എത്ര മറച്ചുപിടിച്ചാലും യഥാർത്ഥ സതീശൻ പുറത്തു വരും

തിരുവനന്തപുരം: വിമർശനങ്ങൾക്ക് കിടിലൻ മറുപടികളുമായി വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ കത്തിക്കയറുമെന്ന് സ്‌തുതിപാടിയവർ തീർത്തും നിരാശരായി. മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ ഇന്നത്തെ വാർത്താസമ്മേളനത്തിൽ കാറ്റുപോയ ബലൂണിന്റെ അവസ്ഥയിലായിരുന്നു മുഖ്യമന്ത്രി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മുന്നിൽ അരമണിക്കൂർ മിണ്ടാട്ടം മുട്ടി നിൽക്കേണ്ട ഗതികേടും മറുപടിക്കാര്യത്തിൽ കേമനെന്ന് പ്രചരിപ്പിക്കപ്പെട്ട മുഖ്യനുണ്ടായി. എന്നാൽ, ഇതിനിടയിലും പതിവുപോലെ ചില നുണകൾ തട്ടിവിടാൻ അദ്ദേഹം മറന്നതുമില്ല.
മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയും ഷാജിയുടെ റേഞ്ച് റോവർ കറക്കവും മന്ത്രിമാരുടെ വിദേശയാത്രയും എല്ലാ മാധ്യമങ്ങളിൽ നിന്നും ചോദ്യശരങ്ങളായി ഉയർന്നപ്പോൾ മുഖം കൊണ്ട് കോക്രി കാണിക്കാലും പുഛഭാവം ചൊരിയലുമാണ് സതീശൻ നടത്തിയത്. ഫയലുകെട്ടലും അഴിക്കലും അതിനിടയിലെ പതിവുകാഴ്‌ചയുമായി.
ഹണിമൂൺ കഴിഞ്ഞു. ഇനി ഇളവില്ല. എന്ന വ്യക്തമായ സൂചനയോടെ ചില മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിക്കാൻ തയ്യാറായതാണ് ഇന്നത്തെ വാർത്താസമ്മേളനത്തിലുണ്ടായ മാറ്റം. ആ ചെറിയ മാറ്റത്തിൽ തന്നെ തർക്കുത്തരവും അഹങ്കാരവും തന്നിഷ്‌ടവും നിറച്ച പതിവു മറുപടികൾക്കു നിൽക്കാതെ സതീശൻ അസ്വസ്ഥനാകുന്നതാണ് വാർത്താസമ്മേളനത്തിൽ ഉടനീളം കണ്ടത്. ഇതിനിടയിലും പവർക്കട്ട് എൽഡിഎഫ് കാലത്തെ അനാസ്ഥകൾ കാരണമാണെന്നും ഷാജിയുടെ റേഞ്ച് റോവർ സർക്കാർ അനുമതിയോടെയാണെന്നും പച്ചക്കള്ളം തട്ടിവിടാൻ ഒരുമടിയും ഉണ്ടായില്ല.
നാലു മാസത്തിനിടെ ആദ്യമായി മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് മുഖ്യമന്ത്രിക്കായി മലയാളം–ഇംഗ്ലീഷ് രക്ഷാചോദ്യങ്ങളും ഉണ്ടായില്ല എന്നതും ഇന്നത്തെ വാർത്താസമ്മേളനത്തിന്റെ പ്രത്യേകതയായി. സർക്കാരിന്റെ നാണംകെട്ട അവസ്ഥയിൽ അതിനു മുതിർന്നാൽ തങ്ങളും തീർത്തും നാണംകെടുമെന്ന് ഭയന്നായിരിക്കണം രക്ഷകർ പിന്നോട്ടു വലിഞ്ഞത്.
ഒടുവിൽ, മാധ്യമങ്ങൾ തന്നെ പീഡിപ്പിക്കുന്നുവെന്ന വിലാപവുമായി എല്ലാവരോടും മുഖംതിരിച്ച് എഴുന്നേറ്റു പോകുന്ന ദൃശ്യം ദയനീയമായി തോന്നി. കുറച്ചു സമയം കൂടി ഇരുന്നിരുന്നുവെങ്കിൽ പറവൂരുകാരനായ യഥാർത്ഥ സതീശൻ പുറത്തുവന്നേനേ. ഭാഗ്യം, സോഷ്യൽമീഡിയ ടീമും ചുറ്റുമുള്ള വാഴ്‌ത്തുപാട്ടുകാരും നിർമ്മിച്ച എഐ സതീശൻ വലിയ തട്ടുകേടില്ലാതെ ഇന്നു രക്ഷപ്പെട്ടു എന്നു മാത്രം പറയാം.









0 comments