ന്യൂസിലൻഡിനെതിരായ സൗഹൃദ മത്സരങ്ങൾ; 23 അംഗ ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: നവംബറിലെ ഫിഫ രാജ്യാന്തര മത്സര വിൻഡോയിൽ ന്യൂസിലൻഡിനെതിരായ രണ്ട് സൗഹൃദ മത്സരങ്ങൾക്കുള്ള 23 അംഗ ഇന്ത്യൻ ഫുട്ബോൾ ടീമിനെ പരിശീലകൻ ഖാലിദ് ജമീൽ പ്രഖ്യാപിച്ചു.
നവംബർ 12ന് ഓക്ക്‌ലൻഡിലെ ഗോ മീഡിയ സ്റ്റേഡിയത്തിലും നവംബർ 15ന് ക്രൈസ്റ്റ്ചർച്ചിലെ വൺ ന്യൂസിലൻഡ് സ്റ്റേഡിയത്തിലുമാണ് മത്സരങ്ങൾ. ആദ്യ മത്സരം ഇന്ത്യൻ സമയം രാവിലെ 11.30നും രണ്ടാം മത്സരം രാവിലെ 8.30നുമാണ് ആരംഭിക്കുക.
നൗഷാദ് മൂസയുടെ പരിശീലനത്തിലുള്ള സാഫ് ചാമ്പ്യൻഷിപ്പ് 2026 ടീമിൽ ഇടംനേടിയിരുന്ന ബിജോയ് വർഗീസ്, മുഹമ്മദ് സുഹൈൽ, ലിസ്റ്റൺ കൊളാക്കോ എന്നിവർ പുതിയ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർ ധാക്കയിലെ സാഫ് ചാമ്പ്യൻഷിപ്പ് ടീമിനൊപ്പം തുടരാതെ ന്യൂസിലൻഡിലേക്ക് പോകുന്ന ഖാലിദ് ജമീലിന്റെ സംഘത്തിനൊപ്പം ചേരും.
അതേസമയം, ഫറൂഖ് ചൗധരി, നൗഫൽ പി.എൻ, ഹ്മിംഗ്തൻമാവിയ റാൾട്ടെ എന്നിവരെ സാഫ് ചാമ്പ്യൻഷിപ്പ് ടീമിൽനിന്ന് ഒഴിവാക്കി. ഇവർ ക്ലബ്ബായ മുംബൈ സിറ്റി എഫ്.സിയിലേക്ക് മടങ്ങും. പരിക്കിനെത്തുടർന്ന് റോണി ഖർബുഡോണിന് ധാക്കയിലേക്ക് യാത്ര ചെയ്യാനാകില്ല.
ലോകകപ്പിൽ കളിക്കുന്ന ശക്തരായ എതിരാളികളാണ് ന്യൂസിലൻഡെന്നും വിദേശത്ത് നടക്കുന്ന ഈ രണ്ട് മത്സരങ്ങളും ടീമിന് മികച്ച പരീക്ഷണമായിരിക്കുമെന്നും പരിശീലകൻ ഖാലിദ് ജമീൽ പറഞ്ഞു. അച്ചടക്കത്തോടെ കളിക്കാനും ടീമെന്ന നിലയിൽ മെച്ചപ്പെടാനുമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ടീമിൽ 23 പേർ
ഗോൾകീപ്പർമാർ: ഹൃതിക് തിവാരി, സോം കുമാർ, വിശാൽ കൈത്.
പ്രതിരോധനിര: അഭിഷേക് സിങ് ടെക്ചം, ആകാശ് മിശ്ര, ബിജോയ് വർഗീസ്, ജയ് ഗുപ്ത, മെഹ്താബ് സിങ്, പ്രംവീർ, റിക്കി മീത്തെയ് ഹോബാം, റോഷൻ സിങ് നൊറേം.
മധ്യനിര: അനിരുദ്ധ് ഥാപ്പ, ആഷിഖ് കുരുണിയൻ, ജിതിൻ എം.എസ്, ലാൽറെംത്ലുവാംഗ ഫനായി, ലാൽറിന്ലിയാന ഹ്നാംതെ, തോംബ സിങ് ഹോബാം.
മുന്നേറ്റനിര: ഡേവിഡ് ലാൽഹ്ലാൻസംഗ, എഡ്മണ്ട് ലാൽറിൻഡിക, ലിസ്റ്റൺ കൊളാക്കോ, മൻവീർ സിങ്, മുഹമ്മദ് സുഹൈൽ, റയാൻ വില്യംസ്.








0 comments