ജലജീവൻ
കേന്ദ്ര ഉത്തരവ്: ജില്ലയിൽ ടെൻഡർ ചെയ്യാനാകാതെ 77 പദ്ധതി

സ്വന്തം ലേഖിക
Published on Nov 03, 2026, 12:52 AM | 1 min read
കൊല്ലം
നാലുലക്ഷം ഗ്രാമീണ കുടുംബങ്ങൾക്ക് പൈപ്പിലൂടെ കുടിവെള്ളം എത്തിക്കുന്ന ജലജീവനിൽ ജില്ലയിൽ ടെൻഡർ ചെയ്യാനുള്ളത് 77പദ്ധതി. പുതിയ കരാർ ഇനി അനുവദിക്കേണ്ടെന്ന കേന്ദ്രസർക്കാർ ഉത്തരവിനെത്തുടർന്നാണ് പ്രതിസന്ധി. കരാറുകാർക്ക് 20.40കോടി രൂപ കുടിശ്ശിക നൽകാത്തതും മെല്ലെപ്പോക്കിന് ഇടയാക്കുന്നു. 76 ശതമാനം കുടിവെള്ള കണക്ഷൻ കവറേജ് കൈവരിച്ച് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് തുടരുന്ന ജില്ലയിൽ ഒരു ലക്ഷത്തിലേറെപ്പേർക്ക് കണക്ഷൻ ലഭിക്കുന്നത് അനന്തമായി നീളും. 414 പദ്ധതിയാണ് ജില്ലയിൽ നടപ്പാക്കാൻ അനുമതി ലഭിച്ചത്. ഇതിൽ 260എണ്ണം പൂർത്തിയായി. 77 എണ്ണം നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. 2020 മാർച്ചിലാണ് പദ്ധതി തുടങ്ങിയത്. ഏപ്രിൽ ഒന്നിലെ കണക്കനുസരിച്ച് ജില്ലയിൽ 6,07,106 ഗ്രാമീണ വീടുകളാണുള്ളത്. ഇതിൽ 1,47,779 വീടുകൾക്ക് ഗാർഹിക കുടിവെള്ള കണക്ഷൻ ഉള്ളവയായിരുന്നു. ശേഷിച്ച 4,59,381 വീടുകൾക്കാണ് കണക്ഷൻ നൽകാനുണ്ടായിരുന്നത്. ഇതിൽ 4,36,506 കണക്ഷനാണ് ടെൻഡർ ചെയ്തത്. 3,15,250 കണക്ഷനുകൾ നൽകി. 2405.57കോടി രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. 1004.03കോടിരൂപ ഇതിനകം വിനിയോഗിച്ചു. നിർമാണ പ്രവർത്തനം വേഗത്തിലാക്കാൻ ജില്ലാതലത്തിൽ കലക്ടർ ചെയർമാനായ ജില്ലാ ജലശുചിത്വ മിഷനും പഞ്ചായത്ത് തലത്തിൽ പ്രസിഡന്റ് അധ്യക്ഷനായ പഞ്ചായത്ത് ജലശുചിത്വ കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും പദ്ധതി ഇഴയുകയാണ്. കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പാക്കുന്ന പദ്ധതി 2024ൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. പിന്നീട് കഴിഞ്ഞ ഡിസംബർ വരെയും 2028 ഡിസംബർ വരെയും ദീർഘിപ്പിച്ചു. എന്നിട്ടും ബാക്കിയുള്ള പദ്ധതികൾ ടെൻഡർ ചെയ്യാൻ സർക്കാർ ഇടപെടൽ നടത്തുന്നില്ല. പദ്ധതി യുടെ നോഡൽ ഏജൻസി ജല അതോറിറ്റിയാണ്. പദ്ധതിത്തുകയുടെ 15ശതമാനം വിഹിതം പഞ്ചായത്തുകളാണ് വഹിക്കുന്നത്.








0 comments