കോൺഗ്രസിലെ തമ്മിലടി നിരാശ, പ്രതികാരം
നാലാം മാസവും നാഥനില്ലാതെ പൊതുമേഖല


സ്വന്തം ലേഖകൻ
Published on Sep 28, 2026, 02:59 AM | 2 min read
ആലപ്പുഴ
യുഡിഎഫ് സർക്കാർ അധികാരമേറ്റ് നാലുമാസം പിന്നിടുമ്പോൾ അനാഥമായി ജില്ലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ. കോൺഗ്രസിലെയും യുഡിഎഫിലെയും തമ്മിലടി കാരണം നയിക്കാൻ നായകരില്ലാതെ ഇവയുടെ പ്രവർത്തനം നിലച്ചു. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല വിഭാഗങ്ങളിലെ നേതാക്കൾ പൊതുമേഖലയിലെ അധ്യക്ഷ – ഭരണസമിതി സ്ഥാനങ്ങൾക്കായി തമ്മിലടി രൂക്ഷമാണ്. തെരഞ്ഞെടുപ്പിനുശേഷം വി ഡി സതീശന്റെ പേരിൽ പുതിയൊരു വിഭാഗവും ഉദിച്ചതോടെ വീതംവയ്‌പ്പിൽ പ്രതിസന്ധി രൂക്ഷമായി. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് മോഹിച്ചുനിന്ന മുതിർന്ന നേതാക്കളുൾപ്പെടെയുള്ളവരെ അനുനയിപ്പിച്ചത് പൊതുമേഖലാ സ്ഥാപനങ്ങളിലെ കസേരകൾ കാട്ടിയാണ്. നാലുമാസം പിന്നിട്ടിട്ടും ആറ്റുനോറ്റ് കാത്തിരിക്കുന്ന കസേര കിട്ടാത്തതിൽ മുതിർന്ന നേതാക്കളടക്കം നീരസത്തിലാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് സർക്കാരിൽ വിവിധ സ്ഥാനങ്ങൾ ലഭിച്ചതോടെ വാക്കുനൽകിയവർ കൈവിട്ടതിലും പലർക്കും അമർഷമുണ്ട്. ജില്ലയിലെ ആറ് പൊതുമേഖലാ സ്ഥാപനങ്ങളിലാണ് അധ്യക്ഷ – ഭരണസമിതി നിയമനങ്ങൾ നടത്തേണ്ടത്. കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (കെഎസ്‌ഡിപി), ഓട്ടോകാസ്‌റ്റ്, കേരള സ്‌റ്റേറ്റ് ഹോമിയോപതിക് കോ–ഓപ്പറേറ്റീവ് ഫാർമസി ലിമിറ്റഡ് (ഹോംകോ), ലയനത്തിലേക്ക് കടക്കുന്ന കയർ കോർപറേഷൻ – ഫോംമാറ്റിങ്‌സ്, കേരള സ്‌റ്റേറ്റ് കയർ മെഷനറീസ് മാനുഫാക്‌ചറിങ് കമ്പനി എന്നിവയാണിത്. ഇതിൽ പൊതുമേഖലാ സ്ഥാപനങ്ങൾ ലീഗിനും കയർ സ്ഥാപനങ്ങൾ കോൺഗ്രസിനും എന്ന രീതിയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. നോക്കുകുത്തിയാക്കി യുഡിഎഫ് സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നില്ലാതെ പൊതുജനം വലയുമ്പോഴാണ് പൊതുമേഖല മരുന്നുൽപ്പാദന സ്ഥാപനം കെഎസ്‌ഡിപിയുടെ ചിറകരിയുന്ന നീക്കം. ഹോംകോയിലും എംഡിയെ നിയമിച്ചില്ല. ബില്ലുകൾ ഒപ്പിടാൻ പോലും ആളില്ലാതായി. ഭരണംമാറിയതോടെ ഹോമിയോ ഡയറക്‌ടർക്ക് ചുമതല നൽകി. രണ്ട് ചുമതലകൾ ബുദ്ധിമുട്ടാണെന്ന് അറിയിച്ചതോടെ ആലപ്പുഴ ഡിഎംഒയ്‌ക്കും അവർ സ്ഥലം മാറിയതോടെ കായംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ടിനും അവരും കൈയൊഴിഞ്ഞതോടെ കഴിഞ്ഞദിവസം കോട്ടയം ഡിഎംഒയ്‌ക്കും അധികചുമതല നൽകിയതായാണ് വിവരം. കയറിനെ കുഴപ്പിക്കും കയർമേഖലയും പ്രതിസന്ധിയിലാണ്. തൊഴിലുറപ്പിന് കയർഭൂവസ്‌ത്രം നൽകിയ വകയിൽ 46 കോടിയോളം രൂപ കയർ കോർപറേഷന് കേന്ദ്രസർക്കാരിൽനിന്ന് ലഭിക്കാനുണ്ട്. കയർ കോർപറേഷൻ, ഫോംമാറ്റിങ് ലയനം അവസാനഘട്ടത്തിലാണ്. ഇത് പൂർത്തിയാക്കാനും ബോർഡ് രൂപീകരിക്കണം. എന്നാൽ ലയനത്തിന് വിടാതെ രണ്ടായി സ്ഥാപനങ്ങൾ നിലനിർത്താൻ യുഡിഎഫിൽ ആലോചനകൾ നടക്കുന്നതായാണ് വിവരം. രണ്ട് ചെയർമാൻ സ്ഥാനങ്ങളുണ്ടായാൽ വീതംവയ്‌പ്പ് ഏളുപ്പമാകുമെന്നാണ് ചിന്ത. കയർ മെഷീനറി മാനുഫാക്ചറിങ് കമ്പനിയിൽ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാണ്. ശന്പളവും പ്രതിസന്ധിയിലാണ്. പ്രതിസന്ധിയിലായതിനാൽ ചെയർമാനാകാൻ ആരും തയ്യാറാകുന്നുമില്ല. നിലവിലുണ്ടായിരുന്ന എംഡി രാജിവച്ച പശ്ചാത്തലത്തിൽ പകരം ഒരാളെ കണ്ടെത്താൻ കഴിയാത്തത്ര പ്രതിസന്ധിയിലാണ് ഓട്ടോകാസ്‌റ്റ്.








0 comments