ക്ഷേമ പെൻഷൻ മസ്റ്ററിങ് പൂർത്തിയായി
ജില്ലയിൽ 28,451 ഗുണഭോക്താക്കൾ പുറത്ത്

അഖിൽ സദാശിവൻ..
Published on Nov 03, 2026, 12:51 AM | 1 min read
കൊല്ലം
സാമൂഹ്യക്ഷേമ പെൻഷൻ മസ്റ്ററിങ് പൂര്‍ത്തിയായപ്പോൾ ജില്ലയിൽ കാൽലക്ഷത്തിലേറെ ഗുണഭോക്താക്കൾ പുറത്ത്. സർക്കാർ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം സാമൂഹ്യക്ഷേമ പെൻഷന് അർഹരായ 4,23,341 ഗുണഭോക്താക്കളിൽ 3,94,890 പേരാണ് മസ്റ്ററിങ് പൂർത്തിയാക്കിയത്. 28,451 പേർ പുറത്തായി. വിവിധ ക്ഷേമപദ്ധതികൾ വഴി പെൻഷൻ വാങ്ങുന്ന 8845പേരും പുറത്തായി. ഇരുവിഭാഗങ്ങളിലുമായി 37,296 ഗുണഭോക്താക്കളാണ് ജില്ലയിൽ ക്ഷേമപെൻഷൻ ലഭിക്കുന്നതിൽനിന്ന് പുറത്തുപോയത്. മറ്റു ക്ഷേമനിധി ബോർഡുകളിൽനിന്ന് ഇത്തരത്തിൽ പുറത്തായവരുടെ എണ്ണം കണക്കാക്കിയാൽ പുറത്താക്കിയവരുടെ എണ്ണം അരലക്ഷത്തിനു മുകളിൽ വരും. സർക്കാർതലത്തിൽ കൃത്യമായ ഏകോപനം ഇല്ലാതിരുന്നതും സാങ്കേതികത്തകരാർ കൃത്യസമയത്ത് പരിഹരിക്കാത്തതിനാലുമാണ് കാൽലക്ഷത്തിലേറെ പേർക്ക് മസ്റ്ററിങ് ചെയ്യാൻ സാധിക്കാതെ പോയത്. മുഴുവന്‍പേരുടെയും മസ്റ്ററിങ് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനം വേണ്ട വിധത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന ആക്ഷേപവും ഉയർന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 32ലക്ഷം പേർക്ക് ലഭിക്കേണ്ടിയിരുന്ന സ്ത്രീസുരക്ഷാ പെൻഷൻ ഉൾപ്പെടെ നിർത്തലാക്കിയിരുന്നു. എൽഡിഎഫ് സർക്കാർ സഹകരണ ബാങ്കുകൾ വഴി ക്ഷേമ പെൻഷൻ വീട്ടിൽ എത്തിച്ചുകൊടുക്കുന്ന പദ്ധതിയും യുഡിഎഫ് സർക്കാർ ഇല്ലാതാക്കി. അർഹതപ്പെട്ടവരെ മസ്റ്ററിങ്ങിൽനിന്ന് ഒഴിവാക്കി പെൻഷൻ നിഷേധിക്കുകയെന്ന സമീപനത്തിലേക്കാണ് സർക്കാർ നീങ്ങിയതെന്നും ആക്ഷേപമുണ്ട് . ജില്ലയിൽ കർഷകത്തൊഴിലാളി പെൻഷനിൽ അർഹരായ 14,818പേരിൽ 14,136പേരാണ് മസ്റ്ററിങ് നടത്തിയത്. 682പേർ പുറത്തായി. വാർധക്യപെൻഷനിൽ 2,48,343പേരിൽ 2,28,990 പേർ പൂർത്തിയാക്കിയപ്പോൾ 19,353പേർ പുറത്തായി. ഭിന്നശേഷി വിഭാഗത്തിൽ 35,673 പേരിൽ 33,512 പേർ പൂർത്തിയാക്കിയപ്പോൾ 2,161 പേർ പുറത്തായി. വിധവാ പെൻഷനിൽ 1,21,846 ഗുണഭോക്താകളിൽ 1,15,750 പേർ പൂർത്തിയാക്കിയപ്പോൾ 6,096 പേർ പുറത്തായി. അവിവാഹിത പെൻഷനിൽ 2661പേരിൽ 2502പേർ പൂർത്തിയാക്കിയപ്പോൾ 159പേർ പുറത്തായി. പിന്നിൽ കൊല്ലം കോർപറേഷൻ ക്ഷേമപെൻഷൻ മസ്റ്ററിങ് പൂര്‍ത്തിയായപ്പോൾ കൊല്ലം കോർപറേഷനിലെ ഗുണഭോക്താകളിൽ 4217 പേർ പുറത്ത്. മറ്റു പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ആയിരത്തിൽതാഴെയാണ് മസ്റ്ററിങ് ചെയ്യാൻ ബാക്കിയായത്. കോർപറേഷൻ പരിധിയിൽ 52,012 ഗുണഭോക്താക്കളിൽ 47,795 പേർ മാത്രമാണ് നടപടികൾ പൂർത്തിയാക്കിയത്. പ്രാദേശികതലത്തിലും ഏറ്റവും അധികം പേർ പുറത്തായതും കൊല്ലം കോർപറേഷനിലാണ്. ക്ഷേമപെൻഷൻ തകർക്കാൻ ശ്രമിക്കുന്ന യുഡിഎഫ് സർക്കാരിന്റെ അതേ പാതയിലാണ് കൊല്ലം കോർപറേഷൻ ഭരണസമിതിയും.








0 comments