ad
Deshabhimani

പ്രവാസികളെയും കൈവിട്ടു; ലോക കേരളസഭ പിരിച്ചുവിടാൻ മന്ത്രിസഭാ തീരുമാനം

loka kerala sabha
വെബ് ഡെസ്ക്

Published on Sep 23, 2026, 01:02 PM | 1 min read

തിരുവനന്തപുരം: പ്രവാസികളുടെ ആശങ്കകളും അഭിപ്രായങ്ങളും അറിയിക്കാനുള്ള വേദിയായ ലോകകേരള സഭ പിരിച്ചുവിടാൻ മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം ചേർന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഇക്കാര്യം അറിയിച്ചത്. പുതിയ ബദൽ സംവിധാനം ഒരുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അതിന്റെ നടപടികൾ എപ്പോൾ തുടങ്ങുമെന്ന് വ്യക്തമാക്കാൻ സർക്കാർ തയാറായിട്ടില്ല.


സഭ ധൂർത്താണെന്ന് പ്രതിപക്ഷത്തായിരുന്നപ്പോൾ ആരോപിച്ച യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകുകയും ചെലവുകൾക്കായി തുക അനുവദിക്കുകയും ചെയ്‌തിരുന്നു. ഇ‍ൗ വാർത്തകൾ വന്നതോടെ നടത്തില്ലെന്ന്‌ അറിയിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ രംഗത്തുവരികയായിരുന്നു.


എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിയ ഫലപ്രദമായ ഒരു ദ‍ൗത്യത്തോടുള്ള വിരോധമാണ് ഇതിലൂടെ പുറത്തുവന്നത്. പ്രതിപക്ഷത്തിരിക്കുമ്പോൾ തുടക്കം മുതൽ തന്നെ ലോക കേരള സഭയ്‌ക്ക്‌ തുരങ്കംവെക്കാൻ യുഡിഎഫ് ശ്രമിച്ചിരുന്നു. പ്രവാസി മലയാളികളുടെ ക്ഷേമത്തിന് നിരവധി പദ്ധതികൾ ആവിഷ്‌ക്കരിക്കുകയും അവർക്ക്‌ നിക്ഷേപത്തിന്‌ അവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്‌ത പ്രസ്ഥാനമാണ്‌ രാഷ്‌ട്രീയ വിരോധത്തിന്റെ പേരിൽ ഇല്ലാതാക്കുന്നത്‌.


തങ്ങളുടെ ശബ്ദം കേൾക്കാനൊരുക്കിയ വേദിയിൽനിന്ന് പിന്മാറരുതെന്ന് വിവിധ പ്രവാസി സംഘടനകൾ സർക്കാരിനെ അറിയിച്ചിരുന്നു. നാടിന്റെ സമ്പദ്ഘടനയിൽ പ്രധാന സംഭാവന നൽകുന്ന പ്രവാസി സമൂഹത്തിന്റെ താല്പര്യങ്ങൾ തരിമ്പും മുഖവിലക്കെടുക്കാതെയാണ് ലോക കേരള സഭ നടത്തില്ലെന്ന തീരുമാനമെടുത്തിരിക്കുന്നത്.


ഇതിനായി മുഖ്യമന്ത്രി ചെയർമാനും ആഭ്യന്തര, വ്യവസായ, ആരോഗ്യ, ജലസേചന മന്ത്രിമാർ അംഗങ്ങളുമായുള്ള പ്രത്യേക മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ, ഫെസ്റ്റിവൽ കേരളയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി മുഖ്യമന്ത്രി ചെയർമാനും സാംസ്കാരികമന്ത്രി കൺവീനറുമായി മറ്റൊരു മന്ത്രിസഭാ ഉപസമിതിയും രൂപീകരിച്ചിട്ടുണ്ട്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home