ad
Deshabhimani

വിഷമത്തിൽ കർഷകർ

വില താഴാതെ രാസവളം

rogikalkku nyaayavila
വെബ് ഡെസ്ക്

Published on Sep 28, 2026, 03:01 AM | 1 min read

കോട്ടയം കാർഷിക ഉൽപ്പന്നങ്ങൾക്ക്‌ ന്യായവില കിട്ടാൻ പാടുപെടുന്ന കർഷകർക്ക്‌ ആഘാതമായി രാസവളം വിലവർധന. ഏതാനും മാസങ്ങളായി വില കൂടി നിൽക്കുന്നതിനാൽ വളം വാങ്ങുന്നത് കർഷകർ വെട്ടിക്കുറച്ചു. രാജ്യാന്തര വിപണിയിൽ വളം നിർമാണ സാമഗ്രികകളുടെ രാസവസ്തുക്കളുടെ വിലക്കയറ്റമാണ് വിലവർധനയ്‌ക്ക്‌ പ്രധാന കാരണം. കേന്ദ്ര സർക്കാർ സബ്‌സിഡി വെട്ടിക്കുറച്ചതും തിരിച്ചടിയായി. വിൽപ്പന നേർപകുതിയായി കുറഞ്ഞ വളം ഡിപ്പോകളുണ്ട്. കൃഷിക്ക് അത്യാവശ്യമായ ഫാക്ടംഫോസ്, പൊട്ടാഷ്, തുരിശ് തുടങ്ങിയവയുടെ വില വൻതോതിലാണ്‌ വർധിച്ചത്‌. 50 കിലോ ഫാക്ടംഫോസിന്റെ ചാക്കിന്‌ 1, 475 രൂപയായിരുന്നത്‌ 2, 300 രൂപയായി. 55 ശതമാനം വർധന. അമോണിയം സൾഫേറ്റിന്റെ വില 910 രൂപയിൽനിന്ന് 1,400 രൂപയായും എൻപികെ 15:15:15ന്റെ വില 1,100 രൂപയിൽനിന്ന് 1,650 രൂപയായും ഉയർന്നു. നിലവിൽ ഡിഎപി 1,350 രൂപ, ടിഎസ്‌പി 1, 300, എസ്എസ്‌പി 640, എംഒപി. 2,200 രൂപ എന്നിങ്ങനെയാണ് വില. തുരിശിന്റെ വില 500 കടന്നു. ഇ‍ൗ വിലയിൽ വളപ്രയോഗം നടത്തിയാൽ കൃഷിയിൽനിന്ന്‌ ലാഭമുണ്ടാകില്ലെന്നാണ്‌ കർഷകർ പറയുന്നത്‌. പശ്ചിമേഷ്യയിലടക്കമുള്ള സംഘർഷങ്ങൾ, ഗതാഗതചെലവിലെ വർധന എന്നിവയും വിലവർധനക്ക്‌ കാരണമായതായി പറയുന്നു. ഇതിന്റെയെല്ലാം ആഘാതം താങ്ങേണ്ടത്‌ കർഷകനാണ്‌. വിത്ത്, കീടനാശിനി തുടങ്ങിയവയുടെ ചെലവുകൾ കുത്തനെ ഉയർന്നതോടെ കൃഷിയുടെ ഉൽപ്പാദനച്ചെലവ്‌ താങ്ങാവുന്നതിനപ്പുറമായി. വിളകൾ വിറ്റഴിക്കുമ്പോൾ അതിന്‌ ആനുപാതിക തുക ലഭിക്കുന്നില്ല. വളം വിലവർധന നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്ന പരാതി കർഷകർക്കുണ്ട്‌. റബർ, കുരുമുളക്, വാഴ, നെല്ല് തുടങ്ങിയ വിളകളെ മാത്രം ആശ്രയിച്ചുകഴിയുന്ന ചെറുകിട കർഷകരാണ് ഏറെ വലയുന്നത്. കടമെടുത്തും സ്വർണം പണയപ്പെടുത്തിയും കൃഷി ചെയ്യുന്നവരുണ്ട്‌. കടം വീട്ടാൻ പോലും പറ്റാത്ത അവസ്ഥയാണെന്ന്‌ ഇവർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home