തിരുന്നാവായയിൽ ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം

തിരുന്നാവായ സൗത്ത് പല്ലാർ ഭാഗങ്ങളിൽ മതിലുകളിൽ കാണുന്ന ആഫ്രിക്കൻ ഭീമൻ ഒച്ചുകൾ
തിരൂർ
തിരുന്നാവായ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷം. അതിവേഗ വംശവർധന നടത്തുന്ന ഇവ പഞ്ചായത്തിൽ ഓരോ ഭാഗങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യരിൽ മാരകമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാൻ ഈ ഒച്ചുകൾക്ക് കഴിയുമെന്നത് ആശങ്കയേറ്റുന്നു. തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ് രോഗത്തിന് കാരണമാകുന്ന റാറ്റ് ലങ് വേം എന്ന വിരകളുടെ ഇടനിലക്കാരാണ് ആഫ്രിക്കൻ ഒച്ചുകൾ. ഇവ പറ്റിപ്പിടിച്ച പച്ചക്കറികൾ നന്നായി കഴുകാതെ ഉപയോഗിക്കുന്നതിലൂടെയോ, ഇവയുടെ സ്രവങ്ങൾ ശരീരത്തിൽ കലരുന്നതിലൂടെയോ രോഗബാധയുണ്ടാകാം. അതിനാൽ ഒരുകാരണവശാലും ഇവയെ വെറുംകൈയോടെ തൊടരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതിവേഗ വംശവർധന ലിസാ ചടിനാ ഫുലികാ എന്ന ശാസ്ത്രനാമമുള്ള ഭീമൻ ആഫ്രിക്കൻ കര ഒച്ചുകളാണ് തിരുന്നാവായ പഞ്ചായത്തിൽ കണ്ടുവരുന്നത്. 2018ലെയും 19ലെയും പ്രളയത്തിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് ഇവ വ്യാപിച്ചത്. ആദ്യ സമയത്ത് കൊടക്കൽ ബന്തർകടവ് ഭാഗങ്ങളിലാണ് കണ്ടിരുന്നത്. പൂർണ വളർച്ചയെത്തിയ ഒച്ചുകളുടെ തോടിന് ഏഴുമുതൽ 20 സെന്റീമീറ്റർവരെ നീളമുണ്ടാകും. കോൺ ആകൃതിയിലുള്ള തവിട്ടുനിറത്തിലുള്ള തോടുകളാണ് ഇവയ്ക്കുള്ളത്. ആൺ- പെൺ പ്രത്യുല്‍പ്പാദന അവയവങ്ങൾ ഒരേ ഒച്ചിൽതന്നെയുള്ളതിനാൽ വംശവർധന അതിവേഗത്തിലാണ്. ഒറ്റത്തവണ 500ഓളം മുട്ടകളിടുന്ന ഇവ ഒരുവർഷത്തിൽ ആയിരക്കണക്കിന് മുട്ടകൾ വിരിയിക്കുന്നു. ഇവ കൃഷിയിടങ്ങളെ പൂർണമായി നശിപ്പിക്കുകയാണ്. തോടിന്റെ വളർച്ചയ്ക്ക് കാത്സ്യം ആവശ്യമായതിനാൽ വീടുകളുടെ ചുവരുകളിലെ സിമന്റും ചുണ്ണാമ്പുവരെ ഇവ നശിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ജലത്തിലെ ചെറിയ സസ്യങ്ങളെയും ഇവർ ഭക്ഷിക്കുന്നതിനാൽ മത്സ്യങ്ങളുടെയും തവളയുടെയും വംശവർധന ഇത് തടസ്സമാകുന്നു. എങ്ങനെ പ്രതിരോധിക്കാം ശരീരത്തിൽ ഉപ്പിട്ടാണ് ഇവയെ നാട്ടുകാർ നശിപ്പിക്കുന്നത്. പുകയില -തുരിശ് മിശ്രിതം തളിക്കുന്നതും ആഫ്രിക്കൻ ഒച്ചുകളെ ഇല്ലാതാക്കാൻ സഹായിക്കും. ഒച്ചുകൾമൂലമുള്ള പ്രയാസങ്ങൾ നാട്ടിലുണ്ടായതിനുശേഷം നടപടിയെടുക്കുന്നതിന് പകരം ഇവ വലിയ പ്രശ്നമാകുന്നതിനുമുന്പുതന്നെ ബന്ധപ്പെട്ടവർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകനായ സൽമാൻ കരിമ്പനക്കൽ പറഞ്ഞു.











0 comments