ad
Deshabhimani

ജനങ്ങളെ മറന്ന മോദിക്ക്‌ രാജ്യത്തിന്റെ തിരുത്ത്‌

editorial today
വെബ് ഡെസ്ക്

Published on Jul 27, 2026, 12:00 AM | 2 min read

ഒരു പ്രതിഷേധത്തിനും കീഴടങ്ങാതെ അധികാരത്തിന്റെ ഉരുക്കുമുഷ്ടികൊണ്ട്‌ എല്ലാ എതിർപ്പുകളെയും അടിച്ചമർത്തി ഭരിക്കാമെന്ന്‌ അഹങ്കരിച്ചിരുന്ന മോദി സർക്കാരിന്റെ ധാർഷ്‌ട്യത്തിനേറ്റ കനത്ത പ്രഹരമാണ്‌ യുവജന വിദ്യാർഥി സമരത്തിന്റെ വിജയം. തല്ലിയാലും കൊന്നാലും പ്രക്ഷോഭത്തിൽനിന്ന്‌ പിന്മാറില്ലെന്ന്‌ ഉറക്കെ പ്രഖ്യാപിച്ചപ്പോൾ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‌ രാജിവച്ച്‌ പുറത്തുപോകേണ്ടിവന്നു. ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളെ പ്രതിരോധിച്ചാണ്‌ ഇന്ത്യ കണ്ട ഏറ്റവും വലിയ യുവജന, വിദ്യാർഥി പ്രക്ഷോഭം 35 ദിവസം തുടർന്നത്‌. പൊലീസിന്റെയും കേന്ദ്രസേനയുടെയും ലാത്തിയടിയെയും കണ്ണീർവാതക ഷെല്ലുകളെയും പെല്ലറ്റ്‌ പ്രയോഗങ്ങളെയുമെല്ലാം അതിജീവിച്ചാണ്‌ സമരം വിജയിച്ചത്‌. ഇത്‌ ഭാവിയിലേക്കുള്ള പുതിയ പ്രതീക്ഷയാണ്‌. മതനിരപേക്ഷ ജനാധിപത്യ ഇന്ത്യക്ക്‌ നൽകുന്ന പ്രതീക്ഷ.


ജനാധിപത്യ സംവിധാനത്തിൽ ഭരണാധികാരികൾ ജനങ്ങളോട് ഉത്തരവാദികളായിരിക്കണം. അത്‌ മറന്നുകൊണ്ട്‌ അടിച്ചമർത്തൽ നയം തുടരുമ്പോൾ ജനകീയ പ്രക്ഷോഭങ്ങൾ ചരിത്രത്തിന്റെ ഗതിതന്നെ തിരുത്താറുണ്ട്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങൾ, പരീക്ഷാ നടത്തിപ്പിലെ വിശ്വാസ്യത, പ്രതിസന്ധി, അതിനെ തുടർന്നുണ്ടായ വിദ്യാർഥികളുടെ കടുത്ത മാനസിക സംഘർഷം എന്നിവയ്‌ക്കെതിരെ ഉയർന്ന പ്രതിഷേധം ഇപ്പോൾ മോദി സർക്കാരിന്‌ ഒരു മുന്നറിയിപ്പായി മാറി.


നീറ്റ്‌ ഉൾപ്പെടെയുള്ള ദേശീയ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കേണ്ടത്‌ കേന്ദ്രസർക്കാരും ദേശീയ പരീക്ഷാ ഏജൻസികളുമാണ്‌. അത്‌ നിർവഹിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടപ്പോഴാണ്‌ രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമിട്ടത്‌. എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ നീറ്റ്‌ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ സമരം ആരംഭിക്കുന്നു. പിന്നീട്‌ അഭിജീത്‌ ദിപ്‌കെയുടെ നേതൃത്വത്തിൽ രൂപംകൊണ്ട സിജെപി സോഷ്യൽമീഡിയ ക്യാമ്പയിനിലൂടെ പ്രതിഷേധത്തിന്‌ ആഹ്വാനം ചെയ്യുന്നു. ലക്ഷക്കണക്കിന്‌ യുവജനങ്ങൾ ഇത്‌ ഏറ്റെടുത്തു.


വിദ്യാഭ്യാസമന്ത്രി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ജന്തർമന്തറിൽ സിജെപി സമരം ആരംഭിക്കുന്നു. എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ സംഘടനകളും സമരത്തിന്റെ ഭാഗമായി. വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പ്രതിഷേധത്തെ ആദ്യം അവഗണിക്കുകയും പിന്നീട് അടിച്ചമർത്തലിലൂടെ നേരിടാനുമാണ്‌ മോദി സർക്കാർ ശ്രമിച്ചത്‌. അടിച്ചമർത്തൽ പ്രതിഷേധത്തെ അവസാനിപ്പിക്കുകയല്ല ചെയ്‌തത്‌, അതിനെ കൂടുതൽ ശക്തിപ്പെടുത്തുകയായിരുന്നു. ഓരോ ദിവസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ ആയിരക്കണക്കിന്‌ യുവജനങ്ങൾ തലസ്ഥാനത്തെ സമരകേന്ദ്രത്തിലേക്ക്‌ ഒഴുകിയെത്തി. പ്രക്ഷോഭം ആളിപ്പടർന്നതോടെ പരിഭ്രാന്തിയിലായി.


പന്ത്രണ്ട്‌ വർഷത്തിനിടെ ഇത്‌ രണ്ടാമതാണ്‌ ഒരു പ്രക്ഷോഭത്തിനുമുന്നിൽ മോദി സർക്കാർ കീഴടങ്ങിയത്‌. മൂന്ന്‌ കാർഷിക നിയമങ്ങൾക്കെതിരെ സംയുക്തമായി കർഷകർ ഒരു വർഷത്തിലേറെ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന്‌ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ അഞ്ച്‌ വർഷംമുമ്പ് സർക്കാർ നിർബന്ധിതമായി. താൽക്കാലികമായാണ്‌ യുവജന വിദ്യാർഥി പ്രക്ഷോഭം അവസാനിപ്പിച്ചിരിക്കുന്നത്‌. ഇ‍ൗ സമരം തുടക്കം മാത്രമാണെന്നും ഇനിയും ഒരുപാട്‌ ദൂരം മുന്നോട്ടുപോകാനുണ്ടെന്നുമാണ്‌ സമരത്തിന്‌ നേതൃത്വം നൽകിയ സിജെപി സ്ഥാപകൻ അഭിജീത്‌ ദിപ്‌കെ പറഞ്ഞത്‌. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കണം.


ദേശീയ ടെസ്റ്റിങ് ഏജൻസിയുടെ പ്രവർത്തനം സ്വതന്ത്രമായി വിലയിരുത്തണം. പരീക്ഷാ സുരക്ഷ, സാങ്കേതിക സംവിധാനങ്ങൾ, സുതാര്യത എന്നിവ ഉറപ്പാക്കുന്ന സമഗ്ര പരിഷ്കാരങ്ങൾ നടപ്പാക്കണം. വിദ്യാഭ്യാസരംഗത്തെ വാണിജ്യവൽക്കരണവും അമിത കേന്ദ്രീകരണവും പുനഃപരിശോധിക്കണം. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി ഉയർന്നുവന്ന കേന്ദ്രീകരണ പ്രവണതകളും പരീക്ഷാ സംവിധാനത്തിന്റെ അമിത കേന്ദ്രീകരണവും ഗൗരവമായി വിലയിരുത്തപ്പെടണം. രാജ്യത്തിന്റെ വൈവിധ്യവും ഫെഡറൽ സ്വഭാവവും മാനിക്കുന്ന, സുതാര്യവും ഉത്തരവാദിത്വവുമുള്ള പരീക്ഷാ സംവിധാനമാണ് ഇന്ത്യക്ക്‌ ആവശ്യമായത്. ഇതിനുള്ള പോരാട്ടം ഇനിയും തുടരേണ്ടിയിരിക്കുന്നു.


പ്രക്ഷോഭത്തിൽ ഇടതുപക്ഷ വിദ്യാർഥി–യുവജന സംഘടനകൾ ഉൾപ്പെടെ ഇടതുപക്ഷം വഹിച്ച പങ്ക് പ്രധാനമാണ്‌. മലയാള മാധ്യമങ്ങൾ ഉൾപ്പെടെ ആരൊക്കെ എത്രയൊക്കെ മൂടിവച്ചാലും ഇ‍ൗ യുവജന വിദ്യാർഥി സമരത്തിന്റെ വിജയത്തിൽ ഇടതുപക്ഷത്തിന്റെ സാന്നിധ്യം എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്‌. തുടക്കത്തിൽ മുഖം തിരിച്ചുനിന്ന മുഖ്യപ്രതിപക്ഷമായ കോൺഗ്രസ്‌ ഒടുവിൽ സമരത്തിന്റെ ഭാഗമായി മാറാൻ നിർബന്ധിക്കപ്പെട്ടു.


എന്തിനേറെ പറയുന്നു സമരം നടന്ന ജന്തർമന്തറിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ്‌ നേതാക്കൾ തയ്യാറായിരുന്നില്ല. സമരം വിജയിച്ചപ്പോഴാകട്ടെ അതിന്റെ ക്രെഡിറ്റ്‌ മുഴുവൻ തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്‌. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും സമരത്തെ അപഹസിക്കുമ്പോൾ അതിനെതിരെ ഒരക്ഷരം പ്രതികരിക്കാൻ കോൺഗ്രസ്‌ തയ്യാറായിരുന്നില്ല. പക്ഷേ, ഒടുവിൽ പ്രക്ഷോഭകർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച്‌ കീഴടങ്ങാൻ മോദി സർക്കാർ നിർബന്ധിതരായി.


ഭരണഘടനയെയും ജനാധിപത്യത്തെയും നീതിന്യായ– തെരഞ്ഞെടുപ്പ്‌ സംവിധാനങ്ങളെയുമെല്ലാം ചവിട്ടിമെതിച്ച്‌ ഏകാധിപത്യത്തിന്റെ രഥചക്രമോടിച്ച മോദി സർക്കാരിന്റെയും സംഘപരിവാറിന്റെയും ഹുങ്കിനേറ്റ തിരിച്ചടിയാണ്‌ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി. വിദ്യാഭ്യാസ മേഖലയിലടക്കം സർക്കാർ പിന്തുടരുന്ന ജനവിരുദ്ധ നയങ്ങൾ തിരുത്തിയില്ലെങ്കിൽ ഇനി വിപുലമായ പ്രക്ഷോഭമാണ് രാജ്യമാകെ ഉയർന്നുവരിക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home