ad
Deshabhimani

തെരുവീഥികളിൽ വർണ്ണക്കാഴ്ചകൾ: ഓച്ചിറ കാളകെട്ടുത്സവം ഇന്ന്

ochira kettukala
വെബ് ഡെസ്ക്

Published on Sep 23, 2026, 01:58 PM | 1 min read

കരുനാഗപ്പള്ളി: ഓണാട്ടുകരയെ ആവേശത്തിമിർപ്പിലാക്കുന്ന ഓച്ചിറ കാളകെട്ടുത്സവം പുരോ​ഗമിക്കുന്നു. ജനസഞ്ചയം ഒന്നാകെ ഓച്ചിറ പടനിലത്തേക്ക് ഒഴുകിയെത്തുകയാണ്. 52 കരകളിൽനിന്നായി 200ൽ അധികം നന്ദികേശന്മാരെയാണ് വിവിധ കാളകെട്ടുസമിതികളുടെ നേതൃത്വത്തിൽ ഓച്ചിറ പടനിലത്തേക്ക് എത്തിക്കുന്നത്. ഇരുപത്തിയെട്ടാം ഓണത്തോട് അനുബന്ധിച്ചാണ് ഉത്സവം നടക്കുന്നത്.


ഒരു മാസത്തിലധികമായി വിവിധ കാളകെട്ടുസമിതികളുടെ നേതൃത്വത്തിൽ കാളകളെ കെട്ടി അലങ്കരിക്കുന്ന പ്രവർത്തനം നടക്കുകയായിരുന്നു. നിർമാണ വൈവിധ്യം കൊണ്ട് വ്യത്യസ്തങ്ങളായ നന്ദികേശന്മാരാണ് ഓരോന്നും. മാമ്പ്രക്കന്നേൽ കാളകെട്ട് സമിതിയുടെ ഏറ്റവും ഉയരം കൂടിയ (17.75 അടി) കാലഭൈരവനോപ്പം ഇത്തവണ തലപ്പൊക്കത്തിൽ വമ്പന്മാരായി കായംകുളം ചിറക്കടവ് യുവജന സമിതിയുടെ വീരഭദ്ര മഹാദേവൻ, ചങ്ങൻകുളങ്ങര കാളകെട്ട് സമിതിയുടെ യുവമന്ത്ര, പ്രയാർ പറയടത്തുമുക്ക് കാളകെട്ട് സമിതിയുടെ അസുരാധിപതി കാലകേയൻ തുടങ്ങിയവയും കാഴ്ചപ്പൂരത്തിന് മാറ്റുകൂട്ടും.


നിർമാണത്തിലെയും രൂപത്തിലെയും വ്യത്യസ്തത കൊണ്ട് കൗതുകം പകരാൻ സ്വർണക്കാളകളും വെള്ളിക്കാളകളും ഉണ്ടാകും. ആദിനാട് തുറയിൽകടവിന് സമീപം അമ്പാടിമുക്ക് യുവജനസമിതിയാണ് സ്വർണക്കാളകളെ എഴുന്നള്ളിക്കുന്നത്. 13വർഷമായി ഇത്‌ തുടരുന്നു. വെങ്കലത്തിൽ നിർമിച്ച്‌ സ്വർണം പൂശിയ കാളകൾക്ക് 50 കിലോയോളം തൂക്കം വരും. വള്ളിക്കാവ് തൃക്കാർത്തിക കാളകെട്ട് സമിതിയുടെ നേതൃത്വത്തിൽ 12 വർഷമായി എഴുന്നള്ളിക്കുന്ന വെള്ളിയിൽ പൊതിഞ്ഞ നന്ദികേശന്മാരും ക‍ൗതുകമാകും. കാളകെട്ടുത്സവത്തിന്റെ ഭാഗമായി കലാ പരിപാടികളും സാംസ്‌കാരിക ചടങ്ങുകളും നടക്കും.


പ്രത്യേക വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വെള്ളിക്കാളകളെ ഓച്ചിറയിലേക്ക് ആനയിക്കുന്നത്. കാളകെട്ട് ഉത്സവത്തോടനുബന്ധിച്ച് ഓണാട്ടുകര ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ചൊവ്വ പ്രാദേശിക അവധിയാണ്‌. മൂന്നു കിലോമീറ്റർ ചുറ്റളവിൽ കലക്ടർ മദ്യനിരോധനം ഏർപ്പെടുത്തി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home