Deshabhimani

ആർജെഡി നേതാവിന്റെ കൊലപാതകം; ബിഹാറിലെ പിടികിട്ടാപ്പുള്ളി കൊല്ലത്ത് അറസ്റ്റിൽ

rjd bihar murderer kollam
വെബ് ഡെസ്ക്

Published on Nov 06, 2026, 10:52 PM | 1 min read

കൊല്ലം: ബിഹാറിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിടികിട്ടാപ്പുള്ളി കൊല്ലത്ത് അറസ്റ്റിൽ. ബിഹാർ സ്വദേശി മുഹമ്മദ് അജാസ് അഹമ്മദിനെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് ചാമക്കടയിൽനിന്ന് പിടികൂടിയത്. ബിഹാർ പൊലീസ് അന്വേഷിക്കുന്ന പ്രധാന കുറ്റവാളികളിലൊരാളായ ഇയാൾ കൊല്ലത്ത് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ബിഹാർ സർക്കാർ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.


സെപ്തംബറിൽ ബിഹാറിൽ ആർജെഡി നേതാവ് വൈദ്യനാഥ് മഹ്തോ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് അഹമ്മദ്. കൊലപാതകം നടത്താനായി കേരളത്തിൽനിന്ന് ബിഹാറിലേക്ക് പോയ ഇയാൾ കൃത്യത്തിനുശേഷം തിരികെ കൊല്ലത്തെത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 2020ൽ ബിഹാറിൽ കവർച്ചയ്ക്കിടെ സ്ത്രീയെ വെടിവച്ച കേസിലും ഇയാൾ പ്രതിയാണ്. കൊലപാതകശ്രമം, കവർച്ച തുടങ്ങി വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ബിഹാറിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളാണ് അഹമ്മദിനെതിരെയുള്ളത്.


2019 മുതൽ കേരളത്തിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാളെന്നാണ് അന്വേഷണസംഘം പറയുന്നത്. ബിഹാറിൽ കുറ്റകൃത്യങ്ങൾ നടത്തിയശേഷം കേരളത്തിലേക്ക് മടങ്ങിയെത്തി പൊലീസിന്റെ പിടിയിൽനിന്ന് രക്ഷപ്പെടുന്നതായിരുന്നു രീതിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ബിഹാറിലെ ഏറ്റവും പ്രധാനപ്പെട്ട പത്ത് കുറ്റവാളികളിൽ ഒരാളായാണ് അഹമ്മദിനെ പൊലീസ് വിശേഷിപ്പിക്കുന്നത്.


പ്രതിയെ കണ്ടെത്തുന്നതിനായി ബിഹാർ പൊലീസ് ഇന്റലിജൻസ് സബ് ഇൻസ്പെക്ടർ രാമായൺ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം ചാമക്കടയിലെ ഒളിത്താവളം കണ്ടെത്തിയത്. കൊല്ലം ഈസ്റ്റ് പൊലീസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


അറസ്റ്റിനുശേഷം വൈദ്യപരിശോധനയ്ക്കായി അഹമ്മദിനെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടർന്ന് കൂടുതൽ ചോദ്യംചെയ്യലിനായി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർ അന്വേഷണത്തിനായി പ്രതിയെ ബിഹാറിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home