നുണവാർത്തകളുടെ ലഹരിയിൽ മാധ്യമസംഘം

എന്ത് കള്ളവും തുടർച്ചയായി പ്രചരിപ്പിച്ചാൽ സത്യമാകുമെന്ന മിഥ്യാലോകത്താണ് കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങള്‍. പ്രത്യക്ഷത്തിൽത്തന്നെ കളവെന്ന് ബോധ്യപ്പെടുന്ന വിഷയം ആവർത്തിച്ച് ഇതാണ് സത്യമെന്ന് ബോധിപ്പിക്കാനുള്ള പാഴ്ശ്രമം തുടങ്ങിയിട്ട് നാളേറെയായി. ഏതാനും ദിവസങ്ങളായി ഇത് ഏറെ വെളിവാക്കുന്ന വാര്‍ത്തകളാണ് ഒരേവിഷയത്തിൽ ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രിയോടൊപ്പം മാധ്യമങ്ങളും ‘വിസ്മയം’ സൃഷ്ടിക്കുകയാണ്. യുഡിഎഫ് അധികാരമേറ്റ് ഒരു മാസം തികയുമ്പോഴേക്കും കെടുകാര്യസ്ഥതയുടെയും സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും വിസ്മയങ്ങള്‍ ദിവസവും സര്‍ക്കാര്‍ ഒരുക്കുന്നു. അതുകൊണ്ടുതന്നെ സർക്കാരിന്റെ ജനവിരുദ്ധനയങ്ങളെ ഏതുവിധത്തിലും വെള്ള പൂശാനാണ് ഒരുവിഭാഗം മാധ്യമങ്ങളുടെ അത്യുത്സാഹം.
കാര്‍ഷികവിളകളുടെ മൂല്യവർധിത ഉൽപ്പന്നം എന്ന നിലയിലാണ് പഴങ്ങളിൽനിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതോടൊപ്പം കര്‍ഷകര്‍ക്ക് മികച്ച വരുമാനംകൂടി ലക്ഷ്യമിട്ടായിരുന്നു പദ്ധതി. ഉദയഭാനു കമീഷന്‍ റിപ്പോര്‍ട്ടിലും ഇതുസംബന്ധിച്ച നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, വീര്യം കുറഞ്ഞ സ്പിരിറ്റ് കലക്കിക്കൊടുക്കാന്‍ തീരുമാനിച്ചെന്നുവരെ അച്ചടിച്ചുവിടാന്‍ ഒരു ലജ്ജയുമില്ലാത്ത വിധത്തില്‍ തരംതാണുപോയി നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിന്റെ മേലങ്കിയണിഞ്ഞവര്‍.
ഒരു മദ്യക്കന്പനിക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ നികുതിയിളവ് നൽകിയിട്ടില്ല. എല്ലാ നടപടികളും സുതാര്യമായിട്ടാണ് നടത്തിയത്. നിയമസഭാ സബ്ജക്ട് കമ്മിറ്റിയിലടക്കം ചര്‍ച്ച ചെയ്താണ് തീരുമാനിച്ചത്. കമ്മിറ്റിയില്‍ അന്നത്തെ പ്രതിപക്ഷത്തെ പ്രതിനിധാനംചെയ്‌ത് ഇന്നത്തെ സ്പീക്കറടക്കമുള്ളവരും ഉണ്ടായിരുന്നു. നയപരമായ തീരുമാനം സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്തിട്ടും അന്ന് പ്രതിപക്ഷം ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. വീര്യം കുറഞ്ഞ സ്പിരിറ്റ് കലര്‍ന്ന മദ്യത്തിന് ഒരിക്കലും നികുതിയിളവ് നല്‍കിയിട്ടില്ല. അത് സമൂഹത്തില്‍ ഉണ്ടാക്കാവുന്ന പ്രത്യാഘാതം മനസ്സിലാക്കിയാണ് നല്‍കാതിരുന്നതും.
എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ എൽഡിഎഫ് തീരുമാനിച്ചെന്നും അതിൽ അഴിമതിയുണ്ടെന്നും അന്നത്തെ പ്രതിപക്ഷനേതാവ് ആരോപിച്ചു. അന്ന് അഴിമതിയെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് അധികാരത്തിലേറിയപ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങുക മാത്രമല്ല, വന്‍കിട മദ്യക്കമ്പനിക്ക് കൊള്ളലാഭം കൊയ്യാന്‍ വീര്യം കുറഞ്ഞ മദ്യത്തിന് വന്‍തോതില്‍ നികുതിയിളവ് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് കൈയോടെ പിടിക്കപ്പെട്ടപ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കള്ളപ്രചാരണം നടത്തി സ്വയം രക്ഷപ്പെടാന്‍ ഒരു വിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നത്. ഒരേകേന്ദ്രത്തില്‍നിന്ന് തയ്യാറാക്കുന്ന വിധത്തിലാണ് ദിവസങ്ങളായി ചില മാധ്യമങ്ങളുടെ നുണപ്രചാരണം. എല്‍ഡിഎഫിന്റെ കാലത്ത് കൂടുതല്‍ മദ്യശാലകള്‍ തുറന്നെന്നും മദ്യം ഒഴുക്കിയെന്നുമാണ് ആദ്യം പ്രചരിപ്പിച്ചത്. യുഡിഎഫ് ഭരണത്തില്‍ കോടതിവിധിയെത്തുടര്‍ന്ന് ലൈസന്‍സ് റദ്ദായ ബാറുകളെ ബിയര്‍, വൈന്‍ പാര്‍ലറുകളാക്കിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരായിരുന്നു. പിന്നീട് ക്ലാസിഫിക്കേഷന്‍ നിശ്ചയിക്കേണ്ട ഘട്ടം വന്നപ്പോള്‍ നിലവാരമനുസരിച്ച് അവയ്ക്ക് നേരത്തേ ഉണ്ടായിരുന്ന ബാര്‍ ലൈസന്‍സ് നല്‍കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്.
15 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മദ്യഉപഭോഗം നടത്തിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണെന്ന് മുന്‍ എക്സൈസ് മന്ത്രി എം ബി രാജേഷ് കണക്ക് സഹിതം വെളിപ്പെടുത്തിയപ്പോള്‍ അതേക്കുറിച്ച് മാധ്യമങ്ങൾക്ക് മിണ്ടാട്ടമില്ല. യുഡിഎഫ് ഭരണത്തില്‍ 842 ബാറുണ്ടായിരുന്നു. എന്നാല്‍, 45 ബാറുകളേ ഉണ്ടായിരുന്നുള്ളൂവെന്നാണ് മാധ്യമപ്രചാരണം. ഈ വിഷയത്തില്‍ മുന്‍ എക്സൈസ് മന്ത്രി അക്കമിട്ട് ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നിനും മറുപടിയില്ല.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ബക്കാഡി കമ്പനി അപേക്ഷ നല്‍കിയതെന്നുമാത്രം പ്രചരിപ്പിക്കുന്നവര്‍ അപേക്ഷയില്‍ എന്ത് തീരുമാനമെടുത്തെന്ന് പറയാന്‍ തയ്യാറാകുന്നില്ല. അത് പറഞ്ഞാല്‍ തങ്ങളുടെ എല്ലാ കള്ളവും വെളിച്ചത്താകുമെന്നതുതന്നെ കാരണം. മദ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല പി എം ശ്രീ, കരിമണല്‍ തുടങ്ങിയ വിഷയങ്ങളിലും സമാന രീതിയാണ് മാധ്യമങ്ങള്‍ പിന്തുടരുന്നത്.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കിയതുവഴി ഡീലില്‍ എന്തു കിട്ടിയെന്ന് ഉയരുന്ന ചോദ്യത്തോടൊപ്പം മാധ്യമങ്ങള്‍ക്ക് എന്ത് കിട്ടിയെന്ന ചോദ്യവും ഉയര്‍ത്തേണ്ട സമയമായി. തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍നിന്ന് വന്‍തോതില്‍ ലഭിച്ച പരസ്യത്തിന്റെ നന്ദിപ്രകാശനംകൂടിയാകും. എന്നാല്‍ ഏതെല്ലാം മാധ്യമങ്ങളുടെ ഒത്താശയോടെ കള്ളം പ്രചരിപ്പിച്ചാലും സത്യം വെളിവാകുകതന്നെ ചെയ്യും.











0 comments