അന്താരാഷ്ട്ര എമ്മി വേദിയിലേക്ക് മക്കൾ സെൽവൻ; വിജയ് സേതുപതിയുടെ കരിയറിലെ പുതിയ തിളക്കം

ചെന്നൈ: തമിഴകത്തിന്റെ സ്വന്തം 'മക്കൾ സെൽവൻ' വിജയ് സേതുപതി ഇനി ലോകവേദിയിലും തിളങ്ങും. ടെലിവിഷൻ ലോകത്തെ ഏറ്റവും പ്രശ്സതമായ അന്താരാഷ്ട്ര എമ്മി പുരസ്കാര വേദിയിൽ അവാർഡ് സമ്മാനിക്കുന്ന താരങ്ങളുടെ പട്ടികയിലാണ് വിജയ് സേതുപതി ഇടംപിടിച്ചിരിക്കുന്നത്. വരുന്ന നവംബർ 23-ന് ന്യൂയോർക്കിൽ വെച്ച് നടക്കുന്ന 54-ാമത് രാജ്യാന്തര എമ്മി പുരസ്കാരച്ചടങ്ങിലാണ് താരം അതിഥിയായി പങ്കെടുക്കുന്നത്. ഇന്ത്യൻ സിനിമാലോകത്തിന് മുഴുവൻ അഭിമാനകരമായ ഈ നേട്ടം ആരാധകരും വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
ഇന്റർനാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ ആർട്സ് ആൻഡ് സയൻസസ് ബോർഡ് അംഗവും നിർമാതാവുമായ കവിത ഗുപ്തയാണ് വിജയ് സേതുപതിയെ രാജ്യാന്തര വേദിയിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. 2024ൽ നടന്ന 52-ാമത് രാജ്യാന്തര എമ്മി പുരസ്കാരച്ചടങ്ങിന്റെ അവതാരകനായി ഇന്ത്യൻ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ വീർ ദാസിനെ എത്തിക്കുന്നതിലും കവിത നിർണായക പങ്കുവഹിച്ചിരുന്നു. അന്ന് ചടങ്ങ് അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരനായി വീർ ദാസ് ചരിത്രം കുറിച്ചിരുന്നു.
ഇത്തവണ ഇന്ത്യയ്ക്ക് പുരസ്കാര പ്രതീക്ഷകളും ഏറെയാണ്. സോണിലിവിന്റെ 'റിയൽ കശ്മീർ ഫുട്ബോൾ ക്ലബ്' മികച്ച ഡ്രാമ പരമ്പരയ്ക്കുള്ള വിഭാഗത്തിലും വീർ ദാസിന്റെ നെറ്റ്ഫ്ലിക്സ് സ്പെഷ്യൽ 'വീർ ദാസ്: ഫൂൾ വോള്യം' മികച്ച കോമഡി വിഭാഗത്തിലും നാമനിർദേശം നേടിയിട്ടുണ്ട്. അമേരിക്കയ്ക്ക് പുറത്തുള്ള ടെലിവിഷൻ പരിപാടികളിലെ മികച്ച സൃഷ്ടികളെയും പ്രകടനങ്ങളെയും ആദരിക്കുന്ന ചടങ്ങിൽ ഇത്തവണ 22 രാജ്യങ്ങളിൽനിന്നുള്ള 64 നാമനിർദേശങ്ങളാണുള്ളത്. നടൻ മൈക്കൽ യൂറിയാണ് ചടങ്ങിന്റെ അവതാരകൻ.
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഇന്ത്യൻ സിനിമാപ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ വിജയ് സേതുപതിക്ക് രാജ്യാന്തര തലത്തിലും ആരാധകരേറെയാണ്. 2024ൽ പുറത്തിറങ്ങിയ 'മഹാരാജ' ചൈനയിലടക്കം മികച്ച സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിന്റെ ഹോളിവുഡ് റീമേക്കിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. മിഷ്കിൻ സംവിധാനം ചെയ്യുന്ന 'ട്രെയിൻ', മണിരത്നത്തിന്റെ 'ഇഞ്ചി വെള്ളം', ത്യാഗരാജൻ കുമാരരാജയുടെ 'പോക്കറ്റ് നോവൽ' തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. വെള്ളിത്തിരയിൽ വേറിട്ട കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന വിജയ് സേതുപതിയുടെ എമ്മി വേദിയിലെ സാന്നിധ്യത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
രാജ്യാന്തര എമ്മി പുരസ്കാര വേദിയിൽ പുരസ്കാരം സമ്മാനിക്കുന്ന ആദ്യ ഇന്ത്യക്കാരനാകും വിജയ് സേതുപതിയെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഈ അവകാശവാദത്തെ ചോദ്യംചെയ്ത് നടി പ്രേരണ വൻവാരി രംഗത്തെത്തി. 2009ൽ ആഷ്ക ഗൊരാഡിയയും 2010ൽ സിമോൺ സിങ്ങും ഇതേ വേദിയിൽ പുരസ്കാരങ്ങൾ സമ്മാനിച്ചിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. താനും മുമ്പ് പുരസ്കാരം സമ്മാനിച്ചിട്ടുണ്ടെന്നും പ്രേരണ വ്യക്തമാക്കി.








0 comments