നാട്ടുകാർ ആശങ്കയിൽ
ജയപുരത്തെ കരിങ്കൽ ഖനനം: പിന്മാറാതെ സ്വകാര്യ കമ്പനി

ജയപുരം കരിങ്കൽ ഖനനത്തിനെതിരായി ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ഇ കുഞ്ഞിരാമന്റെ നേതൃത്വത്തിൽ ചേർന്ന ആക്ഷൻ കമ്മിറ്റി യോഗം
ബേഡഡുക്ക
മുന്നാട് വില്ലേജിലെ ജയപുരം പിണ്ടിക്കടവിൽ കരിങ്കൽ ഖനനത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങളുമായി സ്വകാര്യ കമ്പനി മുന്നോട്ടുപോകുന്നതായി പ്രദേശവാസികൾ. ബേഡഡുക്ക പഞ്ചായത്തിലെ 11, 14 വാർഡുകൾ ഉൾപ്പെടുന്ന സ്വകാര്യ ഭൂമിയിലാണ് ഖനന നീക്കം. കൂതിരക്കല്ല്, മുണ്ടത്തുംകയ, ജയപുരം പ്രദേശങ്ങളിലെ നൂറോളം വീടുകളും ആദിവാസി ഊരുകളും ഉൾപ്പെടുന്ന ജനവാസമേഖലയിലാണ് ഖനന നീക്കം. 40 ഏക്കറോളം വരുന്ന കുന്നിൽ ഖനനം നടത്തിയാൽ കുന്നിന്റെ സ്വാഭാവിക ഘടനയും ജലസ്രോതസ്സുകളും തകരുമെന്നും വീടുകൾക്കും മറ്റു കെട്ടിടങ്ങൾക്കും ഭീഷണിയാകുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. പാറപൊട്ടിക്കുന്നതിലൂടെയുണ്ടാകുന്ന പൊടിയും പ്രകമ്പനവും കുടിവെള്ള സ്രോതസ്സുകളെയും ഭൂഗർഭജല ലഭ്യതയെയും ബാധിക്കുമെന്നും നാട്ടുകാർ പറയുന്നു. കരിങ്കൽ ഖനനത്തിനെതിരെ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി പ്രവർത്തകർ സ്വകാര്യ കമ്പനി അധികൃതരുമായി സംസാരിച്ചെങ്കിലും ഖനന നീക്കത്തിൽനിന്ന് പിന്മാറാൻ തയ്യാറായിട്ടില്ലെന്നാണ് വിവരം. നേരത്തെയും പ്രദേശത്തെ അമിതമായ ചെങ്കൽ ഖനനം സംബന്ധിച്ച് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. പൂക്കുന്നത്തുപാറയിലെ ചെങ്കൽ ഖനനത്തെതുടർന്ന് കുടിവെള്ള സ്രോതസ്സുകൾ തടസ്സപ്പെടുന്നതായും പരാതിയുണ്ട്. ഖനന നീക്കം ഒഴിവാക്കണമെന്നും പാരിസ്ഥിതികവും ജനജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സമഗ്രമായി പരിശോധിച്ചശേഷമേ തുടർനടപടി സ്വീകരിക്കാവൂവെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പഞ്ചായത്ത്, റവന്യു, ജിയോളജി അധികൃതർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. ആക്ഷൻ കമ്മിറ്റി യോഗം പഞ്ചായത്ത് പ്രസിഡന്റ് ഇ കുഞ്ഞിരാമൻ ഉദ്ഘാടനംചെയ്തു. ബേഡഡുക്ക പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കൃഷ്ണവേണി അധ്യക്ഷയായി. ഉമാവതി, നാരായണൻ, ജയപുരം ദാമോദരൻ, രാധാകൃഷ്ണൻ, ഗോപൻ, ദ്വിഗ്മയൻ, സി കെ നാരായണൻ എന്നിവർ സംസാരിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ ശശി ജയപുരം സ്വാഗതംപറഞ്ഞു.





0 comments