ad
Deshabhimani

print edition കേന്ദ്ര സർക്കാർ നടപടി വിശ്വാസവഞ്ചന: സിപിഐ എം

UPI.jpg
വെബ് ഡെസ്ക്

Published on Aug 08, 2026, 01:30 AM | 1 min read

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക്‌ ഫീസ്‌ ചുമത്താനുള്ള നീക്കത്തിൽ നിന്ന്‌ കേന്ദ്രസർക്കാർ പിന്തിരിയണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. നികുതി നിയമ ഭേദഗതി ബില്ലിൽ ഇതിനായി കൊണ്ടുവന്ന വ്യവസ്ഥ പിൻവലിക്കണം. ഡിജിറ്റൽ ഇന്ത്യ എന്ന പേരിൽ മോദി സർക്കാരാണ് യുപിഐ ഇടപാടുകളെയും ഡിജിറ്റൽ പണമിടപാടുകളെയും പ്രോത്സാഹിപ്പിച്ചത്‌.


കറൻസി ഒഴിവാക്കാനും ഡിജിറ്റൽ ഇടപാടുകളിലേക്ക്‌ മാറാനും പ്രധാനമന്ത്രി പ്രധാനമന്ത്രി നിരന്തരം ആഹ്വാനംചെയ്‌തു. സ്വകാര്യ കമ്പനിയുടെ യുപിഐയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരസ്യത്തിൽ പ്രധാനമന്ത്രി പ്രത്യക്ഷപ്പെടുകയും ചെയ്‌തു. കറൻസി പിൻവലിക്കൽ നടപടിയെ ന്യായീകരിക്കാൻ കൂടിയായിരുന്നു ഇത്‌.


സാധാരണ പൗരർ ഇതിനെ പണമിടപാടുകൾക്കുള്ള പ്രധാന മാർഗമായി സ്വീകരിച്ചുകഴിഞ്ഞ സാഹചര്യത്തിൽ ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്തിക്കൊണ്ട് ഈ പൊതു സംവിധാനത്തെ വരുമാന സ്രോതസ്സാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. യുപിഐ പൂർണമായും സൗജന്യമായി തുടരുമെന്നാണ് സർക്കാർ ഇക്കാലമത്രയും ഉറപ്പുനൽകിയത്.


അതിനാൽ പുതിയ നീക്കം ജനങ്ങളോടുള്ള വിശ്വാസവഞ്ചനയാണ്.

ഇത്‌ ഒറ്റപ്പെട്ട നീക്കമല്ല. ഒട്ടനവധി ബാങ്ക്‌ ഇടപാട്‌ നിരക്കുകൾ സമീപകാലത്ത്‌ വർധിപ്പിച്ചു. മിനിമം ബാലൻസ്‌ ഇല്ലെങ്കിലുള്ള പിഴ, നിശ്‌ചിത എണ്ണത്തിൽ കൂടുതലുള്ള എടിഎം ഇടപാടുകൾക്ക്‌ ഉയർന്ന നിരക്ക്‌, ഡെബിറ്റ്‌ കാർഡ്‌ കൈകാര്യംചെയ്യുന്നതിന് ഫീസ്‌, എസ്‌എംഎസ്‌ അറിയിപ്പ്‌ നിരക്കുകൾ എന്നിവയെല്ലാം വർധിപ്പിച്ചു. ഇതെല്ലാം അവശ്യ ബാങ്കിങ്‌ സേവനങ്ങളെ കൂടുതൽ ചെലവേറിയതാക്കി മാറ്റി. പുതിയ നിയമ ഭേദഗതി അടിയന്തരമായി പിൻവലിക്കണം. യുപിഐ സ‍ൗജന്യവും സാർവത്രികവുമായി തുടരുമെന്ന്‌ ഉറപ്പുവരുത്തണം– പിബി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home