Deshabhimani

അപകടം ഒഴിയാതെ കേളോത്ത് വളവ്

മൂന്നാഴ്ച മുമ്പ് ലോറി മറിഞ്ഞ 
വീട്ടുമുറ്റത്ത് മീൻവണ്ടി മറിഞ്ഞു

ദേശീയപാത കേളോത്ത് വളവില്‍ കാലിച്ചാമരം ശ്രീധരന്റെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ മീന്‍വണ്ടി

ദേശീയപാത കേളോത്ത് വളവില്‍ കാലിച്ചാമരം ശ്രീധരന്റെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ മീന്‍വണ്ടി

വെബ് ഡെസ്ക്

Published on Nov 03, 2026, 02:00 AM | 1 min read

​പുല്ലൂർ

ദേശീയപാതയിലെ കേളോത്ത് വളവിൽ അപകടങ്ങള്‍ ഒഴിയുന്നില്ല. മൂന്നാഴ്ച മുമ്പ് ടിപ്പർ ലോറി മറിഞ്ഞ വീട്ടുമുറ്റത്ത് മീൻവണ്ടി മറിഞ്ഞു. കേളോത്ത് കാലിച്ചാമരത്തെ ശ്രീധരന്റെ വീട്ടുമുറ്റത്താണ് തിങ്കളാഴ്ച രാവിലെ മീൻവണ്ടി മറിഞ്ഞത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക്‌ പോകുന്ന പിക്കപ്പ് വാഹനം കേളോത്ത് വളവിലെത്തിയപ്പോൾ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ശ്രീധരന്റെ വീടിന്റെ പിറകുവശത്താണ് വാഹനം പതിച്ചത്. വാഹനത്തില്‍നിന്ന് മീന്‍ബോക്സുകള്‍ പുറത്തേക്ക് തെറിച്ചുവീണ് മീനുകള്‍ ചിന്നിച്ചിതറി. അപകടത്തിൽ ലോറി ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വൻ അപകടത്തിൽനിന്നാണ് ശ്രീധരനും കുടുംബവും രക്ഷപ്പെട്ടത്. ഒക്ടോബർ 19ന് ശ്രീധരന്റെ വീട്ടു മുറ്റത്തേക്ക് ലോറി മറിഞ്ഞിരുന്നു. വീട്ടുകാർ ഉറങ്ങിക്കിടക്കുന്നതിനിടെ പുലർച്ചെയാണ് അപകടം നടന്നത്. ലോറി വീടിന് മുകളിലേക്ക് മറിഞ്ഞിരുന്നെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു. അന്നത്തെ അപകടത്തിൽ ലോറി ഡ്രൈവർക്ക് സാരമായി പരിക്കേറ്റിരുന്നു. ഈ സംഭവത്തിന് രണ്ടാഴ്ച മുമ്പ് കേളോത്ത് വളവിലെ താഴ്ചയിൽ സിമന്റ് കയറ്റി പോകുകയായിരുന്ന ലോറിയും മിനി ലോറിയും മറിഞ്ഞിരുന്നു. ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ടു ലോറികളും അപകടത്തിൽപെട്ടത്. കേളോത്ത് വളവില്‍ അസാസ്ത്രീയമായാണ് ദേശീയപാത നിര്‍മാണം നടത്തിയതെന്നും ഇതാണ് അപകടങ്ങള്‍ക്ക് കാരണമെന്നുമാണ് നാട്ടുകാരുടെ ആരോപണം. ഒക്ടോബറിൽ മാത്രം ആറ് വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. തിങ്കളാഴ്ച നടന്ന അപകടത്തോടെ ഇതിന്റെ എണ്ണം ഏഴായി. സ്ഥിരം അപകട മേഖലയായിട്ടും ഒരു സൂചനാ ബോര്‍ഡ് പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല. താഴ്ചയില്‍ നിരവധി വീടുകളുണ്ട്. അങ്കണവാടിയുണ്ട്‌. അപകടങ്ങള്‍ തടയാന്‍ അലൈന്‍മെന്റ് മാറ്റി ഇവിടെ പുനിര്‍ നിര്‍മാണ പ്രവൃത്തി നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കലക്ടര്‍ക്കും പൊതുമരാമത്ത് അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home