സാധാരക്കാരന്റെ കീശ കീറുന്നു; വിലക്കയറ്റം പിടിച്ചുനിർത്താൻ നടപടിയെടുക്കാതെ സർക്കാർ

തിരുവനന്തപുരം : സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റുന്ന വിധത്തിൽ വിലക്കയറ്റം രൂക്ഷമാകുമ്പോൾ വില നിയന്ത്രിക്കാൻ കഴിയാതെ നട്ടംതിരിയുകയാണ് സർക്കാർ. അരിയും പയറും പഞ്ചസാരയും പച്ചക്കറിയും പലവ്യഞ്ജനങ്ങളുമെല്ലാം വിലയിൽ കുതിക്കുകയാണ്. അവശ്യസാധനങ്ങളുടെ വില പിടിച്ചുനിർത്താൻ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
മട്ട, പാലക്കാടൻ ജയ തുടങ്ങിയ അരിക്കെല്ലാം വില ഉയരുകയാണ്. ആന്ധ്രയിൽ നിന്നെത്തുന്ന വെള്ള അരിക്ക് ഓഗസ്തിൽ ചാക്കിന് 200 രൂപയായിരുന്നത് സെപ്റ്റംബർ ആയപ്പോഴേക്കും 1,600 രൂപയായി കുത്തനെ ഉയർന്നു. തമിഴ്നാട്ടിൽ നിന്നെത്തുന്ന അരിക്കും കിലോക്ക് 15-30 രൂപവരെ വർധിച്ചിട്ടുണ്ട്. പയർവർഗങ്ങളുടെ വിലയും കുതിക്കുകയാണ്. ചെറുപയറിന് മാത്രം ഒരാഴ്ചക്കിടെ കിലോക്ക് 10 രൂപയോളം ഉയർന്നു. സെപ്റ്റംബർ 17ന് 78.72 രൂപയായിരുന്നത് സെപ്റ്റംബർ 20ന് 85 രൂപയായി.
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അവശ്യസാധനങ്ങളിലൊന്നാണ് പഞ്ചസാര. കഴിഞ്ഞ രണ്ടുമാസമായി പഞ്ചസാരയുടെ വില ഉയർന്നു തന്നെയാണ്. എല്ലാ പച്ചക്കറികൾക്കും ഒരാഴ്ച കൊണ്ട് വില കുത്തനെ കയറിയിട്ടുണ്ട്. ചെറിയ ഉള്ളിക്ക് ഒരാഴ്ചക്കുള്ളിൽ 10 രൂപയാണ് കൂടിയത്. തക്കാളി, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയ പച്ചക്കറികൾക്കെല്ലാം ഒരാഴ്ച കൊണ്ട് വില ഉയർന്നിട്ടുണ്ട്.
പലചരക്ക് സാധനങ്ങളുടെ വിലയിലും കുറവൊന്നുമില്ല. മല്ലി, ഉണക്കമുളക്, മഞ്ഞൾ തുടങ്ങിവക്കെല്ലാം വിപണിയിൽ വില കുതിച്ചുയരുകയാണ്. അവശ്യ സാധനങ്ങളുടെ വില കുതിക്കുമ്പോൾ വിപണിയിലെ ഇടപെടലുകൾ ശക്തമാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. വിപണിയെ നിയന്ത്രിക്കേണ്ട സർക്കാർ ഇടപെടലുകളൊന്നും നടത്താതെ വിലക്കയറ്റത്തിന്റെ ഭാരം സാധാരണക്കാരുടെ ചുമലിൽ വെച്ചുകെട്ടുകയാണ്.









0 comments