ജിഎസ്‌ടി ജോയിന്റ് കമീഷണറെ വിശദമായി ചോദ്യം ചെയ്യും
അനധികൃത സന്പാദ്യം 2.89 കോടി

കൊച്ചി
ജിഎസ്‌ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജൻ അനധികൃതമായി സന്പാദിച്ചത് 2.89 കോടിയുടെ സ്വത്തെന്ന് വിജിലൻസ്. പ്രാഥമിക അന്വേഷണത്തിൽ ഇക്കാര്യം കണ്ടെത്തിയതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം ഇവരുടെ എറണാകുളത്തെ രണ്ട് വസതികളിൽ റെയ്‌ഡ് നടത്തിയതെന്ന് വിജിലൻസ് വ്യക്തമാക്കി. പച്ചാളത്തുള്ള വസതിയിൽനിന്ന് കണക്കിൽപ്പെടാത്ത 14.10 ലക്ഷം രൂപയും 788 യുഎസ് ഡോളറും 250ൽ അധികം രേഖകകളും പിടിച്ചെടുത്തിരുന്നു. പ്രജനിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി നോട്ടീസ് നൽകും.
തേവരയിലെ സംസ്ഥാന ചരക്ക് സേവന നികുതി ജോയിന്റ് കമ്മീഷണറാണ് പ്രജനി രാജൻ. 2014 മുതൽ 2024 വരെയുള്ള കാലയളവിലാണ് നിയമാനുസൃത വരുമാന സ്രോതസുകൾക്ക് ആനുപാതികമല്ലാത്ത 2.89 കോടിയുടെ സ്വത്ത് സന്പാദിച്ചത്. പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കേസെടുത്തു. ഇതിനെത്തുടർന്ന് പച്ചാളത്തെ ഇവരുടെ രണ്ട് വീട്ടിൽ ഉൾപ്പെടെ മൂന്നിടങ്ങളിൽ റെയ്‌ഡ് നടത്തി. ശനി രാവിലെ 7.45 ന് ആരംഭിച്ച പരിശോധന പൂർത്തിയായത് രാത്രി 9.45നാണ്. നിക്ഷേപങ്ങളുടേതടക്കം രേഖകൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത പണവും ഡോളറും തിങ്കളാഴ്‌ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകും.
പ്രജനി രാജന് എതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന. പരിശോധനയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് എറണാകുളം വിജിലൻസ് സ്‌പെഷ്യൽ സെൽ ഡയറക്ടർക്ക് നൽകും. വിശദ റിപ്പോർട്ട് തയ്യാറാക്കി പ്രജനിയുടെ വകുപ്പിന് കൈമാറും. തപാൽവഴി ലഭിച്ച പരാതി അന്വേഷിച്ചപ്പോഴാണ് പ്രജനി കുടുങ്ങിയത്. പിടിച്ചെടുത്ത പണം കൈക്കൂലിയാകാമെന്ന നിഗമനത്തിലാണ് വിജിലൻസ്. എറണാകുളം വിജിലൻസ് സ്‌പെഷ്യല്‍ സെല്‍ എം ജെ സോജന്റെ മേൽനോട്ടത്തില്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ എൽ യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.








0 comments