ജനന-മരണ രജിസ്ട്രേഷനിലും പിടിമുറുക്കി കേന്ദ്ര സര്‍ക്കാര്‍: പുതിയ നിയമം ഒക്ടോബര്‍ 1 മുതൽ

ന്യൂഡൽഹി:ജനന-മരണ രജിസ്ട്രേഷനിൽ കടുത്ത നിബന്ധനകൾ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പുതിയതായി കൊണ്ടുവന്ന ഭേദഗതികൾ ഒക്ടോബര്‍ ഒന്നുമുതൽ പ്രാബല്യത്തിലാവും. ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) നിയമം-2026 ഇതോടെ നിലവിൽ വരുമെന്ന് ഇന്ത്യാ രജിസ്ട്രാർ ജനറൽ മൃത്യുഞ്ജയ് കുമാർ നാരായൺ അറിയിച്ചു. ഒരു വര്‍ഷം വൈകി നടുത്തുന്ന രജിസ്ട്രേഷനുകൾക്ക് വരെ കര്‍ശന നിബന്ധനകൾ ചുമത്തിയാണ് വിജ്ഞാപനം.
പ്രധാന വ്യവസ്ഥകൾ
ജനനമരണ രജിസ്ട്രേഷനുകൾ നടത്തുന്നത് ഏതെങ്കിലും കാരണവശാൽ ഒരു വര്‍ഷം വൈകിയാൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് (DM), സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (SDM) അല്ലെങ്കിൽ ഇതേ അധികാര പരിധിയിൽ ചുമതലപ്പെടുത്തപ്പെട്ടവര്‍ ഇവരിൽ ആരെങ്കിലും സാക്ഷ്യപ്പെടുത്തണം. പരിശോധന നടത്തി ഉറപ്പിച്ചതായുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് തലത്തിലുള്ള ഉത്തരവ് ആവശ്യമാണ്. ഇതിനു പുറമെ നിശ്ചിത ഫീസും നൽകണം.
രണ്ടു വര്‍ഷത്തിൽ അധികം വൈകിയാൽ കൂടുതൽ കര്‍ശനമായ ജുഡീഷ്യൽ പരിശോധന ആവശ്യമാണ്. ഇനി മുതൽ ഇത്തരം അപേക്ഷകളിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് ഉണ്ടായാൽ മാത്രമേ രജിസ്ട്രേഷൻ അനുവദിക്കയുള്ളൂ.
1969-ലെ ജനന-മരണ രജിസ്ട്രേഷൻ നിയമത്തിലെ (2023-ൽ ഭേദഗതി വരുത്തിയത്) സെക്ഷൻ 13(3) ലാണ് പുതിയ ഭേദഗതികൾ വരുത്തിയിരിക്കുന്നത്. രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കാൻ എന്ന പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം പുതുക്കിയത്. ഡൽഹി പൊലീസിന്റെ വിദ്യാർഥിവേട്ടയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശദീകരണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചർച്ച കൂടാതെയാണ് ഇരുസഭകളിലും ബില്‍ പാസാക്കിയത്. രജിസ്ട്രേഷൻ പ്രക്രിയ ജുഡീഷ്യൽ സംവിധാനത്തിലേക്ക് മാറ്റിക്കൊണ്ടാണ് ഭേദഗതി കൊണ്ടുവന്നത്.
ഈ നിയമപ്രകാരം നൽകുന്ന ജനന മരണ സര്‍ട്ടിഫിക്കറ്റുകൾ ഒരു വ്യക്തിയുടെ നിയമപരമായ തിരിച്ചറിൽ രേഖയും വിവിധ ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള പ്രഥമിക തെളിവുമാകും.
Related News
പൗരത്വ പരിശോധന
ഡിജിറ്റൽ ഭരണസംവിധാനം ശക്തമാക്കാനും വ്യാജ സർട്ടിഫിക്കറ്റുകൾ തടയാനും എന്ന പേരിൽ 2023-ലെ ഈ നിയമഭേദഗതി വഴിയാണ് ഈ നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടത്. ഡിജിറ്റൽ രജിസ്ട്രേഷനും മറ്റ് സേവനങ്ങൾക്കും ജനന സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയുള്ള നിയമം 2023 ഒക്ടോബർ 1 ന് പ്രാബല്യത്തിൽ കൊണ്ടുവന്നിരുന്നു.
മാത്രമല്ല ഈ നിയമ ഭദഗതി പ്രകാരം ജനന-മരണ രജിസ്ട്രേഷനുകൾ ഉൾപ്പെടുത്തി കേന്ദ്ര തലത്തിൽ ഒരു നാഷണൽ ഡാറ്റാബേസ് രൂപീകരിക്കാൻ രജിസ്ട്രാര്‍ ജനറലിന് കീഴിൽ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതു പ്രകാരം രജിസ്റ്റര്‍ ചെയ്യുമ്പോൾ കുട്ടികളുടെ രക്ഷിതാക്കൾക്ക് പുറമെ സാക്ഷ്യപ്പെടുത്തുന്ന ആളുടെ ആധാര്‍ നമ്പര്‍ വരെ ആവശ്യപ്പെടുന്നുണ്ട്. വോട്ടർ പട്ടിക, റേഷൻ കാർഡ്, ജനസംഖ്യാ രജിസ്റ്റർ (NPR), പാസ്‌പോർട്ട് തുടങ്ങിയ മറ്റ് സർക്കാർ സേവനങ്ങളുമായി ഈ ഡിജിറ്റൽ വിവരങ്ങൾ ഘട്ടംഘട്ടമായി ലിങ്ക് ചെയ്യാനും വ്യവസ്ഥ ചെയ്തു.
ഇതോടൊപ്പം രാജ്യത്തുടനീളമുള്ള ജനന-മരണ രജിസ്ട്രേഷനുകൾ ഉൾപ്പെടുത്തി കേന്ദ്ര തലത്തിൽ ഒരു നാഷണൽ ഡാറ്റാബേസ് രൂപീകരിക്കാൻ രജിസ്ട്രാർ ജനറലിന് കീഴിൽ നടപടി വിജ്ഞാപനം ചെയ്തു. സംസ്ഥാനങ്ങളിൽ ചീഫ് രജിസ്ട്രാർമാർ ഏകീകൃത ഡിജിറ്റൽ ഡാറ്റാബേസ് പരിപാലിക്കുകയും ഇത് കേന്ദ്ര ഡാറ്റാബേസുമായി ബന്ധിപ്പിക്കുകയും വേണമെന്നും കര്‍ശന നിബന്ധന വെച്ചു. പൗരത്വ രജിസ്ട്രി തയാറാക്കുന്നതിനുള്ള നീക്കത്തിന് സമാന്തമായിരുന്നു ഇവ.









0 comments