Deshabhimani

print edition അഴിമതിക്ക്‌ വളമിടാൻ ഓരോ അഭ്യാസങ്ങൾ

deshabhimani editorial
വെബ് ഡെസ്ക്

Published on Nov 04, 2026, 01:30 AM | 2 min read

നേരെചൊവ്വേ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഐഎഎസ്‌ ഉദ്യോഗസ്ഥർക്കുപോലും രക്ഷയില്ലാതെ വന്നിരിക്കുകയാണ്‌ യുഡിഎഫിന്റെ ‘സ്‌പോൺസർഷിപ് ഭരണ’ത്തിൽ. അധികാരമേറ്റശേഷം പല വകുപ്പുകളിലെയും സെക്രട്ടറിമാരെ പലതവണ അങ്ങോട്ടുമിങ്ങോട്ടും മാറ്റി. സീനിയോറിറ്റിയും പ്രവർത്തനപരിചയവും നോക്കാതെ നിക്ഷിപ്‌തതാൽപ്പര്യങ്ങൾമാത്രം മുൻനിർത്തിയാണ്‌ ഏറിയപങ്കും മാറ്റങ്ങൾ. പല വകുപ്പുകളിലും നടക്കുന്നത്‌ മന്ത്രിമാർ അറിയുന്നില്ലെന്ന്‌ പരാതി ഉയർന്നു. യുഡിഎഫ്‌ അനുകൂല മാധ്യമങ്ങൾവഴി ഉദ്യോഗസ്ഥർക്കെതിരെ വാർത്തകൾ പ്രചരിപ്പിക്കുന്നതും പതിവായി. ഇപ്പോഴാകട്ടെ 32 ഐഎഎസ്‌ ഉദ്യോഗസ്ഥരെ ഒറ്റയടിക്ക്‌ മാറ്റിയിരിക്കുന്നു. ഇത്‌ വ്യാപക അതൃപ്‌തിക്കും പൊട്ടിത്തെറിക്കും വഴിവച്ചിരിക്കുകയാണ്‌. ഭരണപരാജയം മൂടിവയ്‌ക്കാൻ ഉദ്യോഗസ്ഥരെ പഴിക്കുന്നത്‌ സ്ഥലംമാറ്റ നടപടികളുടെ ഒരു ഭാഗംമാത്രമാണ്‌; അഴിമതിക്കും സ്വജനപക്ഷപാതത്തിനും കൂട്ടുനിൽക്കാത്ത ഐഎഎസുകാരെ ദ്രോഹിക്കുകയെന്നതാണ്‌ മറുവശം. അതേസമയം, തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്ന ചില ഉദ്യോഗസ്ഥർക്ക്‌ എന്തും പറയാനും ചെയ്യാനും അനുമതിയും നൽകിയിരിക്കുന്നു.

​

മുൻകാല യുഡിഎഫ്‌ സർക്കാരുകളും ഇത്തരം ശൈലികൾ സ്വീകരിച്ചിരുന്നു. എന്നാൽ, ആറുമാസം തികയുംമുന്പേ സ്ഥിതി ഇത്രയും വഷളാകുന്നത്‌ ആദ്യം. മുഖ്യമന്ത്രിയും മിക്ക സഹപ്രവർത്തകരും ജനാധിപത്യവാദികളായി ചമയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവരുടെ പ്രവൃത്തിയിൽ സഹിഷ്‌ണുത തീരെയില്ലെന്ന്‌ സിവിൽ സർവീസിനോടുള്ള നിലപാട്‌ വ്യക്തമാക്കുന്നു. സർക്കാർ ജീവനക്കാരെ പൊതുവേദിയിൽ ഭീഷണിപ്പെടുത്തിയാണ്‌ സെക്രട്ടറിയറ്റിലെ പരിപാടിയിൽ മുഖ്യമന്ത്രി അരങ്ങേറ്റംകുറിച്ചത്‌. ആരോഗ്യമന്ത്രി കെ മുരളീധരനും മറ്റു ചില മന്ത്രിമാരും വകുപ്പ്‌ സെക്രട്ടറിമാർക്കെതിരെ അരിശത്തിലാണെന്ന്‌ പ്രമുഖ യുഡിഎഫ്‌ പത്രം എഴുതിയത്‌ വെറുതെയല്ല. ഫയലുകൾക്ക്‌ വേഗം പോരെന്നാണ്‌ ആരോഗ്യമന്ത്രിയുടെ പരാതി. സത്യസന്ധരായ ഉദ്യോഗസ്ഥർ തൽപ്പരകക്ഷികളുടെ സമ്മർദത്തിന്‌ വഴങ്ങാത്തതാണ്‌ ഇ‍ൗ പരാതിക്ക്‌ അടിസ്ഥാനമെന്ന്‌ ആരോഗ്യവകുപ്പിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നവർക്ക്‌ എളുപ്പത്തിൽ ബോധ്യമാകും. ആരോഗ്യവകുപ്പ്‌ സെക്രട്ടറിയുടെ മാറ്റം സ്വാഭാവികമാണെന്ന്‌ മന്ത്രി പ്രതികരിച്ചത്‌ പല രീതിയിൽ വ്യാഖ്യാനിക്കാം. എക്‌സൈസ്‌ മന്ത്രിയാകട്ടെ, വകുപ്പിൽ നടക്കുന്നതൊന്നും അറിയുന്നില്ലെന്ന്‌ തുറന്നുപറയുന്നു. ബാർ ലൈസൻസ്‌ പുതുക്കുന്നതും പുതിയ ലൈസൻസ്‌ നൽകുന്നതും വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ അനുമതി നൽകുന്നതും ഒന്നും അദ്ദേഹം അറിയുന്നില്ല. തീരുമാനം വന്നശേഷം ആർക്കെങ്കിലും എതിരെ നടപടി പ്രഖ്യാപിച്ച്‌ മന്ത്രി കൈയൊഴിയും.

​

വൈദ്യുതിമന്ത്രിയുടെ പ്രതികരണങ്ങൾ ലോഡ്‌ ഷെഡിങ്‌ ദുരിതങ്ങൾക്കിടയിൽ ജനങ്ങൾക്ക്‌ ചിരിക്കാനുള്ള വക നൽകുന്നു. വൈദ്യുതിവകുപ്പും കെഎസ്‌ഇബിയും നാഥനില്ലാകളരിയാണ്‌. അദൃശ്യശക്തികളുടെ നിയന്ത്രണമാണ്‌ ഉദ്യോഗസ്ഥരെ നിസ്സഹായ അവസ്ഥയിൽ എത്തിച്ചത്‌. എം ജി രാജമാണിക്യത്തെ കെഎസ്‌ഇബി സിഎംഡി സ്ഥാനത്തുനിന്ന്‌ നീക്കിയത്‌, നിയമാനുസൃത മാനദണ്ഡങ്ങൾ പാലിക്കാതെ ഹിമാചൽപ്രദേശിൽനിന്ന്‌ വൈദ്യുതി വാങ്ങാനുള്ള നീക്കത്തോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചതിനെ തുടർന്നാണെന്ന്‌ റിപ്പോർട്ടുകളിൽ പറയുന്നു. നിർദിഷ്ട ഇടപാടിൽ സർക്കാർ നിർദേശം സംസ്ഥാനത്തിന്‌ 700 കോടി രൂപ നഷ്ടംവരുത്തുമെന്ന്‌ കെഎസ്‌ഇബി ചൂണ്ടിക്കാണിച്ചിരുന്നു. സ്വകാര്യ പ്ലാറ്റ്‌ഫോം വഴി വൈദ്യുതി വാങ്ങാനുള്ള നീക്കത്തിന്‌ റെഗുലേറ്ററി കമീഷന്റെ അനുമതിയില്ലെന്നും കെഎസ്‌ഇബി അറിയിച്ചിരുന്നു. ഇ‍ൗ സാഹചര്യത്തിലാണ്‌ സിഎംഡിക്ക്‌ സ്ഥാനചലനം. തൽസ്ഥാനത്ത്‌ തിരക്കിട്ട്‌ എൻ പ്രശാന്ത്‌ ചുമതലയേറ്റത്‌ ആകസ്‌മികമല്ല. വൈദ്യുതിവകുപ്പിൽ മുഖ്യമന്ത്രിയാണ്‌ നേരിട്ട്‌ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ആക്ഷേപം ഉയരുകയാണ്‌. വൈദ്യുതിപ്രതിസന്ധി മറയാക്കി വൻകൊള്ള നടത്താനാണ്‌ നീക്കം. ഗതാഗതവകുപ്പിലും ഉന്നതോദ്യോഗസ്ഥരെ മാറ്റിയത്‌ ദുരൂഹസാഹചര്യത്തിലാണ്‌. തദ്ദേശവകുപ്പിലും പൊതുവിദ്യാഭ്യാസവകുപ്പിലും അതത്‌ മന്ത്രിമാരെ മറികടന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ നിയമനങ്ങൾ നടത്തുന്നത്‌ തർക്കത്തിന്‌ കാരണമായിട്ടുണ്ട്‌. പൊതുവിദ്യാഭ്യാസവകുപ്പിൽ സ്ഥിരമായി പൂർണസമയ സെക്രട്ടറിയെ നിയമിക്കാത്തത്‌ വകുപ്പിന്റെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്‌. ഇക്കാര്യങ്ങളിൽ സർക്കാരിന്റെ അനാസ്ഥ സംശയങ്ങൾ ജനിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസമേഖലയെ തകർത്ത്‌ സ്വകാര്യലോബിക്ക്‌ ചൂഷണവും കൊള്ളയും നടത്താനുള്ള അവസരം മനഃപൂർവം ഒരുക്കുകയാണെന്ന്‌ കരുതണം.

​

അഴിമതി നടത്താൻ അവസരം സൃഷ്ടിക്കലാണ്‌ യുഡിഎഫ്‌ സർക്കാരിന്റെ ആത്യന്തികലക്ഷ്യം. അതിനു പറ്റുന്നവരെ തേടിയുള്ള അഭ്യാസങ്ങളാണ്‌ ഇപ്പോൾ നടക്കുന്നത്‌. എന്നാൽ, എൽഡിഎഫ്‌ സർക്കാരുകൾ സൃഷ്ടിച്ച സുതാര്യവും കാര്യക്ഷമവുമായ സംവിധാനം യുഡിഎഫ്‌ ശ്രമങ്ങൾക്ക്‌ വെല്ലുവിളിയാണ്‌. യുഡിഎഫ്‌ കുതന്ത്രങ്ങൾ അപ്പടി നടപ്പാക്കാനാകാത്ത സ്ഥിതിയാണ്‌. എന്നിരുന്നാലും യുഡിഎഫ്‌ സർക്കാരിനെ കൊണ്ടുവരാൻ പണം മുടക്കിയവർക്ക്‌ വെറുതെയിരിക്കാൻ കഴിയില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home