ad
Deshabhimani

കനത്ത മഴയിൽ നാശനഷ്ടം

Rain

ഗവ. മെഡിക്കൽ കോളേജ് -- കങ്ങരപ്പടി റോഡിൽ കൂറ്റൻ പുളിമരം വീണ് ട്രാൻസ്ഫോർമർ മറിഞ്ഞപ്പോൾ

വെബ് ഡെസ്ക്

Published on Jun 29, 2026, 01:11 AM | 1 min read

കൊച്ചി

ശക്തമായ മഴയിൽ കാക്കനാട് കലക്ടറേറ്റ് വളപ്പിൽ മരം കടപുഴകി വീണ്‌ മോട്ടോർ വാഹനവകുപ്പിന്റെ കാർ തകർന്നു. ഞായർ പകൽ മൂന്നിനായിരുന്നു സംഭവം. കലക്ടറേറ്റ് കവാടത്തിലെ കുടുംബശ്രീ കാന്റീനോട് ചേർന്നുനിന്നിരുന്ന കൂറ്റൻമരമാണ് നിലംപൊത്തിയത്‌. സമീപത്ത്‌ പാർക്ക്‌ ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് മരം വീണത്‌.

മരത്തിന്റെ ചില്ലകൾ നേരത്തേ വെട്ടിനീക്കിയിരുന്നതിനാൽ വലിയദുരന്തം ഒഴിവായി. അവധിദിനമായതിനാൽ അപകടത്തിന്റെ വ്യാപ്തിയും കുറഞ്ഞു. ദിവസവും നിരവധി ആളുകൾ സഞ്ചരിക്കുന്ന പ്രധാന പാതയിലേക്കാണ്‌ മരം വീണത്‌. തൃക്കാക്കര അഗ്നി രക്ഷാസേനയും സിവിൽ ഡിഫൻസും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി. ഞായർ രാവിലെമുതൽ പ്രദേശത്ത് ശക്തമായ മഴയാണ്. കനത്തമഴയിൽ മണ്ണ് കുതിർന്ന് അടിവേരുകൾ ഇളകിയതാകാം മരംമറിയാൻ കാരണമെന്നാണ് നിഗമനം.


മഞ്ഞപ്ര വടക്കുംഭാഗം ജങ്ഷനിൽ കുറ്റൻ വാകമരം കടപുഴകി വീണ്‌ വൈദ്യുതിത്തൂൺ ഒടിഞ്ഞു. ഇതോടെ പ്രദേശത്തെ വൈദ്യുതിബന്ധം താറുമാറായി. ഗതാഗതവും മണിക്കൂറുകളോളം തടസ്സപ്പെട്ടു. അങ്കമാലിയിൽനിന്ന് അഗ്നി രക്ഷാസേനയെത്തി മരം വെട്ടിമാറ്റിയാണ്‌ വൈദ്യുതി പുനഃസ്ഥാപിച്ചത്‌. അന്പത് വർഷം പഴക്കമുള്ള വാകമരമാണ് നിലംപൊത്തിയത്‌. ശക്തിയായ മഴയിൽ അമ്പലംപടി -റാക്കാട് അഞ്ചുംകവലയ്ക്ക് സമീപം ഞായർ പകൽ പന്ത്രണ്ടോടെയാണ് വ്യക്തിയുടെ പുരയിടത്തിന് ചേര്‍ന്നുള്ള മണ്‍തിട്ട റോഡിലേക്ക് ഇടിഞ്ഞു വീണു. റോഡിൽ കല്ലും മണ്ണും വീണതോടെ ഗതാഗതതടസ്സമുണ്ടായി.


കാറ്റിലും മഴയിലും ഗവ. മെഡിക്കൽ കോളേജ് --കങ്ങരപ്പടി റോഡിൽ കൂറ്റൻ പുളിമരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതിയും മുടങ്ങി. ഞായർ പകൽ 1.45 ഓടെയാണ് മരം റോഡിന് കുറുകെ വീണത്.​ മരം വീണത് 11 കെവി വൈദ്യുതിലൈൻ ഉൾപ്പെടെയുള്ള വൈദ്യുതിലൈനുകളിലാണ്. അഞ്ച് വൈദ്യുതിത്തൂണുകൾ തകർന്നു. പോസ്റ്റ് ഒടിഞ്ഞ് ട്രാൻസ്ഫോമർ മറിഞ്ഞു. ​സമീപവാസികൾ അറിയിച്ചതിനെത്തുടർന്ന്‌ ഉടൻതന്നെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. അഗ്നി രക്ഷാ ജീവനക്കാർക്കൊപ്പം സ്റ്റേഡിയം വാർഡ് കൗൺസിലർ ലിസി കാർത്തികേയന്റെ നേതൃത്വത്തിൽ നാട്ടുകാരും നഗരസഭാ ജീവനക്കാരും ചേർന്ന് വൈകിട്ട് ആറോടെ മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കെഎസ്ഇബി ജീവനക്കാർ ട്രാൻസ്ഫോർമറും വൈദ്യുതിത്തൂണുകളും മാറ്റി വൈദ്യുതിവിതരണം സാധ്യമാക്കാൻ രാത്രിയും ജോലി തുടരുകയാണ്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home