എസ്‌ഐആറിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്; വയോധികന്റെ 7.70 ലക്ഷം നഷ്ടമായി

തൃപ്പൂണിത്തുറ
എസ്ഐആർ പട്ടികയിൽ അച്ഛന്റെയും മകന്റെയും പേരിൽ അപാകമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ലിങ്ക് അയച്ചുനൽകി 7.70 ലക്ഷം രൂപ തട്ടിയെടുത്തു. എരൂർ വെസ്റ്റ് ശ്രീനഗർ റസിഡന്റ്‌സ് അസോസിയേഷൻ ഹൗസ് നമ്പർ 165ൽ സാന്ദ്രഗീതം വീട്ടിൽ സുകുമാരപിള്ളയുടെ മകൻ പരമേശ്വരൻനായരുടെ (72) രണ്ട് ബാങ്ക് അക്കൗണ്ടിൽനിന്നാണ് പണം തട്ടിയത്.
എസ്ഐആറിൽ പരമേശ്വരൻനായരുടെയും അച്ഛന്റെയും പേരുകളിൽ പൊരുത്തക്കേടുണ്ടെന്നും 8638802899 എന്ന ഫോൺനമ്പറിൽ തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസറുമായി ബന്ധപ്പെടാൻ ഒക്ടോബർ 30ന് പകൽ ഒന്നിനാണ് പരമേശ്വരൻനായരുടെ ഫോണിൽ എസ്എംഎസ് വന്നത്. തുടർന്ന് വാട്‌സാപ്പിലൂടെ 9890399303 എന്ന ഫോൺനമ്പറിൽനിന്ന് https://vbrous. gy/SIR-NAME-CORRECTION-FORM എന്ന ലിങ്ക് അയച്ചുനൽകി 10 രൂപ അടയ്‌ക്കാൻ നിർദേശിക്കുകയായിരുന്നു.
പണമടയ്ക്കാൻ ശ്രമിച്ചതോടെ തൃപ്പൂണിത്തറ വടക്കേക്കോട്ട ഐസിഐസിഐ ബാങ്കിലെ രണ്ട് അക്കൗണ്ടിൽനിന്ന് 3.20 ലക്ഷം രൂപ, 4.5 ലക്ഷം രൂപവീതമാണ് നഷ്ടപ്പെട്ടത്. ഹിൽപാലസ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.





0 comments