ലോക കേരള സഭയെ ഇല്ലാതാക്കുന്നു; പ്രതിഷേധവുമായി പ്രവാസി സംഘടനകൾ

മസ്‌കത്ത്: ലോകമെമ്പാടുമുള്ള മലയാളി പ്രവാസി സമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും കേരളത്തിന്റെ വികസനവുമായി ബന്ധിപ്പിക്കുന്ന പ്രധാന ജനാധിപത്യവേദിയായ ലോക കേരള സഭ പിരിച്ചുവിടുന്ന യുഡിഎഫ് സർക്കാരിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് കൈരളി ഒമാൻ. വിദേശരാജ്യങ്ങളിൽ കഠിനാധ്വാനം ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളുടെ പ്രശ്നങ്ങളും ആശങ്കകളും നിർദേശങ്ങളും കേരള സർക്കാരിന് മുന്നിൽ നേരിട്ട് അവതരിപ്പിക്കാനുള്ള വേദിയെന്ന നിലയിൽ ലോക കേരള സഭയ്ക്ക് വലിയ പ്രസക്തിയാണുള്ളത്.
പ്രവാസികളുടെ ക്ഷേമം, തൊഴിൽ സുരക്ഷ, പുനരധിവാസം, നിക്ഷേപ സാധ്യതകൾ, നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം, പുതിയ തലമുറ പ്രവാസി മലയാളികളുടെ കേരളവുമായുള്ള ബന്ധം തുടങ്ങിയ നിരവധി വിഷയങ്ങൾ തുടർച്ചയായ ചർച്ചയും സർക്കാർ ഇടപെടലും ആവശ്യപ്പെടുന്നവയാണ്. സർക്കാരുകൾ മാറിയാലും പ്രവാസി സമൂഹവുമായി സംവദിക്കുന്ന ഇത്തരം ജനാധിപത്യ സംവിധാനങ്ങൾ തുടരണം. അതുകൊണ്ട് ലോക കേരള സഭ പിരിച്ചുവിടുന്ന തീരുമാനം സർക്കാർ അടിയന്തരമായി പിൻവലിക്കണം. പ്രവാസി സംഘടനകളുമായും വിവിധ രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളുമായും ചർച്ച നടത്തി കൂടുതൽ കാര്യക്ഷമമായ രീതിയിൽ ലോക കേരള സഭ തുടരണമെന്നും കൈരളി ഒമാൻ വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
റിയാദ്
ലോക കേരള സഭ അവസാനിപ്പിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം പ്രതിഷേധാർഹമാണെന്ന് കേളി കലാസാംസ്കാരിക വേദി. പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് അവതരിപ്പിക്കാനും പ്രവാസി മലയാളികളുടെ അനുഭവങ്ങളും നിർദേശങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും അവസരം ഒരുക്കിയ വേദിയായിരുന്നു ലോക കേരള സഭ. സഭയിൽ ഉയർന്നുവന്ന ചർച്ചകളുടെ തുടർച്ചയായി രൂപംകൊണ്ടതും പ്രവാസികളുടെ ജീവിതത്തിൽ നേരിട്ട് ഇടപെട്ടതുമായ നിരവധി ക്ഷേമപദ്ധതികളുണ്ട്.
നോർക്ക കെയർ, നോർക്ക കെയർ പ്ലസ് തുടങ്ങിയ പദ്ധതികൾ ഇതിന് പ്രധാന ഉദാഹരണങ്ങളാണ്. അടിയന്തര ചികിത്സാ സാഹചര്യങ്ങളിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഘട്ടങ്ങളിലും നിരവധി പ്രവാസികൾക്കും കുടുംബങ്ങൾക്കും ആശ്വാസം നൽകാനും ജീവൻ രക്ഷിക്കാനും ഇത്തരം പദ്ധതികൾക്ക് കഴിഞ്ഞിട്ടുണ്ട്. പ്രവാസി ക്ഷേമം, തൊഴിൽ, സുരക്ഷിത കുടിയേറ്റം, നിയമസഹായം, വിദേശ തൊഴിൽ അവസരങ്ങൾ തുടങ്ങിയ മേഖലകളിലും നോർക്ക വഴി നിരവധി ഇടപെടലുകൾ നടന്നു. വിവിധ രാജ്യങ്ങളിലെ ആരോഗ്യ മേഖലയിലേക്ക് ഡോക-്‌ടർമാരെയും നഴ്സുമാരെയും മറ്റ് ജീവനക്കാരെയും റിക്രൂട്ട് ചെയ്യുന്നതിനും നോർക്ക റൂട്ട്സ് പ്രവർത്തിക്കുന്നുണ്ട്.
ജർമനിയിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി നടപ്പാക്കുന്ന നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതി ഉൾപ്പെടെയുള്ള ഇടപെടലുകൾ വഴി വിദേശ തൊഴിൽ അവസരങ്ങൾ മലയാളികൾക്ക് ലഭ്യമാക്കുന്നുണ്ട്. പ്രവാസികളുടെ ആവശ്യങ്ങളിൽനിന്ന് ഉയർന്നുവന്ന ചർച്ചകൾ നയപരമായ ഇടപെടലുകളായി മാറുകയും അതുവഴി പ്രവാസികൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുകയും ചെയ്‌ത അനുഭവങ്ങളാണ് കഴിഞ്ഞ കാലത്തുള്ളത്. അത്തരം ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടുത്തേണ്ട ഘട്ടത്തിലാണ് പ്രവാസി സമൂഹത്തെ ഔദ്യോഗികമായി കേൾക്കാനുള്ള വേദി തന്നെ അവസാനിപ്പിക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.
ലോക കേരളസഭയെ രാഷ്ട്രീയ കണ്ണിലൂടെ മാത്രം കാണാതെ കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക വളർച്ചയിൽ പ്രവാസികൾ വഹിക്കുന്ന പങ്കിന്റെ അടിസ്ഥാനത്തിൽ സമീപിക്കണം. ലോക കേരള സഭ അവസാനിപ്പിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും പ്രവാസി മലയാളികളുടെ പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പാക്കുന്ന ലോക കേരള സഭ തുടരണമെന്നും കേളി കലാസാംസ്കാരിക വേദി സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.








0 comments