ad
Deshabhimani

സമൂഹമാധ്യമങ്ങളെ 
അപവാദപ്രചാരണത്തിന്‌ വിട്ടുകൊടുക്കരുത്‌

editorial.
വെബ് ഡെസ്ക്

Published on Apr 28, 2026, 12:00 AM | 2 min read

​രാജ്യത്ത്‌ വളരെ ചുരുക്കം ചിലതൊഴികെ അച്ചടി, ഇലക്‌ട്രോണിക്‌ മാധ്യമങ്ങളും അവയുടെ അനുബന്ധ ഡിജിറ്റൽ മാധ്യമങ്ങളും ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും ചൊൽപ്പടിയിലാണ്‌. ദ‍ീർഘകാല പദ്ധതിയുടെ ഭാഗമായി സംഘപരിവാർ പരന്പരാഗത മാധ്യമങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുകയാണ്‌ ചെയ്‌തത്‌. ഇതോടെ മാധ്യമങ്ങൾ പൊതുവെ കോർപറേറ്റ്‌–ഹിന്ദുത്വ വാഴ്‌ചയുടെ വാഴ്‌ത്തുപാട്ടുകാരായി. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളെ ഇ‍ൗ കെടുതിയിൽനിന്ന്‌ രക്ഷിക്കാൻ ജനാധിപത്യവാദികൾക്ക്‌ ബദൽ മാധ്യമങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്‌; ഇതിൽ നിർണായക പങ്കുവഹിച്ചുവരുന്നത്‌ സമൂഹമാധ്യമങ്ങളാണ്‌.


പരന്പരാഗത കുത്തക മാധ്യമങ്ങളുടെ ജനവിരുദ്ധനിലപാടുകളെ തുറന്നുകാട്ടാൻ താൽപ്പര്യമുള്ള ആർക്കും സാധ്യമാകുന്നുവെന്നതാണ്‌ സമൂഹമാധ്യമങ്ങളുടെ സവിശേഷത. ആർക്കും മാധ്യമപ്രവർത്തകനായി മാറി, ലോകമെമ്പാടുമുള്ളവരുമായി സംവദിക്കാനും കഴിയുന്നു. അതിനാൽ ജനാധിപത്യത്തെ സംരക്ഷിച്ച്‌ നിലനിർത്തുന്നതിൽ സമൂഹമാധ്യമങ്ങളുടെ പങ്ക്‌ പ്രധാനമാണ്‌. ജനാധിപത്യബോധമുള്ളവർ തികഞ്ഞ വിവേകത്തോടെയാണ്‌ സമൂഹമാധ്യമങ്ങളിൽ ഇടപെടേണ്ടത്‌.


​ഇതൊന്നും തങ്ങൾക്ക്‌ ബാധകമല്ലെന്ന മട്ടിലാണ്‌ നമ്മുടെ നാട്ടിൽ ചിലർ പ്രവർത്തിക്കുന്നത്‌. സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും നെറികെട്ട രീതിയിൽ ആക്രമിക്കാനും അപകീർത്തിപ്പെടുത്താനും ഇക്കൂട്ടർ സമൂഹമാധ്യമങ്ങളെ ദുർവിനിയോഗിക്കുന്നു. ദേശീയതലത്തിൽ സംഘപരിവാർ നടത്തിവരുന്ന നുണകളിൽ അധിഷ്‌ഠിതമായ വിദ്വേഷപ്രചാരണത്തിന്റെ പകർപ്പുമാതൃകയാണ്‌ ഇവർ പിന്തുടരുന്നത്. രാഷ്‌ട്രീയവിരോധം തീർക്കാൻ എന്തും പറയാനും അപവാദം പ്രചരിപ്പിക്കാനും ഇക്കൂട്ടർ സമൂഹമാധ്യമവേദികളെ ദുരുപയോഗിക്കുന്നു.


‘ദേശാഭിമാനി’യുടെ പേരിൽ വർഗീയവാദികൾ സമൂഹമാധ്യമങ്ങളിൽ നടത്തുന്ന കുപ്രചാരണവും ഇതിന്റെ ഭാഗമാണ്‌. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പാർടി സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗവും ‘ദേശാഭിമാനി’ റസിഡന്റ്‌ എഡിറ്ററുമായ എം സ്വരാജ്‌, രാജ്യസഭാ കക്ഷിനേതാവ്‌ ജോൺ ബ്രിട്ടാസ്‌, റവന്യുമന്ത്രി കെ രാജൻ, കെ ടി ജലീൽ എംഎൽഎ എന്നിവരുടെ ഇല്ലാത്ത പ്രസ്‌താവനകളാണ്‌ ‘ദേശാഭിമാനി’യുടെ പേരിൽ കാർഡുകൾ തയ്യാറാക്കി ഇത്തരക്കാർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്‌.


​‘ദേശാഭിമാനി’യിൽ പ്രസിദ്ധീകരിച്ച എം സ്വരാജിന്റെ പ്രസ്‌താവന എന്നമട്ടിൽ വ്യാജ കാർഡുണ്ടാക്കി വ്യക്തിഹത്യ നടത്താൻ ഇവർ നടത്തുന്ന ശ്രമം ഇത്തരം നീക്കങ്ങൾ എത്രമാത്രം ആസൂത്രിതമാണെന്ന്‌ വ്യക്തമാക്കുന്നു. പ്രതീഷ്‌ വിശ്വനാഥൻ എന്ന സംഘപരിവാർ പ്രചാരകനുമായി സ്വരാജ്‌ കണ്ടുമുട്ടിയെന്നതാണ്‌ ഒന്നാമത്തെ വ്യാജവാർത്ത. അത്‌ സ‍ൗഹൃദസംഭാഷണമായിരുന്നുവെന്ന ‘സ്വരാജിന്റെ വിശദീകരണം’ രണ്ടാമത്തെ വ്യാജവാർത്തയായി നൽകി. ഇ‍ൗയൊരു വാർത്ത ‘ദേശാഭിമാനി’ പ്രസിദ്ധീകരിച്ചുവെന്ന്‌ പറഞ്ഞ്‌ കാർഡ്‌ ഇറക്കിയതാണ്‌ മൂന്നാമത്തെ വ്യാജം.


ഇതിനുപിന്നാലെ ഇ എം എസ്‌ ആർഎസ്‌എസ്‌ വേഷത്തിൽ നിൽക്കുന്ന കാർഡും ഇറക്കി. ഇത്തരം പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌ ജമാഅത്തെ ഇസ്ലാമിയെയും മുസ്ലിംലീഗിനെയും പിന്തുണയ്‌ക്കുന്ന പല പ്രൊഫൈലുകളും ചില വ്യാജ പ്രൊഫൈലുകളുമാണ്. സ്വരാജിനെ ‘സംഘാവ്‌’ എന്ന്‌ വിളിച്ച യുഡിഎഫ്‌ സ്ഥാനാർഥിയുംമറ്റും തുടങ്ങിവച്ച പ്രചാരവേലയാണ്‌ ഇപ്പോൾ വിപുലമായ തോതിലായത്‌. സിപിഐ എമ്മിനും എൽഡിഎഫിനും എതിരായി നടക്കുന്ന അങ്ങേയറ്റം ഹീനമായ സൈബർ അതിക്രമത്തെ തള്ളിപ്പറയാൻ യുഡിഎഫ്‌ നേതൃത്വം തയ്യാറായിട്ടില്ല.

​ഇ‍ൗ വിപത്തിനെതിരെ ശക്തമായ നിലപാട്‌ സ്വീകരിച്ചുമാത്രമേ സമൂഹമാധ്യമങ്ങളിലെ ജനാധിപത്യ ഇടം സംരക്ഷിക്കാനാകൂ.


സമൂഹമാധ്യമങ്ങളിൽ ‘ദേശാഭിമാനി’യുടെ പേരിൽ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾക്കെതിരെ കർശന നിലപാട്‌ എടുക്കാൻ തീരുമാനിച്ചത്‌ ഈ സാഹചര്യത്തിലാണ്‌. ‘ദേശാഭിമാനി’ മാനേജ്‌മെന്റ്‌ സംസ്ഥാന പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകിയിട്ടുണ്ട്‌. വ്യാജവാർത്തകൾ പടച്ചുവിടുന്നവരെയും പ്രചാരകരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ടത്‌ സമൂഹമാധ്യമങ്ങളിലെ ജനാധിപത്യപരമായ സംവാദസാധ്യതകൾക്ക്‌ അനിവാര്യമാണ്‌.


സംവാദങ്ങൾ സമൂഹത്തെ ജനാധിപത്യവൽക്കരിക്കുമ്പോൾ അപവാദപ്രചാരണങ്ങൾ അത്തരം സാധ്യതകളെ ഇല്ലാതാക്കും. സമൂഹമാധ്യമങ്ങളിലെ ജനാധിപത്യപരമായ സംവാദസാധ്യതകളെ നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ സ്വീകരിച്ച നടപടിക്ക്‌ എല്ലാവരുടെയും പിന്തുണ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home