ഫണ്ട് വെട്ടിക്കുറച്ച് പ്രതിസന്ധിയിലാക്കി ; ഇടമലക്കുടി പഞ്ചായത്തിൽ ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട് മൂന്ന് മാസം

ഇടുക്കി: സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി മൂന്ന് മാസമായി പഞ്ചായത്തിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി സര്‍ക്കാര്‍ ഇടമലക്കുടിയെ കൈവെടിഞ്ഞു. ജീവനക്കാർക്ക് ശമ്പളവും ഭരണസമിതിയംഗങ്ങൾക്ക് ഹോണറേറിയവും മുടങ്ങി. ദൈനംദിന പ്രവർത്തനങ്ങൾ പോലും താളംതെറ്റിയ നിലയിലാണ്. പഞ്ചായത്തംഗങ്ങൾക്കുള്ള ഫണ്ടുമില്ല. പഞ്ചായത്തിന്റെ അക്കൗണ്ടിൽ ഒരുരൂപ പോലുമില്ലാത്ത സ്ഥിതിയാണ്. 1.48 ലക്ഷം രൂപ അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്നത് തീർന്നെന്ന് പ്രസിഡന്റ് എം ബിനു പറഞ്ഞു.
മൂന്നാർ പഞ്ചായത്തിന്റെ ഒരുവാർഡ് മാത്രമായിരുന്ന ഇടമലക്കുടി 2010ലാണ് പഞ്ചായത്തായി മാറിയത്. 26 കുടികളിലായി 2360ഓളം ജനങ്ങളാണുള്ളത്. രൂപീകരണത്തിന് ശേഷം കെട്ടിട നികുതിയിനത്തിൽ 6000 രൂപയും തൊഴിൽ നികുതിയിനത്തിൽ 1.10 ലക്ഷം രൂപയും മാത്രമാണ് തനത് വരുമാനം. പഞ്ചായത്തിന് തനത് ഫണ്ടില്ല. ഇതോടെ ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ മുടങ്ങുകയാണ്.
2021–22വരെ പ്രതിമാസം ഏകദേശം 10 ലക്ഷം- രൂപ ലഭിച്ചിരുന്ന ജനറൽ പർപ്പസ് ഫണ്ട് 57,000 രൂപയാക്കി കുറച്ചതാണ് പ്രതിസന്ധികൾക്ക് കാരണമെന്ന് അധികൃതർ പറയുന്നു. പിന്നീട് ചെറിയ വർധനവുകൾ വരുത്തി ഇപ്പോൾ 87,700-രൂപയാണ് ലഭിക്കുന്നത്. ഫണ്ടില്ലാതെ വികസന കാര്യത്തിൽ മുന്നോട്ടുപോകാനാകില്ലെന്ന് പ്രസിഡന്റ് പറഞ്ഞു.
ഹോണറേറിയം, സിറ്റിങ് ഫീസ്, ശമ്പളം ഉൾപ്പെടെ ഒരുമാസം എട്ടുലക്ഷം രൂപ ആവശ്യമാണ്. പഞ്ചായത്തിലെ വാഹനങ്ങൾക്ക് ഇന്ധനച്ചെലവ് 20,000ഓളം വരും. മൂന്നാർ കെഎസ്‍ആർടിസി യാത്രാ ഫ്യുവൽസിലാണ് ഇന്ധനം നിറയ്‍ക്കുന്നത്. ഏപ്രിൽ മുതലുള്ള തുക കുടിശ്ശികയാണ്. വാഹനങ്ങൾക്ക് അറ്റകുറ്റപ്പണികൾ വേണ്ടിവന്നാൽ അധികച്ചെലവാകും. ഇന്റർനെറ്റ് ചാർജും കുടിശ്ശികയാണ്.
പ്രതിവർഷം 1.22 കോടി രൂപ ലഭ്യമായാലേ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുപോകൂ. മുഖ്യമന്ത്രി, തദ്ദേശഭരണ വകുപ്പ്, പട്ടികജാതി/വർഗ വികസന വകുപ്പ് മന്ത്രിമാർക്ക് നിവേദനങ്ങൾ നൽകിയിട്ടും നടപടികളില്ല. 1.22 കോടി രൂപ പ്രത്യേക ഗ്രാന്റ് ഉടൻ അനുവദിക്കണമെന്നും ജനറൽ പർപ്പസ് ഫണ്ട് പുനഃസ്ഥാപിക്കുകയും വേണം.









0 comments