Deshabhimani

print edition വഴിവിട്ട വൈദ്യുതി കരാർ ആർക്കുവേണ്ടി

deshabhimani editorial
വെബ് ഡെസ്ക്

Published on Nov 06, 2026, 12:00 AM | 2 min read

വി ഡി സതീശൻ മുഖ്യമന്ത്രിയായശേഷം നടക്കുന്ന പല ഇടപാടുകളും ദുരൂഹമാണ്‌. സത്യപ്രതിജ്ഞയ്‌ക്ക്‌ മുന്പുതന്നെ ചാർട്ടേർഡ് വിമാനത്തിലുള്ള മംഗളൂരു യാത്രയും കർണാടകത്തിലെ എൻഡിഎ നേതാക്കളുമായും അദാനി ഗ്രൂപ്പിന്റെ ഉന്നതനുമായുമുള്ള ക‍ൂടിക്കാഴ്‌ച തുടക്കംമാത്രമായിരുന്നു. തുടർന്ന്‌ പ്രത്യേക ഹെലികോപ്‌റ്ററിൽ കൊച്ചിയിലെത്തി വൻനിക്ഷേപകനുമായി കൂടിക്കാഴ്‌ച നടത്തിയതും കുടകുയാത്രയും മലപ്പുറത്തേക്കുള്ള സ്‌പോൺസേർഡ്‌ ചാർട്ടേർഡ് വിമാനയാത്രയും ദുരൂഹമായി തുടരുന്നു. ഇതിനിടയിലാണ്‌ കെഎസ്‌ഇബിയും വൈദ്യുതിമന്ത്രിയും എതിർത്തിട്ടും വൈദ്യുതി ഉൽപ്പാദന കമ്പനിയോ ലൈസൻസുള്ള വൈദ്യുതി വിൽപ്പന കന്പനിയോ അല്ലാത്ത ഒടിസി ഡിജിറ്റൽ പ്ലാറ്റ്ഫോം മാത്രമായ ജിഎൻഎ കന്പനി വഴി വൈദ്യുതി വാങ്ങാൻ തീരുമാനിക്കുന്നത്‌. ബോധപൂർവം സൃഷ്ടിച്ച വൈദ്യുതിപ്രതിസന്ധിയുടെ മറവിൽ വൻ സാമ്പത്തിക അഴിമതിക്കും ഖജനാവ് കൊള്ളയടിക്കാനും സർക്കാർ നടത്തുന്ന നീക്കങ്ങൾ അത്യന്തം ആശങ്കാജനകവും അതീവ ഗുരുതരവുമാണ്. കൃത്യമായ ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ മാനേജ്‌മെന്റിലൂടെയും വൈദ്യുതിലഭ്യതവിഷയം കൈകാര്യം ചെയ്യുന്നതിനുപകരം, നിയമവ്യവസ്ഥകളെ കാറ്റിൽപ്പറത്തി ഉയർന്ന നിരക്കിൽ സ്വകാര്യ കമ്പനികളുമായി വഴിവിട്ട കരാറുകളിൽ ഏർപ്പെടുകയാണ്‌ സർക്കാർ.


​ടെൻഡർ നടപടികളോ സംസ്ഥാന റെഗുലേറ്ററി കമീഷന്റെ അനുമതിയോ ഇല്ലാതെ വൻതുകയ്‌ക്ക് വൈദ്യുതി വാങ്ങാൻ നിയമം അനുവദിക്കുന്നില്ല. കെഎസ്ഇബിയും വൈദ്യുതിമന്ത്രിയും സാമ്പത്തികനഷ്‌ടം ചൂണ്ടിക്കാണിച്ച്‌ പലതവണ വിയോജിപ്പ് അറിയിച്ചിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും ചില ഉന്നതോദ്യോഗസ്ഥരുടെയും നേരിട്ടുള്ള ഇടപെടലിലൂടെ കരാറുമായി മുന്നോട്ടുപോകുകയാണ്‌. ഇതിന് കൂട്ടുനിൽക്കാതിരുന്ന കെഎസ്ഇബി സിഎംഡി എം ജി രാജമാണിക്യത്തെ തൽസ്ഥാനത്തുനിന്ന്‌ മാറ്റി. ജനങ്ങളുടെയും കെഎസ്ഇബിയുടെയും താൽപ്പര്യങ്ങൾ ബലികഴിച്ച് സ്വകാര്യ ലോബികൾക്ക് കോടികളുടെ കൊള്ളലാഭമുണ്ടാക്കാൻ കാട്ടുന്ന അനാവശ്യ ധൃതിക്കുപിന്നിൽ വൻഅഴിമതിയാണെന്ന്‌ വ്യക്തമാവുകയാണ്‌. ജിഎൻഎ എനർജി എന്ന നിഴൽസ്ഥാപനത്തിൽനിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനെ ന്യായീകരിക്കാൻ നേരിട്ടിറങ്ങിയ മുഖ്യമന്ത്രിയുടെ വാദങ്ങളെല്ലാം വസ്‌തുതാവിരുദ്ധമാണ്‌. വൈദ്യുതി ഉൽപ്പാദകരുടെ പേര് വ്യക്തമല്ല, ടെൻഡർ നടന്നിട്ടില്ല, റെഗുലേറ്ററി കമീഷന്റെ മുൻകൂർ അംഗീകാരമില്ല, സാമ്പത്തികനഷ്‌ടം ചൂണ്ടിക്കാട്ടി കെഎസ്ഇബി എതിർക്കുന്നു. ഈ സാഹചര്യത്തിൽ, ജിഎൻഎ വഴി വൈദ്യുതി വാങ്ങുന്നതിനെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി നേരിട്ട് രംഗത്തിറങ്ങിയത്‌ ദുരൂഹത വർധിപ്പിക്കുന്നു.


​നാഷണൽ പവർ എക്‌സ്‌ചേഞ്ചിൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമായിരിക്കെയാണ് യൂണിറ്റിന് 8.63 രൂപ നിരക്കിൽ 500 മെഗാവാട്ട് വൈദ്യുതി സ്വകാര്യ കമ്പനിയിൽനിന്ന് വാങ്ങാൻ തിടുക്കംകാട്ടുന്നത്. പകൽസമയത്ത് അനാവശ്യമായി വൈദ്യുതി വാങ്ങിക്കൂട്ടുന്നത് ഖജനാവിന്‌ 727 കോടിയുടെ അധികബാധ്യത വരുത്തിവയ്‌ക്കുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകിയതാണ്. ഹിമാചൽപ്രദേശിലെ പൊതുമേഖലാ സ്ഥാപനം ആവശ്യമായ സമയത്ത്‌ മതിയായ വൈദ്യുതി നൽകാമെന്ന് സമ്മതിച്ചിട്ടും അനുകൂല തീരുമാനമെടുക്കാതിരുന്നത് സ്വകാര്യ ഏജൻസികളെ സഹായിക്കാനായിരുന്നു. ജിഎൻഎ ഇടപാട്‌ കെഎസ്‌ഇബിയുടെ സാന്പത്തികഭദ്രത തകർക്കും. ജിഎൻഎ വഴി വൈദ്യുതി വാങ്ങിയാൽ മാർച്ച് 31 വരെ 1566 കോടി രൂപ ചെലവാകും. ഹിമാചലിൽനിന്നുള്ള 12.50 രൂപ നിരക്കിലെ വിതരണം സ്വീകരിച്ചാൽ 1105 കോടി രൂപയും, ആദ്യ ഓഫറായ 14.50 രൂപ നൽകിയാൽപ്പോലും 1281 കോടി രൂപയുമേ ചെലവാകൂ. അതായത് ജിഎൻഎ ഇടപാടിലൂടെ 285 മുതൽ 461 കോടി രൂപവരെ അധികചെലവാണ് വരുന്നത്. ഹിമാചലിൽനിന്ന് 900 മെഗാവാട്ട് ലഭിക്കേണ്ട സ്ഥാനത്ത് ജിഎൻഎ വഴി 500 മെഗാവാട്ടുമാത്രമേ ലഭിക്കൂ. ഇതുമൂലം പീക്ക് സമയത്തെ ആവശ്യത്തിനായി പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ 442 കോടി രൂപകൂടി ചെലവാകും.


​സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണം നേരിടുന്ന, ഇൻസൈഡർ ട്രേഡിങ് കേസിലും ഓഹരി തട്ടിപ്പിലും ഉൾപ്പെട്ട "ജിഎൻഎ എനർജി പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയുമായാണ്‌ ഇടപാട്‌ ഉറപ്പിക്കുന്നത്‌. കേന്ദ്ര റെഗുലേറ്ററി കമീഷന്റെ രഹസ്യവിവരങ്ങൾ ചോർത്തി 173 കോടിയിലധികം രൂപയുടെ അനധികൃത ലാഭമുണ്ടാക്കിയതിന് ലൈസൻസ് റദ്ദാക്കൽ ഭീഷണി നേരിടുന്ന സ്ഥാപനത്തിന് പൊതുപണം കൊള്ളയടിക്കാൻ അവസരമൊരുക്കുന്നത്‌ ആർക്കുവേണ്ടിയാണ്‌. കരാറുണ്ടാക്കുന്ന ജിഎൻഎ കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളത്‌ ആരാണ്, വലിയ നഷ്‌ടം ഉണ്ടാകുന്ന കരാറിൽ ഏർപ്പെടുന്നത്‌ എന്തിനാണ്, ടെൻഡറില്ലാതെ തിടുക്കത്തിൽ വൈദ്യുതി വാങ്ങേണ്ട സാഹചര്യം കേരളത്തിലുണ്ടോ, ഇതുസംബന്ധിച്ച് റെ​ഗുലേറ്ററി കമീഷന്റെ ശുപാർശയോ പരിശോധനയോ നടത്തിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക്‌ മറുപടി പറയാൻ തയ്യാറാകുന്നതിനുപകരം, പതിവുശൈലിയിൽ കള്ളം പറഞ്ഞ്‌ രക്ഷപ്പെടാനാണ്‌ മുഖ്യമന്ത്രി ശ്രമിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home