print edition സർവം ഡീൽ

തന്റെ പിറകെ ഓടുന്നവരിൽനിന്ന് രക്ഷപ്പെടാൻ കള്ളന്മാർ പയറ്റുന്ന ഒരടവുണ്ട്. തഞ്ചത്തിൽ ആൾക്കൂട്ടത്തിലേക്ക് കയറി ഇരുട്ടിലേക്ക് വിരൽചൂണ്ടി അതാ കള്ളനെന്ന് ആർത്തുവിളിച്ച് രക്ഷപ്പെടുക. ഇൗ തസ്‌കരതന്ത്രമാണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിലുടനീളം നടപ്പാക്കിയത്. സംഘപരിവാറിനെ എക്കാലവും നിർഭയം എതിരിട്ട ഉജ്വല ചരിത്രമുള്ള ഇടതുപക്ഷപ്രസ്ഥാനം ബിജെപിയുമായി ഡീൽ ഉണ്ടാക്കിയെന്ന പച്ചക്കള്ളം നിർലജ്ജം പ്രചരിപ്പിച്ച് അതുവഴി വലിയ വിഭാഗം ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കി. ആ കള്ളപ്രചാരണത്തിന്റെകൂടി ഉൽപ്പന്നമാണ് യുഡിഎഫിന്റെ വിജയം.
രാജ്യം കടന്നുപോയ എല്ലാ സന്ദിഗ്‌ധഘട്ടങ്ങളിലും ഹിന്ദുത്വ പ്രത്യയശാസ്‌ത്രവുമായി നാണമില്ലാതെ കൈകോർത്ത പഠിച്ച കള്ളന്മാരാണ് കോൺഗ്രസ് എന്ന വസ്‌തുത മറയ്‌ക്കാനാണ് സിപിഐ എമ്മിനെയും എൽഡിഎഫിനെയും തീവ്രവലതുപക്ഷത്തിന്റെ കൈയാളുകളാക്കി ചിത്രീകരിച്ചത്. പട്ടാന്പിയിലും ബേപ്പൂരിലും വടകരയിലുമൊക്കെ കോലീബി സ്ഥാനാർഥികൾ മത്സരിച്ചത് സംസ്ഥാനത്തിന്റെ രാഷ്‌ട്രീയമണ്ഡലത്തിൽ മായാത്ത കറയായി എന്നുമുണ്ടാകും. പിന്നീട് എത്രയോ തെരഞ്ഞെടുപ്പുകളിൽ പരസ്യമായും രഹസ്യമായും ബിജെപിയുമായി അവർ കൈകോർത്തു.
ഇപ്പോഴിതാ അതിന്റെ തുടർച്ചയെന്നോണം ഡീലുകളുടെ മഹാ പരന്പരതന്നെ സൃഷ്‌ടിക്കപ്പെടുകയാണ്. സംഘപരിവാർ നേതാവായ അധ്യാപകൻ മാവൂത്ത് ദുരൈപാണ്ടിയെ മഹാത്മാഗാന്ധി സർവകലാശാലയുടെ വൈസ് ചാൻസലറാക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി യുഡിഎഫ് സർക്കാർ ഒത്തുകളിച്ചു. വോട്ടെണ്ണുംമുന്പേ, അദാനി ഗ്രൂപ്പ് ഒരുക്കിയ സാഫ്രൺ സ്ട്രോക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചാർട്ടേഡ് വിമാനത്തിൽ കൊച്ചിയിൽനിന്ന് മംഗളൂരുവിലെത്തി എൻഡിഎ നേതാക്കളുമായി ചർച്ച നടത്തിയ ആളാണ് വി ഡി സതീശൻ. ബിജെപി പിന്തുണയോടെ എംഎൽസിയായ ബി എം ഫാറൂഖിന്റെ വീട്ടിലെത്തിയ സതീശൻ അവിടെ ഫാറൂഖുമായും ജെഡിഎസ് നേതാവ് മൊയ്‌തീൻ ബാവയുമായും കൂടിക്കാഴ്‌ച നടത്തി. ശബരിമല സ്വർണപ്പാളി കേസിൽ പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്‌ത റജികുമാറും സതീശനൊപ്പം ഉണ്ടായിരുന്നു.
കൂടിക്കാഴ്‌ചയിൽ അദാനി ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇതിനുപിറകെയാണ് തുറമുഖവകുപ്പ് മറ്റാർക്കും നൽകാതെ സതീശൻ പിടിച്ചുവാങ്ങിയത്. ഇന്ത്യ–യുഎസ് വ്യാപാര കരാറിന്റെ മറവിൽ, ഗൗതം അദാനിക്കെതിരെ അമേരിക്കയിലുള്ള കേസുകൾ ഒഴിവാക്കിയതിനെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചിട്ട് അധികനാളാകുംമുന്പേ ആയിരുന്നു സതീശന്റെ സന്ദർശനം.
തുടർന്ന് സത്യപ്രതിജ്ഞാചടങ്ങിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കണമെന്ന ഗവർണറുടെ നിർദേശം ശിരസാവഹിക്കുകയും ചെയ്‌തു. ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തിൽ കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ഒരുവരിപോലും യുഡിഎഫ് സർക്കാർ ഉൾപ്പെടുത്തിയിരുന്നില്ല. മാത്രമല്ല, ചൊവ്വാഴ്‌ച നിയമസഭയിൽ വിലക്കയറ്റം സംബന്ധിച്ച് അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് സ്‌പീക്കർ അവതരണാനുമതി നിഷേധിച്ചപ്പോൾ മുഖ്യമന്ത്രി സതീശൻ നടത്തിയ പ്രസംഗത്തിൽ വിലക്കയറ്റത്തിന് ഇടയാക്കുന്ന കേന്ദ്രനയങ്ങളെക്കുറിച്ച് പരാമർശമൊന്നും ഉണ്ടായില്ല. ബിജെപി സീൽ വച്ച് തെരഞ്ഞെടുപ്പ് കമീഷന്റെ വാർത്താക്കുറിപ്പ് ഇറക്കുകയും മോദിസർക്കാരിന്റെ ആജ്ഞപ്രകാരം എസ്‌ഐആർ നടപ്പാക്കുകയും ചെയ്‌ത മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് വി ഡി സതീശന്റെ സെക്രട്ടറി എന്നതും യാദൃച്ഛികമല്ല.
കേന്ദ്ര വിദ്യാഭ്യാസ നയ (എൻഇപി)ത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതി യുഡിഎഫ് സർക്കാർ നടപ്പാക്കാൻ പോകുന്നുവെന്നും ഉറപ്പായിരിക്കുന്നു. സർക്കാർതലത്തിൽ ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസവകുപ്പ് പിഎം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങി. പദ്ധതി നടപ്പാക്കാത്തതിന്റെ പേരിൽ 1065.59 കോടി രൂപയാണ് നിലവിൽ കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നത്. കേന്ദ്രം അനുവദിക്കേണ്ട തുക, മുൻകൂർ അനുവദിച്ചാണ് എൽഡിഎഫ് സർക്കാർ പ്രതിസന്ധി മറികടന്നത്. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വന്നതിനുപിന്നാലെ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി കത്തയച്ചിരുന്നു. കേരളത്തിലെ സ്‌കൂൾ പാഠ്യപദ്ധതി അടിമുടി മാറ്റുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു.
വി ഡി സതീശന്റെയും യുഡിഎഫിന്റെയും ബിജെപി ഡീൽ വെറുമൊരു രാഷ്‌ട്രീയ ആരോപണമായി തള്ളിക്കളയാനാകില്ല. കേരളത്തെ ബിജെപിയുടെ നിയന്ത്രണത്തിലാക്കാനുള്ള ഗൂഢശ്രമമാണിത്. അതിന്റെ ഭാഗമാണ് എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടത്തിയ കൂടിക്കാഴ്‌ച. നേരത്തേ, തുഷാറുമായി കൂടിക്കാഴ്‌ച നടത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് പ്രത്യേകമായി ക്ഷണിക്കുകയും ചെയ്‌തിരുന്നു.










0 comments