print edition കോടതിയെ നോക്കുകുത്തിയാക്കുന്നു

ന്യൂഡൽഹി
: വോട്ടർപട്ടികയുടെ തീവ്രപുനഃപരിശോധനയുമായി ബന്ധപ്പെട്ട് പലതവണയാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനത്തിന് തെരഞ്ഞെടുപ്പ് കമീഷൻ വിധേയമായത്. ബിഹാറിലും ബംഗാളിലും കരടുപട്ടികയിൽ നിന്ന് പുറത്തായവരുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ കമീഷൻ തയ്യാറായില്ല. തുടർന്ന് പേരുവിവരങ്ങൾ ബൂത്ത് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കാൻ കോടതി ഉത്തരവിടുകയും എന്തുകൊണ്ട് പുറത്താക്കിയെന്നുള്ള കാരണം വ്യക്തമാക്കണമെന്ന് കമീഷനോട് ആവശ്യപ്പെടുകയും ചെയ്‌തു.
രേഖകളുടെ കാര്യത്തിലും കമീഷൻ സുപ്രീം കോടതിയിൽ ഒളിച്ചുകളിച്ചു. ദരിദ്രജനങ്ങളുടെ ഏകരേഖയായ ആധാർ സ്വീകരിക്കാൻ മടിച്ചു. നിശ്ചയിച്ച 11 രേഖകൾക്കുപുറമേ 12ാം രേഖയായി ആധാറിനെ അംഗീകരിക്കണമെന്ന് കഴിഞ്ഞവർഷം സെപ്‌തംബറിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച് ഉത്തരവിട്ടിരുന്നു. മൂന്നുതവണ ഇക്കാര്യത്തിൽ ഉത്തരവ് നൽകിയിട്ടും പാലിച്ചില്ല.
12ാം രേഖയെന്ന് കോടതി വിശേഷിപ്പിച്ചില്ലെന്ന സാങ്കേതിക മുട്ടുന്യായമാണ് കമീഷൻ ആയുധമാക്കിയത്. തുടർന്ന് ഇത് പ്രത്യേകം എടുത്തുപറഞ്ഞ് നാലാമത്തെ ഉത്തരവിട്ടു. എന്നിട്ടും ബിഎൽഒമാർ ആധാർ കാർഡ് സ്വീകരിക്കാൻ കൂട്ടാക്കിയില്ല. അന്ന് ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാനാണ് കമീഷൻ ശ്രമിച്ചത്.
കമീഷൻ നടപടികൾ തൃപ്‌തികരമല്ലെന്ന് തിരിച്ചറിഞ്ഞ കോടതി പുറത്താക്കപ്പെട്ടവരുടെ പരാതികൾ കേൾക്കാൻ 19 ട്രൈബ്യൂണൽ രൂപീകരിച്ചു. കമീഷന്റെ അധികാരങ്ങൾ മുൻ ജഡ്‌ജിമാർക്ക് നൽകിയായിരുന്നു ഇത്. കമീഷനിൽ കോടതിയുടെ അവിശ്വാസമാണ് ഇത് വ്യക്തമാക്കിയത്. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്പ് ഫറാക്ക മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി മൊതാബ് ഷെയ്‌ഖിന്റെ പേര് കമീഷൻ വെട്ടിയെങ്കിലും കോടതി ഇടപെട്ട് പുനഃസ്ഥാപിച്ചു.
തെരഞ്ഞെടുപ്പിൽ മൊതാബ് ജയിക്കുകയും ചെയ്‌തു.
തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയുള്ളതിരെയുള്ള ഹർജികളിൽ വാദം കേട്ട ബെഞ്ചിലെ അംഗം ദീപാങ്കർ ദത്ത കമീഷനെ വിമർശിച്ചതാണ് ഏറ്റുവുമൊടുവിലത്തെ സംഭവം. നിയമനവും പ്രവർത്തനവും നിക്ഷ്‌പക്ഷമല്ലെന്നും കേന്ദ്രസർക്കാരിന്റെ പിടിയിലാണ് കമീഷനെന്നായിരുന്നു ദത്തയുടെ പരസ്യമായ വിമർശം.








0 comments