Deshabhimani

print edition കോൺഗ്രസിൽ ചരിത്രം ആവർത്തിക്കുന്നു

deshabhimani editorial
വെബ് ഡെസ്ക്

Published on Nov 23, 2026, 01:00 AM | 2 min read

യുഡിഎഫ്‌ സർക്കാർ ആറുമാസം പിന്നിട്ടപ്പോഴേക്കും മുഖ്യമന്ത്രിയും സ്വന്തം പാർടിയിലെ മന്ത്രിമാരും തമ്മിലുള്ള അടി കോൺഗ്രസ്‌ ദേശീയ നേതൃത്വത്തിന്‌ മുന്പിലെത്തിയിരിക്കുകയാണ്‌. മുഖ്യമന്ത്രിപക്ഷം, മറുപക്ഷം എന്നീ രണ്ടു ചേരിയിലായി മന്ത്രിമാരും കോൺഗ്രസ്‌ നേതാക്കളും അണിചേർന്നു കഴിഞ്ഞു. ഇ‍ൗ തക്കംനോക്കി പഴയ ഗ്രൂപ്പുകൾ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമവും കൊണ്ടുപിടിച്ച്‌ നടക്കുന്നു. ഒരു വിഭാഗം എ ഗ്രൂപ്പ്‌ നേതാക്കൾ ഹൈക്കമാൻഡിനെ കണ്ടത്‌ ഇതിന്റെ ഭാഗമായാണ്‌. സർക്കാരിന്റെ ഒരു തീരുമാനവും അറിയുന്നില്ലെന്ന യുഡിഎഫ്‌ കൺവീനർ അടൂർ പ്രകാശിന്റെ തുറന്നടിക്കലാണ്‌ ഇപ്പോൾ മന്ത്രിമാർതന്നെ ഏറ്റെടുത്തിരിക്കുന്നത്‌.


ഇ‍ൗ മന്ത്രിമാരെ തന്റെ സൈബർ വെട്ടുകിളികളെ അഴിച്ചുവിട്ട്‌ സമൂഹമാധ്യമങ്ങളിൽ വേട്ടയാടുകയാണ്‌ സതീശൻപക്ഷം. മന്ത്രിമാരുടെ അടക്കം ഫോൺ പൊലീസിനെ ഉപയോഗിച്ച്‌ ചോർത്തുന്ന നിയമവിരുദ്ധവും അധാർമികവുമായ നടപടിക്ക്‌ ഇ‍ൗ ആദർശനാട്യക്കാർ തുനിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയെ നല്ല നടപ്പിന്‌ വിടണമെന്നാണ്‌ ഒരുകൂട്ടം മന്ത്രിമാരുടെയും നേതാക്കളുടെയും ആവശ്യമെങ്കിൽ മന്ത്രിമാരായ സണ്ണി ജോസഫ്‌, എ പി അനിൽകുമാർ, എം ലിജു എന്നിവരെ പുറത്താക്കുകയാണ്‌ വി ഡി സതീശന്റെ ലക്ഷ്യം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ്‌ സതീശന്റെ ആത്യന്തിക ലക്ഷ്യം.


കോൺഗ്രസിലെ പല ഗ്രൂപ്പ്‌ പോരും കണ്ടവരാണ്‌ നമ്മൾ. കേരളപ്പിറവിക്കുശേഷം കോൺഗ്രസിൽ ഗ്രൂപ്പ് പോരിന്റെ പല അധ്യായങ്ങളും അരങ്ങേറി. ഒരുകാലത്ത്‌ കെ കരുണാകരൻ, എ കെ ആന്റണി, ഉമ്മൻചാണ്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗ്രൂപ്പുകൾ. കോൺഗ്രസിലെ ചാണക്യനായിരുന്ന കരുണാകരന്റെയും ഉമ്മൻചാണ്ടിയുടെ പിന്തുണയിൽ അടവുകൾ പയറ്റിയ എ കെ ആന്റണിയുടെയും മുഖ്യമന്ത്രിക്കസേര തെറിപ്പിച്ചത്‌ ഗ്രൂപ്പ്‌ പോരായിരുന്നു. ഉമ്മൻചാണ്ടിക്കെതിരെ ഇന്നത്തെ മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിൽ ഹരിത എംഎൽഎമാരുണ്ടാക്കിയ പൊല്ലാപ്പും ചെറുതായിരുന്നില്ല. കോൺഗ്രസിൽ നിൽക്കക്കള്ളിയില്ലാതെ കെ കരുണാകരന്‌ ഡിഐസി എന്നൊരു പാർടിതന്നെ ഉണ്ടാക്കേണ്ടിവന്നു. രാജ്‌മോഹൻ ഉണ്ണിത്താന്റെ മുണ്ടുരിയൽ തുടങ്ങി ഒട്ടേറെ സംഭവങ്ങൾക്കും കേരളം സാക്ഷ്യംവഹിച്ചു. അതിനിടെ തിരുത്തൽവാദി എന്നൊരു ഉപഗ്രൂപ്പുമുണ്ടായി. പത്തുവർഷത്തിനുശേഷം യുഡിഎഫ്‌ വീണ്ടും അധികാരത്തിലെത്തിയതോടെ മുന്പേത്തേതിനേക്കാൾ കരുത്തോടെ ഗ്രൂപ്പ്‌ പോര്‌ മടങ്ങിവരുന്നു.


ജനാധിപത്യത്തിന്റെ സ‍ൗന്ദര്യം, ടീം യുഡിഎഫ്‌ എന്നീ വിശേഷണങ്ങളാൽ മൂടിവയ്‌ക്കാവുന്നതല്ല ഇപ്പോഴത്തെ തമ്മിലടി. പല മന്ത്രിമാരും സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പോക്കിൽ കടുത്ത വിയോജിപ്പുള്ളവരാണ്‌. അവസരം വരുന്പോൾ അവരും തനിക്കെതിരെ തിരിയുമെന്ന്‌ സതീശന്‌ അറിയാം. അതിനാലാണ്‌ പുതിയ രക്ഷാകവചം എന്ന നിലയിൽ മുഖ്യമന്ത്രിയും അനുയായികളും ഹൈക്കമാൻഡിനെ സമീപിക്കുന്നത്‌. ഇ‍ൗ കളികളെല്ലാം ഗ്യാലറിയിലിരുന്ന്‌ കണ്ട്‌ രസിക്കുകയാണ്‌ ഐ ഗ്രൂപ്പ്‌ നേതാവുകൂടിയായ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. ഇപ്പോഴത്തെ ഗ്രൂപ്പ്‌ പോര്‌ ഗ‍ൗരവതരമായ ചില പ്രശ്‌നങ്ങൾ ഉയർത്തുന്നുണ്ട്‌. അത്‌ ഭരണവുമായി ബന്ധപ്പെട്ടതാണ്‌. മുഖ്യമന്ത്രി ഏകാധിപതിയാണെന്ന്‌ പറയുന്പോൾ അദ്ദേഹം ഇപ്പോൾ സ്വീകരിക്കുന്ന സംഘപരിവാർ–കോർപറേറ്റ്‌ അനുകൂല നയവുമായി അതിനെ കൂട്ടിവായിക്കണം. പത്തുവർഷംകൊണ്ട്‌ എൽഡിഎഫ്‌ സർക്കാർ സൃഷ്ടിച്ച നവകേരളത്തെ തകർത്ത്‌ നമ്മുടെ മണ്ണും ആകാശവും പ്രകൃതിസന്പത്തും വിൽപ്പനയ്‌ക്ക്‌ വച്ചിരിക്കുകയാണ്‌ യുഡിഎഫ്‌ സർക്കാർ. കൊച്ചുകുട്ടികളിൽപ്പോലും ആർഎസ്‌എസ്‌ ആശയം കുത്തിവയ്‌ക്കാൻ സ്‌കൂൾ വിദ്യാഭ്യാസം കാവിവൽക്കരിക്കുന്നു. ആറുമാസമായി പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ ഇ‍ൗ വിഷയങ്ങൾ ശരിവയ്‌ക്കുന്നതാണ്‌ സ്വന്തം പാർടി മന്ത്രിമാരും മുന്നണി കൺവീനറും നേതാക്കളും ഉയർത്തിയ പ്രതികരണങ്ങൾ.


യുഡിഎഫ്‌ സർക്കാരിന്റെ ദിശ എങ്ങോട്ടാണെന്ന്‌ ആറുമാസംകൊണ്ട്‌ തെളിഞ്ഞുകഴിഞ്ഞു. വികസന ക്ഷേമ പ്രവർത്തനങ്ങളിൽനിന്ന്‌ സർക്കാൻ പിൻവാങ്ങി. പവർകട്ടും വിലക്കയറ്റവും സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമവും രൂക്ഷമായി. കോൺഗ്രസ്‌ നേതാക്കൾ നാടുനീളെ നടന്ന്‌ പണം പിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഘടകകക്ഷികളുടെ വകുപ്പുകൾ ഭരിക്കുന്നതും മുഖ്യമന്ത്രിയാണ്‌. വൈദ്യുതി വകുപ്പിലെ കരാറുകൾപോലും താൻ മാധ്യമങ്ങളിലൂടെയാണ്‌ അറിയുന്നതെന്ന്‌ കെപിസിസി അധ്യക്ഷൻകൂടിയായ വൈദ്യുതി മന്ത്രി പറയുന്നു. എക്‌സൈസ്‌ വകുപ്പിലും പലതും ചീഞ്ഞ്‌ നാറുകയാണ്‌. വിദ്യാഭ്യാസ സെക്രട്ടറിയെ അടിക്കടി മാറ്റിയതിൽ പരസ്യ പ്രതികരണവുമായി പൊതുവിദ്യാഭ്യാസ മന്ത്രിയുമെത്തി. മുഖ്യമന്ത്രി തന്റേതായ വഴിയിൽ പോകുന്നത്‌ തുടർന്നപ്പോഴാണ്‌ മന്ത്രിസഭാ യോഗത്തിൽ അമർഷം ഉയർന്നത്‌. ഇതിൽ ഇനി ഹൈക്കമാൻഡ്‌ എന്തുനിലപാട്‌ സ്വീകരിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ്‌ എല്ലാവരും. എന്നാൽ കാര്യമായ ഇടപെടലിന്‌ സാധ്യതയില്ല. കോൺഗ്രസിന്റെ സംസ്ഥാനഘടകങ്ങളിലെല്ലാം പ്രശ്‌നങ്ങൾ നീറിനിൽക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home