തുർക്ക്‌മാൻ ഗേറ്റിൽ ചരിത്രം ആവർത്തിക്കുന്നു

നമ്മുടെ രാജ്യത്തെ പാവങ്ങൾക്കുമേൽ അധികാരം അതിന്റെ ഹിംസാത്മകമായ രഥചക്രങ്ങൾ ഉരുട്ടിക്കയറ്റുകയാണ്. ഒരു നേരത്തെ അന്നത്തിന് പിച്ചയെടുത്തും അടിമപ്പണിയെടുത്തും വക കണ്ടെത്തുന്ന ദരിദ്രരിൽ ദരിദ്രരായ മനുഷ്യരുടെ ചേരികളിലേക്കാണവ ഇരച്ചുപായുന്നത്. ഒരു കാറ്റിനുപോലും തള്ളിവീഴ്‌ത്താവുന്നത്രയും ദുർബലമായ കൂരകൾക്കുമേൽ, ബുൾഡോസറിന്റെ ബലിഷ്‌ഠമായ തുന്പിക്കൈയും ഉരുക്കുചക്രങ്ങളും കയറിമറിയുന്പോൾ ഇൗ മനുഷ്യരുടെ വിലാപം അന്തരീക്ഷത്തിൽ അലിഞ്ഞില്ലാതാകുകയാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ചേരികളിൽ ബുൾഡോസറുകൾ ഇരച്ചുപായുന്നത് വാർത്തയല്ലാതായി മാറി. മുസ്ലിങ്ങളും ദളിതരും താമസിക്കുന്ന ചേരികളാണ് അവയുടെ ലക്ഷ്യം. റിയൽ എസ്റ്റേറ്റ് മാഫിയകളുടെ താൽപ്പര്യസംരക്ഷകരായി ബിജെപി നയിക്കുന്ന സർക്കാരുകളും മുനിസിപ്പൽ കോർപറേഷനുകളും മാറിക്കഴിഞ്ഞു. ചരിത്രമുറങ്ങുന്ന ഓൾഡ് ഡൽഹിയിലെ തുർക്ക്‌മാൻ ഗേറ്റിലെ ഫായിസ് ഇ ഇലാഹി മസ്‌ജിദിനുസമീപമുള്ള കെട്ടിടങ്ങളാണ് എട്ടാംതീയതി പുലർച്ചെ ബിജെപി ഭരിക്കുന്ന ഡൽഹി കോർപറേഷൻ അധികൃതർ 32 ബുൾഡോസറുമായി വന്ന് ഇടിച്ചുനിരത്തിയത്.
മസ്‌ജിദിനുസമീപമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള നീക്കത്തിനെതിരെ മസ്‌ജിദ് ഭരണസമിതി നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി നഗരവികസനമന്ത്രാലയത്തിനും മുനിസിപ്പൽ കോർപറേഷനും ഡൽഹി വികസന അതോറിറ്റിക്കും കഴിഞ്ഞദിവസം നോട്ടീസ് അയച്ചിരുന്നു. നാലാഴ്‌ചയ്‌ക്കകം മറുപടി ഫയൽ ചെയ്യണമെന്ന് കോടതി നിർദേശിച്ചതിനു പിന്നാലെയാണ് ഇടിച്ചുനിരത്തൽ.
ദരിദ്രജനതയ്‌ക്കെതിരെയുള്ള ഇത്തരം മനുഷ്യത്വവിരുദ്ധമായ നീക്കങ്ങളിൽ ബിജെപി– കോൺഗ്രസ് ഭേദമില്ല എന്ന-താണ് സത്യം. ബംഗളൂരു യെലഹങ്കയിലെ കൊഗിലുവിൽ ഇരുനൂറോളം വീടുകൾ കോൺഗ്രസ് സർക്കാർ സംവിധാനങ്ങൾ ഇടിച്ചുനിരത്തിയതിന്റെ ആഘാതം മാറുംമുന്പ് കഴിഞ്ഞ രാത്രി ബംഗളൂരു നോർത്തിലെ എസ്‌ആർകെ നഗറിനടുത്ത് തനിസാന്ത്രയിൽ മുസ്ലിങ്ങളുടെ മുപ്പതിലധികം വീടുകൾ ബംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ബുൾഡോസറുകൾ ഇടിച്ചുനിരപ്പാക്കി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും വർഗവീക്ഷണത്തിലെ സമാനതയാണ് ഇത്തരം സംഭവങ്ങളിൽ പ്രകടമാകുന്നത്. ഇരുപാർടികളുടെയും വർഗപരമായ പക്ഷപാതിത്വംതന്നെയാണ് അതിന് കാരണം. തുർക്ക്‌മാൻ ഗേറ്റ് പോലുള്ള ന്യൂനപക്ഷ ആവാസകേന്ദ്രങ്ങൾ ഇടിച്ചുനിരത്താൻ ബിജെപിക്ക് കൃത്യമായ മാതൃക സൃഷ്‌ടിച്ചുനൽകിയത് കോൺഗ്രസ്‌തന്നെയാണെന്നതാണ് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഫലിതം.
രാജ്യമൊട്ടുക്ക് ക്രൂരമായ മനുഷ്യാവകാശലംഘനങ്ങളും പൗരാവകാശലംഘനങ്ങളും നടമാടിയ 1975-–77 അടിയന്തരാവസ്ഥക്കാലത്താണ് ഓൾഡ് ഡൽഹിയിലെ തുർക്ക്‌മാൻ ഗേറ്റിൽ കുടിയൊഴിപ്പിക്കലും വെടിവയ്‌പും അരങ്ങേറിയത്. അതിന് നേതൃത്വം നൽകിയതാകട്ടെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകനും കോൺഗ്രസ് നേതാവുമായ സഞ്‌ജയ് ഗാന്ധിയും. ഇന്ദിരയുടെ വധത്തിനുശേഷം 1984ൽ പ്രധാനമന്ത്രിയായി അധികാരമേറ്റ രാജീവ് ഗാന്ധിയുടെ അനുജനാണ് സഞ്‌ജയ്. ഡൽഹിയെ മനോഹരമാക്കാനായി സഞ്ജയ് ഗാന്ധി ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായിരുന്നു ഓൾഡ് ഡൽഹിയിലെ തുർക്ക്‌മാൻ ഗേറ്റിലെ ചേരിനിർമാർജനം. അന്നും ഇടിച്ചുനിരത്തലിനെത്തിയത് ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിതന്നെ. തലമുറകളായി അവിടെ താമസിച്ചിരുന്ന ആയിരക്കണക്കിന് ആളുകളോട് വീടൊഴിഞ്ഞ് യമുനയുടെ തീരത്തുള്ള വിജനമായ സ്ഥലങ്ങളിലേക്ക് മാറാനായിരുന്നു കൽപ്പന. 1976 ഏപ്രിൽ 19ന് കുടിയൊഴിപ്പിക്കലിനെത്തിയ സന്നാഹത്തെ ചെറുത്തുനിന്ന ന്യൂനപക്ഷ സമുദായാംഗങ്ങൾക്കുനേരെ പൊലീസ് വെടിയുതിർത്തു. 26 പേർ കൊല്ലപ്പെട്ടെന്നാണ് ഒൗദ്യോഗിക കണക്കെങ്കിലും നൂറിലേറെപ്പേർക്ക് ജീവൻ നഷ്‌ടമായെന്നാണ് അനൗദ്യോഗികവിവരം. ഇത്തരം കുടിയൊഴിപ്പിക്കലുകൾക്കും രാജ്യമൊട്ടുക്ക് നടത്തിയ നിർബന്ധിത വന്ധ്യംകരണപരിപാടികൾക്കും നേതൃത്വം നൽകിയത് സഞ്‌ജയ് ഗാന്ധിയായിരുന്നു. അതിനെല്ലാം ഇന്ദിരാഗാന്ധിയുടെ മൗനാനുവാദവും ഉണ്ടായിരുന്നു. ഗുരുതരമായ അധികാരദുർവിനിയോഗമാണ് സഞ്‌ജയ് ഗാന്ധി നടത്തിയതെന്ന് അടിയന്തരാവസ്ഥയ്‌ക്കുശേഷം തുർക്ക്‌മാൻ ഗേറ്റ് സംഭവം അന്വേഷിച്ച ഷാ കമീഷൻ കണ്ടെത്തിയിരുന്നു.
കോൺഗ്രസ് തുടങ്ങിവച്ച അപകടകരമായ അടിച്ചമർത്തലുകൾ ഇന്ന് അനുഷ്‌ഠാനഹത്യകൾ പോലെയായി മാറുന്നു. കോൺഗ്രസും ബിജെപിയും ഒരേതൂവൽപ്പക്ഷികളാണെന്ന വസ്‌തുത ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.










0 comments