Deshabhimani

ആവളപാണ്ടിയിൽ നെൽകൃഷി 20 ഏക്കറിൽ മാത്രം

1500 ഏക്കർ പാടശേഖരം പായൽമൂടി

പായലും പുല്ലും നിറഞ്ഞ ആവളപാണ്ടി പാടം

പായലും പുല്ലും നിറഞ്ഞ ആവളപാണ്ടി പാടം

വെബ് ഡെസ്ക്

Published on Nov 03, 2026, 12:56 AM | 1 min read

പേരാമ്പ്ര

ഒരുകാലത്ത് ഏക്കറിന് 3500 കിലോവരെ നെല്ല് വിളഞ്ഞിരുന്ന ആവളപാണ്ടിയിൽ ഇന്ന് കൃഷിയുള്ളത് 20 ഏക്കറിൽ മാത്രം. ആഫ്രിക്കൻ പായലും പുല്ലും പടർന്ന് 1500 ഏക്കറോളം വരുന്ന പാടശേഖരം തരിശായതോടെ ജില്ലയുടെ നെല്ലറയുടെ കാർഷിക പാരമ്പര്യം മായുന്നു. ചെറുവണ്ണൂർ പഞ്ചായത്തിലെ ആവളപാണ്ടിയിലും കരുവോട് ചിറയിലുമായി വ്യാപിച്ചുകിടക്കുന്ന പാടശേഖരത്തിൽ ആയിരത്തിലധികം ഏക്കറും ആവളപാണ്ടിയിലാണ്. 1967ൽ പുഞ്ചകൃഷി ആരംഭിച്ച ഇവിടെ കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര കനാലിലെ ചോർച്ചയെത്തുടർന്നുണ്ടായ വെള്ളക്കെട്ട് തിരിച്ചടിയായി. വിളവെടുപ്പിന് പാകമായ നെൽകൃഷി വെള്ളത്തിൽമുങ്ങി നശിച്ചതോടെ കർഷകർ കൃഷി ഉപേക്ഷിച്ചു. 2008ൽ ജില്ലാ പഞ്ചായത്ത് കുണ്ടൂർ മൂഴിത്തോട് നവീകരണം തുടങ്ങിയെങ്കിലും പൂർത്തിയായില്ല. 2016ൽ എൽഡിഎഫ്‌ സർക്കാർ വന്നപ്പോൾ ചെറുവണ്ണൂർ പഞ്ചായത്ത് ആവളപാണ്ടിയിൽ നെൽകൃഷി പുനരാരംഭിക്കാനുള്ള പദ്ധതിക്ക് രൂപംനൽകി. സിപിഐ എം നേതൃത്വത്തിൽ അയ്യായിരത്തിലധികം സന്നദ്ധ പ്രവർത്തകർ ഒരുദിവസംകൊണ്ട് 250 ഏക്കർ പാടം കൃഷിയോഗ്യമാക്കി. മന്ത്രിയായിരുന്ന ടി പി രാമകൃഷ്‌ണൻ ചെയർമാനും എം കുഞ്ഞമ്മത് കൺവീനറുമായ പേരാമ്പ്ര മണ്ഡലം വികസന മിഷൻ, ചെറുവണ്ണൂർ പഞ്ചായത്ത്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, കൃഷി വകുപ്പ്, കേരള കാർഷിക സർവകലാശാല എന്നിവയുടെ നേതൃത്വത്തിൽ "നെല്ല് നമ്മുടെ അന്നം, എല്ലാരും പാടത്തേക്ക്' എന്ന മുദ്രാവാക്യവുമായി ആവളപാണ്ടിയിൽ നടത്തിയ നെൽകൃഷി അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനംചെയ്തത്. ചെറുവണ്ണൂർ പഞ്ചായത്തിൽ യുഡിഎഫ് ഭരണമേറ്റതോടെ പദ്ധതിയാകെ താളംതെറ്റി. അഗ്രോ സർവീസ് സെന്റർ പ്രവർത്തനരഹിതമായി. കാർഷികയന്ത്രങ്ങൾ തുരുമ്പെടുക്കുകയും പാടശേഖരങ്ങളിലെ തോടുകൾ തകരുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അനുവദിച്ച പമ്പ് സെറ്റ് പോലും പ്രവർത്തിപ്പിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home