ലിംഗസമത്വ സൂചിക: ഇന്ത്യ 131-ാം സ്ഥാനത്ത് തന്നെ; ആഗോള ശരാശരിയേക്കാൾ ബഹുദൂരം പിന്നിൽ

ന്യൂഡൽഹി: 2026ലെ ആഗോള ലിംഗസമത്വ സൂചികയിൽ ഇന്ത്യ 131-ാം സ്ഥാനത്ത് തുടരുന്നു. വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം ആകെ 145 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ 14 രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. രാജ്യത്ത് സ്ത്രീകളുടെ സമത്വവും പങ്കാളിത്തവും ഉറപ്പാക്കുന്നതിൽ കേന്ദ്രത്തിന്‍റെ പാളിച്ചകാളാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ആഗോള ലിംഗസമത്വ സൂചികയിൽ ഐസ്‌ലാൻഡ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഫിൻലാൻഡ്, നോർവേ എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ആഫ്രിക്കൻ രാജ്യമായ ചാഡ് ആണ് പട്ടികയിൽ ഏറ്റവും പിന്നിൽ (145). ഇറാനും പാകിസ്ഥാനുമാണ് ചാഡിന് തൊട്ടുമുകളിലുള്ളത്.
ആഗോളതലത്തിൽ ലിംഗസമത്വം 69.2 ശതമാനത്തിലെത്തിയപ്പോൾ, ജനസംഖ്യയിൽ ഒന്നാമതുള്ള ഇന്ത്യയിലിത് 64.5 ശതമാനം മാത്രമാണ്. ലോകമെമ്പാടും പൂർണ ലിംഗസമത്വം കൈവരിക്കാൻ നിലവിലെ വേഗതയിൽ ഇനി 120 വർഷമെടുക്കുമെന്ന് ജനീവ ആസ്ഥാനമായ വേൾഡ് ഇക്കണോമിക് ഫോറം വ്യക്തമാക്കുന്നു.
പപ്പുവ ന്യൂഗിനിയ, കുവൈത്ത്, ഒമാൻ, ഖത്തർ, തജാക്കിസ്ഥാൻ, സൗദി അറേബ്യ, ഈജിപ്ത്, മൊറോക്കോ, മാലി, അൾജീരിയ, കോംഗോ തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങൾ മാത്രമാണ് സൂചികയിൽ ഇന്ത്യയ്ക്ക് പിന്നിലുള്ളത്. സാമ്പത്തിക പങ്കാളിത്തവും അവസരങ്ങളും അളക്കുന്ന ഉപസൂചികയിൽ 41.2 ശതമാനമാണ് ഇന്ത്യയുടെ സ്കോർ. ഇത് മുൻ വർഷത്തേക്കാൾ 0.5 ശതമാനം ഉയർന്നതാണെങ്കിലും, 2013-ൽ ഇന്ത്യ കൈവരിച്ച ഏറ്റവും മികച്ച സ്കോറിനേക്കാൾ 3.5 ശതമാനം താഴെയാണ്.









0 comments