞ് മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനിലെ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും ഔദ്യോഗികമായി രംഗത്ത് എത്തിയിരിക്കയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവരടങ്ങിയതാണ് ഇപ്പോഴത്തെ ഇന്ത്യ തെരഞ്ഞെടുപ്പ് കമ്മീഷൻ.
കഴിഞ്ഞ 10 മാസം
14 വിയോജിപ്പുകൾ
എസ്ഐാആര്‍ തുടങ്ങിയതോടെ തന്നെ അട്ടിമറി ലക്ഷ്യം ഉന്നയിക്കപ്പെട്ടു. ഇത് പ്രതിപക്ഷ കക്ഷികൾ ഒന്നടക്കം ചൂണ്ടികാണിച്ചു. കേന്ദ്രീകൃതവും ആസൂത്രിതവുമായ വെട്ടിനിരത്തൽ പ്രക്രിയയായി എസ്ഐആര്‍ മാറുന്നത് പ്രകടമായും രാജ്യം കണ്ടു നിന്നു. വിവാദം കനത്തതോടെ കഴിഞ്ഞ പത്ത് മാസത്തിനിടെ 14 തവണയാണ് രണ്ട് കമ്മീഷണര്‍മാര്‍ ഇതിനെതിരെ ഔദ്യോഗിക വിയോജിപ്പുകൾ ഉന്നയിച്ചത്. ഇന്ത്യൻ എക്സ്പ്രസ് പത്രം ഇതിന്റെ വസ്തുതാ വിവരങ്ങൾ പട്ടിക സഹിതം പുറത്തെത്തിച്ചു.
തങ്ങളുടെ അനുമതിയില്ലാതെ മുകളിൽ നിന്നും ആരുടെയോ ഒക്കെയോ നിര്‍ദ്ദേശങ്ങൾ പ്രകാരം കൈക്കൊണ്ടിരുന്ന തീരുമാനങ്ങളിൽ പലതും നിയമ വിരുദ്ധമാണെന്ന് സുഖ്ബീര്‍ സിങ്ങും വിവേക് ജോഷിയും ഔദ്യോഗികമായി രേഖപ്പെടുത്തി. വിയോജന കുറിപ്പുകൾ ഉൾപ്പെടുന്ന ഫയലുകൾ സംബന്ധിച്ച വിവരങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. മാത്രമല്ല ഇവയിൽ ഫലം ഇല്ലാതായതോടെ ചില വിയോജന കുറിപ്പുകൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും ഇരുവരും നേരിട്ട് അയച്ചിരുന്നു. ആറ് സിവിൽ സര്‍വ്വീസ് ഓഫീസര്‍മാരും ഐടി വിഭാഗത്തിന്റെ ചുമലവഹിക്കുന്ന ഡയറക്ടർ ജനറൽ സീമ ഖന്നയും ഉൾപ്പെടുന്നതാണ് കമ്മീഷന്റെ ഡപ്യൂട്ടി ചുമതല വഹിക്കുന്ന സംഘം.
മുകളിൽ നിന്ന്
നേരിട്ട് നിര്‍ദ്ദേശങ്ങൾ
തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനാപരമായി സ്വതന്ത്രവും പരമമായ അധികാരങ്ങൾ നിക്ഷിപ്തമായതുമായ സമിതിയാണ്. എന്നാൽ ഇത് കൃത്യമായും തകര്‍ക്കാൻ ലക്ഷ്യം വെച്ചുള്ള ഇടപെടലാണ് വ്യക്തമായത്.
കമ്മീഷന്റെ ഭരണഘടനാപരമായ അനുമതിയില്ലാതെയും തങ്ങളുടെ രണ്ട് കമ്മീഷണര്‍മാരുടെയും അറിവില്ലാതെയും ചീഫ് ഇലക്ഷൻ കമ്മീഷണറും ചില ഐടി നിര്‍വ്വഹണ ഭരണ ഉദ്യോഗസ്ഥരും ചേര്‍ന്ന് കാര്യങ്ങൾ നിയന്ത്രിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും ഉത്തരവുകളും നിര്‍ദ്ദേശങ്ങളും നൽകി നടപ്പാക്കി എന്നുമാണ് സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും ഉന്നയിച്ച പരാതി.
ഭരണഘടനയുടെ അനുച്ഛേദം 324 അനുസരിച്ച് പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ചീഫ് ഇലക്ഷൻ കമ്മീഷണറും മറ്റ് രണ്ട് കമ്മീഷണർമാരും തുല്യ അധികാരമുള്ളവരാണ്. 2023-ലെ 'ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്സ് ആക്ട്' സെക്ഷൻ 18 പ്രകാരം, കമ്മീഷന്റെ എല്ലാ തീരുമാനങ്ങളും ഐക്യകണ്ഠമായി എടുക്കേണ്ടതാണ്. ഭിന്നതയുള്ള പക്ഷം ഭൂരിപക്ഷാഭിപ്രായം കണക്കിലെടുക്കണം.
എന്നാൽ കമ്മീഷന്റെ പ്രധാന തീരുമാനങ്ങൾ പലതും തങ്ങളുടെ അറിവോടെയല്ല പുറത്തുവരുന്നതെന്ന് ചൂണ്ടികാട്ടി എപ്രിൽ മാസം മുതൽ സന്ധുവും ജോഷിയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഐ ടി വിഭാഗത്തിന്റെ മേൽനോട്ട ചുമതലകളിൽ മാറ്റം വരുത്തിയതിനെ കുറിച്ച് ഇരുവരും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിക്ക് പരാതി സമര്‍പ്പിക്കയും ചെയ്തിരുന്നു. ഇതിന് മറുപടി പോലും ഉണ്ടായില്ല.
ഫോ 6 എന്ന അട്ടിമറി
കമ്മീഷനെയും മറികടന്ന്
ഓദ്യഗിക വിയോജിപ്പുകൾ രേഖപ്പെടുത്തിയതിൽ പ്രധാനം ഫോം സിക്സ് സംബന്ധിച്ചുള്ളതാണ്. ഇതിലെ ഇടപെടൽ തന്നെ കൃത്യമായ അട്ടമറികളുടെ വഴിയും കേന്ദ്രവും വ്യക്തമാക്കുന്നതാണ്. പുതിയതായി വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കുന്നതിന് പൊതുജനങ്ങൾ പൂരിപ്പിച്ച് നൽകേണ്ട ഫോം സിക്സ് ഭണപരമോ നിയമപരമോ ആയ അനുമതിയോടെ ഏര്‍പ്പെടുത്തിയത് ആയിരുന്നില്ല.
അപേക്ഷകന്റെയോ അവരുടെ മാതാപിതാക്കളുടെയോ മുത്തശ്ശിമാരുടെയോ പേര് മുൻപത്തെ വോട്ടർ പട്ടികയിൽ ഉണ്ടോ എന്ന ചോദ്യം പുതിയതായി ഉൾപ്പെടുത്തി. നിയമനിർമ്മാണം നടത്താതെ ഇത്തരമൊരു മാറ്റം വരുത്തരുതെന്ന് കമ്മീഷണർ വിവേക് ജോഷി മെയ് മാസം ഫയലിൽ കുറിപ്പെഴുതുകയും സന്ധു അതിനോട് യോജിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് അവഗണിച്ച് മാറ്റം നടപ്പിലാക്കി. ഓഗസ്റ്റ് 13-ന് കമ്മീഷണർ സന്ധു ഈ നടപടിയെ "അനധികൃതവും നിയമവിരുദ്ധവും" എന്ന് വിശേഷിപ്പിക്കുകയും ഉടൻ പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ദേശീയ തലത്തിൽ വോട്ടർ പട്ടിക തയ്യാറാക്കുന്നതിൽ കേന്ദ്രീകൃത നിയന്ത്രണം വരുന്നത് ജനാധിപത്യപരമായ വികേന്ദ്രീകരണ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് കമ്മീഷണർമാർ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനാപരമായി വോട്ടർ പട്ടിക കൈകാര്യം ചെയ്യാനുള്ള അധികാരം പ്രാദേശിക ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കാണ്. എന്നാൽ ഈ അധികാരം കവർന്നെടുക്കുന്ന രീതിയിൽ ഐടി വിഭാഗം ഇടപെടുന്നുവെന്നും, കമ്മീഷന്റെ ഐടി വിഭാഗം ഡയറക്ടർ ജനറൽ സീമ ഖന്നക്ക് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിയമപരമായ അധികാരമില്ലെന്നും സന്ധു രേഖപ്പെടുത്തി.
ഫോം സിക്സിലെ അട്ടിമറി എങ്ങനെ
"1950-ലെ റെപ്രസന്റേഷൻ ഓഫ് ദി പീപ്പിൾ ആക്ട്, സെക്ഷൻ 21(3) പ്രകാരം നടത്തുന്ന SIR പ്രക്രിയ ഒരു "ഒറ്റത്തവണ അടിയന്തര നടപടി" മാത്രമാണ്. ഇതിനായി പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾക്കോ ഉത്തരവുകൾക്കോ നിയമപരമായ വോട്ടർ അപേക്ഷാ ഫോമുകൾ മാറ്റിമറിക്കാൻ അധികാരമില്ല" ഇരു കമ്മീഷണര്‍മാരും ഇക്കാര്യം രേഖാമൂലം അറിയിച്ചിരുന്നു. ഫോം സിക്സ് പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ഇത് പിൻവലിക്കപ്പെട്ടില്ല. ഓപ്ഷനൽ വിഭാഗത്തിൽ വേണമെങ്കിൽ വിവരം നൽകാം എന്ന വിഭാഗത്തിൽ കാണിച്ചു. എന്നിട്ട് തന്ത്രപരമായി ഇതിന് അദൃശ്യമായ മാൻഡേറ്ററി പിൻ നൽകി. അതായത് നിങ്ങൾ വിവരം നൽകിയില്ലെങ്കലും പ്രശ്നമില്ല എന്നു പറഞ്ഞു. പക്ഷേ ഈ ഭാഗം പൂരിപ്പിക്കാതെ മൊത്തം വിവരങ്ങൾ സമര്‍പ്പിക്കാൻ കഴിയില്ല എന്ന സാങ്കേതിക കെണി ഒരുക്കി വെച്ചു. എസ് ഐ ആറിനൊപ്പം പൗരത്വ റജിസ്ട്ര നടപടി കൂടി പരോക്ഷമായി കണ്ണി ചേര്‍ക്കുകയായിരുന്നു. ജനന മരണ റജിസ്ട്രേഷൻ കൈപ്പിടിയിലാക്കി കേന്ദ്ര സര്‍ക്കാര്‍ വഴി വെട്ടിയ അതേ മാര്‍ഗ്ഗത്തിലാണ് ഇതും നടപ്പാക്കിയത്.

ഇങ്ങനെ ഓരോ ഘട്ടത്തിലും ജനാധിപത്യത്തെ നോക്കുകുത്തിയാക്കി ബിജെപി നയിക്കുന്ന ഭരണകൂടത്തന്റെ ആശയ ലക്ഷ്യങ്ങൾക്ക് അനുസൃതമായും ജനവിധി അനുകൂലമാക്കി വെക്കുന്നതിന് അനുഗുണമായും വോട്ടര്‍പട്ടികാ പരിഷ്കരണം മാറ്റി. ഇക്കാര്യം പ്രതിപക്ഷ കക്ഷികൾ ചൂണ്ടി കാണിച്ചപ്പോൾ പല ന്യായങ്ങളും വൈകാരിക അന്തരീക്ഷവും സൃഷ്ടിച്ച് ജന ശ്രദ്ധ മാറ്റി.









0 comments