Deshabhimani

കോളേജ്‌ വിദ്യാർഥിനികൾക്കായി പ്രഖ്യാപിച്ച 1000 രൂപയില്ല

പറ്റിച്ചല്ലേ ഞങ്ങളെയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2026, 02:00 AM | 2 min read

കാസർകോട്‌

അപേക്ഷാ ഫോമുകളോ ഒ‍ൗദ്യോഗിക വെബ്‌സൈറ്റോ ഇല്ല, മതിയായ തുക കണ്ടെത്തിയില്ല, പ്രാരംഭപ്രവർത്തനമെന്നുപറയാൻപോലും ഇതുവരെ നടപടികളൊന്നുമില്ല; ഉള്ളത്‌ വെറും വാഗ്ദാനംമാത്രം. പ്രതിമാസം 1000 രൂപ നൽകുന്ന സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കാതെ കോളേജ്‌ വിദ്യാർഥിനികളെയും പറഞ്ഞുപറ്റിച്ചിരിക്കുകയാണ്‌ സംസ്ഥാന സർക്കാർ. ‘ഇന്ദിരാ ഗ്യാരണ്ടി’ എന്ന പേരിൽ കൊട്ടിഘോഷിച്ചതിൽ മറ്റൊന്നുകൂടി പൊള്ളയാണെന്ന്‌ ജില്ലയിലെ കാമ്പസുകളും തിരിച്ചറിയുന്നു. സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് 1000 രൂപ വീതം പ്രതിമാസം നല്‍കുന്നതിന് നിലവിൽ 1 ലക്ഷം രൂപമാത്രമാണ്‌ ആകെ വകയിരുത്താനായിട്ടുള്ളൂ എന്ന്‌ ഉന്നതവിദ്യാഭ്യാസമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഇ‍ൗ അധ്യയന വർഷം എന്തായാലും പദ്ധതി തുടങ്ങാനാവില്ലെന്ന കാര്യത്തിനാണ്‌ ഇതിലൂടെ അടിവരയിട്ടത്‌. ജൂണിൽതന്നെ തുടങ്ങുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പണമില്ലെന്ന ന്യായംമാത്രമായി ഇപ്പോൾ. ബജറ്റിൽ തുക വകയിരുത്തുന്നതിലും പദ്ധതി ആസൂത്രണംചെയ്യുന്നതിലും സർക്കാർ നിലവിൽ യാതൊരു താൽപര്യവും കാട്ടിയിട്ടില്ല എന്നതാണ്‌ വ്യക്തമാവുന്നത്‌. ആർക്കൊക്കെയാണ് 1000 രൂപ കിട്ടുമെന്നതിനെക്കുറിച്ചും വ്യക്തത വരുത്തിയിട്ടില്ല. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്നവർക്ക് മാത്രമാണോ അതോ എൻജിനിയറിങ്, മെഡിക്കൽ, അഗ്രികൾച്ചർ തുടങ്ങിയ കോഴ്സുകളിലെ വിദ്യാർഥിനികൾക്കും ലഭിക്കുമോ? കുടുംബവരുമാന പരിധിയുണ്ടാകുമോ? ഇങ്ങനെയുള്ള ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയില്ല. തെരഞ്ഞെടുപ്പിനുമുമ്പ് നൽകിയ വാഗ്ദാനം അധികാരത്തിലെത്തി മാസങ്ങൾ പിന്നിട്ടിട്ടും എന്തുകൊണ്ടെന്നാണ് നടപ്പാക്കാത്തത് എന്ന്‌ ജില്ലയിലെ വിദ്യാർഥിനികളും ചോദിക്കുന്നു. പഠനച്ചെലവുകൾക്ക് ചെറിയൊരു ആശ്വാസമാകുമെന്ന് ധരിപ്പിച്ചുവച്ച പദ്ധതിയിൽ ഇനി പ്രതീക്ഷവയ്‌ക്കണോ എന്നാണ്‌ ചോദ്യം. ജില്ലയിൽ ഏകദേശം 6000ലധികം വരുന്ന കോളേജ് പെൺകുട്ടികൾക്കാണ്‌ ഈ ആനുകൂല്യം ലഭിക്കേണ്ടത്‌. പ്രതിമാസം 60 ലക്ഷത്തിലധികം രൂപ ആവശ്യമാണ്.

വിദ്യാർഥിനികളോടുള്ള വഞ്ചന

കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുമെന്ന് വാഗ്ദാനം പാലിക്കാത്ത നിലപാട്‌ വിദ്യാർത്ഥിനികളോടുള്ള കടുത്ത വഞ്ചനയും അനീതിയുമാണ്‌. അധികാരത്തിലെത്തിയപ്പോൾ വാഗ്ദാനം മറന്നുപോവുന്നത്‌ ഒട്ടും ശരിയായ കാര്യമല്ല. എൽഡിഎഫ്‌ സർക്കാർ നൽകിവന്ന സ്റ്റുഡൻസ് സ്കോളർഷിപ്പ് നിർത്തലാക്കുകയുംചെയ്തു.

എ ആർ ഭവിക, 
മുന്നാട് പീപ്പിൾസ് കോ–ഓപ്പറേറ്റീവ് 
ആർട്സ് ആൻഡ്‌ സയൻസ് കോളേജ്

ആരോടാണ് സർക്കാരിന്റെ 
പരിഗണന

മന്ത്രിമാർക്കും അവരുടെ പേഴ്സണൽ സ്റ്റാഫിനും ഐപാഡ് വാങ്ങാൻ സർക്കാരിന്റെ കൈവശം പണമുണ്ട്. എന്നാൽ വിദ്യാർഥിനികൾക്ക് നൽകിയ ഉറപ്പു പാലിക്കാൻ പണമില്ലെന്നു പറയുന്നു. ആരോടാണ് ഈ സർക്കാരിന്റെ പരിഗണന?

​കെ എസ്‌ ശ്രദ്ധ, പടന്നക്കാട്‌ നെഹ്റു 
ആർട്സ് ആൻഡ്‌ സയൻസ് കോളേജ്

വാഗ്ദാനങ്ങൾ വോട്ടിന് 
വേണ്ടിയാവരുത്‌

പദ്ധതി ജൂൺ മാസത്തിൽതന്നെ നടപ്പാക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഉറപ്പുനൽകിയത്. തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം നൽകുമ്പോൾ സാമ്പത്തിക ബാധ്യതയെപറ്റി സർക്കാർ ആലോചിച്ചില്ലേ ? വാഗ്ദാനങ്ങൾ വോട്ടിനുവേണ്ടിമാത്രമാവുന്നത്‌ ശരിയല്ല.

പി അനുപ്രിയ, കാസർകോട്‌ ഗവ. കോളേജ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home