'അന്നം മുടക്കികൾ കടക്ക് പുറത്ത്'; മുദ്രാവാക്യവുമായി ഭക്ഷണം നൽകി ഡിവൈഎഫ്ഐ

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ സംഘടനകൾ നടത്തുന്ന പൊതിച്ചോർ വിതരണത്തെ വിമർശിച്ച ആരോഗ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ ഫ്ലക്സ് ബോർഡ് വെച്ച് 'അന്നം മുടക്കികൾ കടക്ക് പുറത്ത്' എന്ന മുദ്രാവാക്യമുയർത്തിയാണ് ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം നടത്തിയത്.
ഡിവൈഎഫ്ഐ കോവിൽവിള യൂണിറ്റ് സംഘടിപ്പിച്ച പരിപാടി മുൻ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി നടത്തിയ പ്രസ്താവനയിൽ നിന്ന് പിൻവാങ്ങിയാൽ മാത്രം പോരെന്നും പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു. മന്ത്രിയുടെ പാർട്ടിയുടെ യുവജന സംഘടന ഇത്തരത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ദിനംപ്രതി നാലായിരത്തോളം പേർക്കാണ് ഡിവൈഎഫ്ഐ പൊതിച്ചോർ നൽകുന്നത്. ഈ പദ്ധതിക്ക് തുടക്കം കുറിച്ച അന്നത്തെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഐ സാജുവും പ്രതിഷേധത്തിൽ പങ്കുചേർന്നു.
സർക്കാർ ആശുപത്രികളിൽ ബാനറുകളും കൊടികളുമായി സംഘടനകൾ നടത്തുന്ന ഭക്ഷണ വിതരണം നിർത്തലാക്കണമെന്നും കമ്മ്യൂണിറ്റി കിച്ചണിലൂടെ മാത്രമേ വിതരണം പാടുള്ളൂ എന്നും മന്ത്രി നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. ഇതിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പുറമെ പൊതുജനവും രംഗത്ത് വന്നതോടെ മന്ത്രി കെ മുരളീധരനും യുഡിഎഫ് സർക്കാരും പ്രതിരോധത്തിലായിരിക്കുകയാണ്.










0 comments