ഭക്ഷ്യസുരക്ഷാ പരിശോധനയിൽ വ്യാപക ക്രമക്കേട്; സെപ്റ്റോയും ബ്ലിങ്കിറ്റും ഉൾപ്പെടെ 105 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

മുംബൈ: ദീപാവലിക്ക് മുന്നോടിയായി മഹാരാഷ്ട്രയിൽ നടത്തിയ ഭക്ഷ്യസുരക്ഷാ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. സെപ്റ്റോ, ബ്ലിങ്കിറ്റ്, ബിരിയാണി ബൈ കിലോ, ഡി-മാർട്ട് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. സംസ്ഥാനത്താകെ 105 ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ഇതിൽ 28 എണ്ണം മുംബൈയിലാണ്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ ഏഴ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും മഹാരാഷ്ട്ര ഭക്ഷ്യ ഔഷധ ഭരണവിഭാഗം (FDA) ഉത്തരവിട്ടു.
നവംബർ നാല്, അഞ്ച് തീയതികളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. മുംബൈയിലെ വോർളിയിൽ പ്രവർത്തിക്കുന്ന സെപ്റ്റോ, ബ്ലിങ്കിറ്റ് (ബ്ലിങ്ക് കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്) എന്നിവയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പ്രമുഖ ഭക്ഷണശൃംഖലകളായ ബിരിയാണി ബൈ കിലോ, വോർളിയിലെ ടോസിൻ പിസ, ജംബോ ബർഗർ എന്നിവയ്ക്കെതിരെയും സമാന നടപടിയുണ്ടായി. ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ (FSSAI) മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്ന് ബോറിവലിയിലെ രാജധാനി ബിരിയാണി സെന്റർ പൂർണമായും അടച്ചുപൂട്ടാൻ നിർദേശിച്ചു.
നാഗ്പുരിലെ കാംഠി റോഡിലുള്ള ഡി-മാർട്ട് ഔട്ട്‌ലെറ്റിലും പരിശോധന നടത്തി. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ഇവിടെനിന്ന് ശുദ്ധീകരിച്ച സോയാബീൻ എണ്ണ പിടിച്ചെടുത്തു. പൂനെയിൽ മൂന്നും അമരാവതിയിൽ രണ്ടും മുംബൈയിലും കൊങ്കൺ മേഖലയിലും ഓരോ സ്ഥാപനങ്ങളുമാണ് അടച്ചുപൂട്ടാൻ ഉത്തരവിട്ട ഏഴ് സ്ഥാപനങ്ങൾ.
പരിശോധനയുടെ ഭാഗമായി 69ലധികം സ്ഥാപനങ്ങളിൽനിന്ന് സുരക്ഷിതമല്ലാത്തതോ മായം കലർന്നതായി സംശയിക്കുന്നതോ ആയ 1.35 കോടി രൂപയിലധികം വിലവരുന്ന ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. നിരോധിത ഭക്ഷ്യവസ്തുക്കൾക്കെതിരായ നടപടികളുമായി ബന്ധപ്പെട്ട് മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എഫ്ഡിഎ കമ്മീഷണർ തുകാരാം മുണ്ടെ മുന്നറിയിപ്പ് നൽകി. സുരക്ഷിതമല്ലാത്ത ഭക്ഷണം വിറ്റതിനെത്തുടർന്ന് മരണം സംഭവിച്ചാൽ ജീവപര്യന്തം തടവും പത്ത് ലക്ഷം രൂപ പിഴയും വരെ വ്യവസ്ഥ ചെയ്യുന്ന നിയമങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്സവകാലത്ത് ഭക്ഷ്യവസ്തുക്കളുടെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാനാണ് പരിശോധന ശക്തമാക്കിയത്.








0 comments