Deshabhimani

print edition ജനാധിപത്യഹത്യ 
പ്രതിരോധിക്കാൻ 
ചരിത്രമുന്നേറ്റം

deshabhimani editorial
വെബ് ഡെസ്ക്

Published on Nov 03, 2026, 12:00 AM | 2 min read

ചരിത്രത്താളുകളിൽ നിശ്ചയമായും ഇടംപിടിക്കുന്ന ഉജ്വലമായൊരു ജനമുന്നേറ്റത്തിനാണ്‌ നവംബർ ഒന്നിന്‌ ഡൽഹി രാംലീല മൈതാൻ സാക്ഷ്യംവഹിച്ചത്‌. ജനാധിപത്യത്തെ അട്ടിമറിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷപാർടികൾ സംഘടിപ്പിച്ച മഹാറാലിയിൽ ലക്ഷങ്ങളാണ്‌ അണിനിരന്നത്‌. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ 12 വർഷമായി പിന്തുടരുന്ന ഏകാധിപത്യ നിലപാടുകൾക്കെതിരായി രാജ്യത്ത്‌ നിലനിൽക്കുന്ന ജനരോഷത്തിന്റെ വ്യാപ്‌തിയും രാംലീല മൈതാനത്ത്‌ പ്രകടമായി.


​കോൺഗ്രസും ഇടതുപക്ഷപാർടികളും സമാജ്‌വാദി പാർടി, ആർജെഡി, എൻസിപി പവാർ വിഭാഗം തുടങ്ങി പാർടികളും ഉൾപ്പെടുന്ന ഇന്ത്യ കൂട്ടായ്‌മയാണ്‌ ‘വോട്ട്‌ ബച്ചാവോ, ദേശ്‌ ബച്ചാവോ’ എന്ന മുദ്രാവാക്യം ഉയർത്തി ഇ‍ൗ മഹാറാലി സംഘടിപ്പിച്ചത്‌. കുറച്ചുനാളായി നിർജീവമായിരുന്ന ഇന്ത്യ കൂട്ടായ്‌മയെ ഇത്തരമൊരു ഐക്യത്തിലേക്ക്‌ എത്തിച്ചതിൽ സിപിഐ എം വഹിച്ച പങ്ക്‌ എടുത്തുപറയേണ്ടതാണ്‌. തെരഞ്ഞെടുപ്പ്‌ കമീഷനിൽ ഗ്യാനേഷ്‌ കുമാറിന്റെ ഏകാധിപത്യമാണെന്ന്‌ വെളിപ്പെടുത്തിയുള്ള മാധ്യമ റിപ്പോർട്ട്‌ പുറത്തുവന്നതിനുപിന്നാലെതന്നെ യോജിച്ച പ്രക്ഷോഭങ്ങൾക്കും പ്രചാരണങ്ങൾക്കും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി മുൻകൈയെടുത്തു. രാജ്യം അസാധാരണ സ്ഥിതിവിശേഷം നേരിടുന്നതിനാൽ, മറ്റെല്ലാം മറന്ന്‌ പ്രതിപക്ഷപാർടികളുടെ സംയുക്തപ്രതിഷേധവും പ്രതികരണവുമാണ്‌ ഇന്ത്യാരാജ്യം താൽപ്പര്യപ്പെടുന്നതെന്ന്‌ എല്ലാ പ്രതിപക്ഷപാർടികൾക്കുമായി അയച്ച കത്തിൽ ബേബി അഭിപ്രായപ്പെട്ടു. ബംഗാളിൽ രാഷ്‌ട്രീയ എതിരാളികളായ തൃണമൂൽ കോൺഗ്രസിനടക്കം ബേബി കത്ത്‌ കൈമാറി. നിലവിൽ ഇന്ത്യ കൂട്ടായ്‌മയുടെ ഭാഗമല്ലാത്ത ഡിഎംകെയ്‌ക്കും ആം ആദ്‌മി പാർടിക്കും സിപിഐ എം ജനറൽ സെക്രട്ടറി കത്തയച്ചു. യോജിച്ചുള്ള പ്രക്ഷോഭമെന്ന ബേബിയുടെ ആഹ്വാനത്തോട്‌ എല്ലാ പാർടികളും അനുകൂല നിലപാടെടുത്തു.


​വൈകാതെതന്നെ കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖർഗെ ഇന്ത്യ കൂട്ടായ്‌മ യോഗം വിളിച്ചുചേർത്തു. ഗ്യാനേഷ്‌ കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ സ്ഥാനത്തുനിന്ന്‌ പുറത്താക്കുംവരെയുള്ള തുടർപ്രക്ഷോഭങ്ങൾക്ക്‌ യോഗത്തിൽ തീരുമാനമായി. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള ജന്തർ മന്തർ പ്രക്ഷോഭത്തിനുശേഷം ഡൽഹി വീണ്ടും സമരകേന്ദ്രമായി. തെരഞ്ഞെടുപ്പ്‌ കമീഷൻ ആസ്ഥാനത്തേക്കും സുപ്രീംകോടതിയിലേക്കുമെല്ലാം പ്രതിപക്ഷപാർടികൾ മാർച്ച്‌ ചെയ്‌തു. കൊണാട്ട്‌ പ്ലേസിൽ തിരംഗ റാലി സംഘടിപ്പിച്ചു.

​പ്രതിഷേധങ്ങളെ അടിച്ചമർത്തി ഗ്യാനേഷ്‌ കുമാറിനെ സംരക്ഷിക്കാനായിരുന്നു കേന്ദ്രസർക്കാർ ശ്രമം. പ്രതിപക്ഷപാർടി നേതാക്കളെയും വിദ്യാർഥി–യുവജന പ്രവർത്തകരെയും നിർദയം മർദിച്ചു. കള്ളക്കേസുകൾ ചുമത്തി ജയിലിലടച്ചു. ജാമ്യത്തിൽ പുറത്തിറങ്ങുന്നതിന്‌, ഇനി സമരത്തിനുണ്ടാകില്ലെന്ന്‌ ഉറപ്പുനൽകിയുള്ള ബോണ്ടിൽ നിർബന്ധപൂർവം ഒപ്പുവയ്‌പിച്ചു. ഡൽഹിയിൽ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുംമറ്റും മൂന്നുപതിറ്റാണ്ടിലേറെയായി വേദിയാകാറുള്ള ജന്തർ മന്തർ പൂർണമായും അടച്ചുപൂട്ടി.


​കേന്ദ്രത്തിന്റെ എല്ലാ അടിച്ചമർത്തൽശ്രമങ്ങളെയും മറികടന്നാണ്‌ ഞായറാഴ്‌ച പ്രതിപക്ഷപാർടികൾ രാംലീലയിൽ സംഘടിച്ചത്‌. ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഡൽഹിയിലെ മുൻസമരങ്ങൾക്ക്‌ സമാനമായി രാംലീല റാലിയിലും ഇടതുപക്ഷപാർടികളുടെ നിറഞ്ഞ സാന്നിധ്യമുണ്ടായി. സിപിഐ എം, സിപിഐ, സിപിഐ എംഎൽ എന്നീ ഇടതുപക്ഷപാർടികൾക്കൊപ്പം എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, മഹിളാ അസോസിയേഷൻ എന്നീ ബഹുജന സംഘടനകളും സിഐടിയു, കിസാൻസഭ, കർഷക തൊഴിലാളി യൂണിയൻ തുടങ്ങിയ വർഗസംഘടനകളും റാലിയിൽ സജീവമായി പങ്കെടുത്തു. സിപിഐ എമ്മിന്റെ പഠനകേന്ദ്രമായ സുർജിത് ഭവനിൽനിന്ന്‌ രാവിലെ എട്ടിനുതന്നെ ആയിരക്കണക്കിന്‌ പ്രവർത്തകർ ചെങ്കൊടികളും ശുഭ്രപതാകകളും എല്ലാമായി രാംലീലയിലേക്ക്‌ മാർച്ച്‌ ചെയ്‌തു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള പൊളിറ്റ്‌ബ്യ‍ൂറോ അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും പതിനൊന്നോടെ പ്രകടനമായി സമരകേന്ദ്രത്തിലേക്ക്‌ നീങ്ങി. ഡൽഹിയിലെ സിപിഐ എം പ്രവർത്തകരും മറ്റ്‌ വർഗ ബഹുജന സംഘടനാ പ്രവർത്തകരും പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവന്റെ നേതൃത്വത്തിൽ പന്ത്രണ്ടോടെ മുദ്രാവാക്യങ്ങൾ ഉയർത്തി ജാഥയായി നീങ്ങി. പ്രതിപക്ഷനേതാവ്‌ രാഹുൽ ഗാന്ധി അടക്കമുള്ള ഇന്ത്യ കൂട്ടായ്‌മാ നേതാക്കൾക്കൊപ്പം തുറന്നവാഹനത്തിലാണ്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി മൈതാനത്തേക്ക്‌ എത്തിയത്‌.


​ചെങ്കൊടികളും ത്രിവർണപതാകകളും മറ്റു രാഷ്ട്രീയപാർടികളുടെ കൊടികളുമെല്ലാമായി രാവിലെതന്നെ പ്രവർത്തകരാൽ രാംലീല നിറഞ്ഞിരുന്നു. ട്രെയിനുകൾ റദ്ദാക്കിയും ഡൽഹി അതിർത്തി അടച്ചുമെല്ലാം റാലി തടയാൻ കേന്ദ്രവും ബിജെപി ഭരണ സംസ്ഥാനങ്ങളും കിണഞ്ഞുശ്രമിച്ചിരുന്നു. എന്നാൽ, എല്ലാ തടസ്സങ്ങളെയും തട്ടിമാറ്റി ഡൽഹിയുടെ അയൽസംസ്ഥാനങ്ങളിൽനിന്ന്‌ ലക്ഷങ്ങൾ രാംലീലയിലേക്ക്‌ ഒഴുകി. ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കുംവരെ പ്രക്ഷോഭങ്ങൾ തുടരുമെന്ന പ്രഖ്യാപനത്തോടെയാണ്‌ രാംലീല റാലി അവസാനിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home