ബാർ ലൈസൻസിൽ വിജിലൻസ് അന്വേഷണത്തിന് കത്ത്
print edition മന്ത്രി നോക്കുകുത്തി; പിടിമുറുക്കി മുഖ്യന്‍

തിരുവനന്തപുരം: എക്‌സൈസ് മന്ത്രി എം ലിജുവിനെ ഇരുട്ടിൽനിർത്തി മൂന്നിടത്ത് ബാർ ലൈസൻസ് ശരവേഗത്തിൽ പുതുക്കി നൽകിയത് മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടലിൽ. മൂവാറ്റുപുഴ, കൊച്ചി, പാലാ എന്നിവിടങ്ങളിലാണ് ലൈസൻസ് പുതുക്കി നൽകിയത്.
വകുപ്പിലെ കാര്യങ്ങൾ താനറിയുന്നില്ലെന്ന് പരാതിപ്പെട്ട മന്ത്രി, മുഖ്യമന്ത്രിയുടെ ചൊൽപ്പടിയിലുള്ള എക്‌സൈസ് കമീഷണർ സീറാം സാംബശിവ റാവുവിനെ മാറ്റാൻ നീക്കം തുടങ്ങി. സസ്‌പൻഷനിലുള്ള എറണാകുളം ഡെപ്യൂട്ടി കമീഷണർ, കോട്ടയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട ഡെപ്യൂട്ടി കമീഷണർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചു. ഇവർ കൈക്കൂലി വാങ്ങിയെന്നും മന്ത്രി പറഞ്ഞു. മദ്യനയം യുഡിഎഫിൽ ചർച്ച ചെയ്യാനിരിക്കെയാണ് മന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടൽ.
ലൈസൻസ് പുതുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന സംശയം ബലപ്പെട്ടതോടെയാണ് മുഖ്യമന്ത്രിയോട് പരാതി പറയാതെ ആഭ്യന്തര വകുപ്പിന്റെ കീഴിലെ വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിക്കുന്നത്. സ്വന്തം വകുപ്പിലെ ആഭ്യന്തരകാര്യ വിജിലൻസിനെയും മന്ത്രിക്ക് വിശ്വാസമില്ല. സ്വന്തം കഴിവുകേട് മറയ്‌ക്കാൻ കൂടിയാണ് എൽഡിഎഫ് കാലത്തെ നടപടികൾ അന്വേഷിക്കുമെന്ന പ്രഖ്യാപനം.
ലൈസൻസ് പൊടുന്നനെ പുതുക്കിയതിന് പിന്നിൽ വൻ ഇടപെടലുണ്ടെന്നാണ് ലിജു സംശയിക്കുന്നത്. വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യാൻ തീരുമാനിച്ചതും മന്ത്രി അറിയാതെയാണ്. മുഖ്യമന്ത്രി എക്‌സൈസിൽ ഇടപെടുന്നത് തടഞ്ഞേതീരൂ എന്നാണ് കെ സി വേണുഗോപാൽ പക്ഷക്കാർ.
മൂന്ന് ബാറിനും മുമ്പ് ലൈസൻസുണ്ടായിരുന്നെന്നും ത്രീസ്റ്റാർ ക്ലാസിഫിക്കേഷൻ പൂർത്തിയാക്കി അപേക്ഷിച്ചപ്പോൾ സ്വാഭാവികമായി പുതുക്കിയതാണെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സസ്‌പൻഷനെതിരെ ഉദ്യോഗസ്ഥർ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. ചട്ടം പാലിച്ചാണ് ലൈസൻസ് നൽകിയതെന്ന കമീഷണറുടെ റിപ്പോർട്ട് മന്ത്രി തള്ളി. മികച്ച സർവീസ് റെക്കോഡുള്ളവരെ അഴിമതിക്കാരായി ചിത്രീകരിച്ചെന്ന് സഹപ്രവർത്തകർ പറഞ്ഞു.








0 comments