ഓണക്കാലത്തും മലയാളികളെ അവഗണിച്ച് കേന്ദ്രം

ഉത്സവങ്ങൾ കുടുംബബന്ധങ്ങളുടെയും ജനതയുടെ സാംസ്‌കാരികത്തനിമയുടെയും സാമൂഹിക ഐക്യത്തിന്റെയും ആഘോഷമാണ്. മലയാളിയെ സംബന്ധിച്ച് ഓണം ആഘോഷം മാത്രമല്ല; നാടിനെയും വീടിനെയും ബന്ധങ്ങളെയും ഓർമകളെയും വീണ്ടെടുക്കുന്ന അപൂർവ സന്ദർഭമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി ജീവിക്കുന്ന ലക്ഷക്കണക്കിന് മലയാളികൾ വർഷത്തിൽ ഒരിക്കലെങ്കിലും നാട്ടിലെത്താൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഓണക്കാലത്താണ്.
ജോലി തേടിയും ഉന്നതവിദ്യാഭ്യാസം നേടാനും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന മലയാളികളിൽ നല്ലൊരുപങ്ക് ഓണാഘോഷങ്ങൾക്കായി നാട്ടിലേക്ക് വരും. നാട് വിട്ടുനിൽക്കേണ്ടിവരുന്നവർക്ക് അതിന്റെ നഷ്ടം നികത്താനുള്ള അവസരംകൂടിയാണ് ഇത്തരം സന്ദർഭങ്ങൾ. ഈ വർഷവും കുറച്ചുദിവസം നാട്ടിൽ കഴിയാമെന്ന് പ്രതീക്ഷിച്ചിരുന്ന പതിനായിരങ്ങളുടെ സ്വപ്‌നങ്ങൾ തകർക്കുകയാണ് കേന്ദ്രസർക്കാരിന്റെയും റെയിൽവേയുടെയും അവഗണനാപരമായ സമീപനം.
രാജ്യത്തെ വൻനഗരങ്ങളിൽനിന്ന് നാട്ടിലെത്താൻ സാധാരണക്കാരായ മലയാളികൾ ആശ്രയിക്കുന്നത് പ്രധാനമായും ട്രെയിനുകളെയാണ്. ഉത്സവകാലത്ത് രണ്ടാഴ്‌ച മുന്പുതന്നെ പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നത് പതിവാണ്. കൊൽക്കത്ത, ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, മംഗളൂരു തുടങ്ങി മലയാളികൾ ഏറെയുള്ള നഗരങ്ങളിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ പ്രത്യേക സർവീസുകൾ ആരംഭിക്കണമെന്ന് നേരത്തേതന്നെ ആവശ്യമുയർന്നെങ്കിലും കേന്ദ്രസർക്കാർ അത് കണ്ടില്ലെന്ന് നടിക്കുകയാണ്.
കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തി കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാരും ഇടപെടുന്നില്ല. മലയാളികളുടെ യാത്രാസൗകര്യം കണക്കിലെടുത്തല്ല പലപ്പോഴും സ്‌പെഷൽ ട്രെയിനുകൾ പ്രഖ്യാപിക്കുന്നത്. പകരം, അധിക ചാർജ് ഇൗടാക്കി കൂടുതൽ വരുമാനം കണ്ടെത്താൻ പ്രവാസികളെ കൊള്ളയടിക്കുകയാണ് റെയിൽവേ.
പ്രവാസി മലയാളികളോട് റെയിൽവേ കാണിക്കുന്നത് കണ്ണിൽ ചോരയില്ലാത്ത ക്രൂരതയാണ്. മറ്റ് സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾക്ക് ആവശ്യംപോലെ ട്രെയിൻ അനുവദിക്കുന്ന റെയിൽവേ, പ്രവാസി മലയാളികളെ പരിഗണിക്കുന്നതേയില്ല. ഏതാനും സ്‌പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ടിക്കറ്റുകൾ ദിവസങ്ങൾക്കുള്ളിൽ റിസർവ് ചെയ്‌തുകഴിഞ്ഞു. തിരുവനന്തപുരം–-മംഗളൂരു റൂട്ടിൽ സാധാരണ സമയങ്ങളിൽത്തന്നെ യാത്രക്കാർ അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്. ഓണാവധിക്കാലത്ത് ഒറ്റ ട്രെയിനിനും ടിക്കറ്റില്ല.
ജനറൽ കംപാർട്ട്‌മെന്റിലാണെങ്കിൽ കാലുകുത്താൻ ഇടമില്ലാതെയാണ് യാത്രക്കാർ ഇപ്പോൾത്തന്നെ കയറിക്കൂടുന്നത്. പതിവ് ട്രെയിനുകളിൽ ജനറൽ ക്വോട്ടയിൽ അനുവദിക്കുന്ന ടിക്കറ്റുകളുടെ എണ്ണം കുറച്ച് തത്‌കാലിലേക്കും പ്രീമിയം തത്‌കാലിലേക്കും മാറ്റി യാത്രക്കാരെ ചൂഷണം ചെയ്യുകയാണ്. ഫ്ലക്‌സി ചാർജ് ഈടാക്കുന്ന പ്രീമിയം തത്കാൽ ടിക്കറ്റിന് മൂന്നിരട്ടി നിരക്ക് നൽകേണ്ടിവരുന്നു. നിരക്ക് കണക്കാക്കുന്നതിലും സുതാര്യതയില്ല.
ദീർഘദൂര ട്രിപ്പുകൾ നടത്തുന്ന സ്വകാര്യബസ് ലോബിയെ സഹായിക്കാനാണ് റെയിൽവേ പ്രത്യേക സർവീസുകൾ വർധിപ്പിക്കാത്തതെന്നും ആരോപണമുണ്ട്. ട്രെയിനിൽ ടിക്കറ്റ് ലഭിക്കാത്തവർ വിമാനങ്ങളെയും അന്തർസംസ്ഥാന ബസുകളെയും ആശ്രയിക്കുമ്പോൾ അവിടെ അതിലും വലിയ പകൽക്കൊള്ളയാണ്. ബംഗളൂരു, ചെന്നൈ, മൈസൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് മൂന്നും നാലും ഇരട്ടിയായി ഉയർത്തിയിരിക്കുകയാണ്.
സാധാരണ 1000നും 2000നും ഇടയിൽ ലഭിക്കുന്ന ടിക്കറ്റുകൾ 6000 രൂപവരെയും ചിലയിടങ്ങളിൽ കരിഞ്ചന്തയിൽ 8000 രൂപവരെയും ഈടാക്കുന്നു. കെഎസ്ആർടിസി ആവശ്യത്തിന് അധിക സർവീസുകൾ നടത്തിക്കൊണ്ട് യാത്രക്കാരെ സഹായിക്കാൻ കേരള സർക്കാരും താൽപ്പര്യം കാട്ടുന്നില്ല. അന്തർസംസ്ഥാന ബസ്‌ലോബിയെ സഹായിക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്. വിമാനക്കമ്പനികളും ആഘോഷങ്ങളുടെ അവസരം മുതലെടുത്ത് നിരക്ക് കുത്തനെ ഉയർത്തിയിരിക്കുന്നു.
ഗൾഫ് മേഖലയിൽനിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 60,000 രൂപവരെയെത്തി. രാജ്യത്തെ പ്രധാന നഗരങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികൾ മൂന്നും നാലും ഇരട്ടിയാക്കിയിട്ടും നിരക്ക് നിയന്ത്രിക്കാൻ കേന്ദ്രം ഇടപെടുന്നില്ല. ഉത്സവകാലത്ത് ജനങ്ങളുടെ യാത്രാസൗകര്യം ഉറപ്പാക്കേണ്ടത് കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമാണ്. ഇതിൽനിന്ന് പൂർണമായും ഒഴിഞ്ഞുമാറുകയാണ് സർക്കാരുകൾ. ഇത് പ്രവാസി മലയാളികളോട് ചെയ്യുന്ന കടുത്ത അനീതിയാണ്.










0 comments